വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്?; കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായേക്കും; അടിമുടി മാറ്റവുമായി കോണ്‍ഗ്രസ്

0
265

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്തതോല്‍വിക്ക് പിന്നാലെ നേതൃമാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. വിഡി സതീശന്‍ എംഎല്‍എ പ്രതിപക്ഷ നേതാവായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ സുധാകരന്‍ എംപിയെ കെപിസിസി പ്രസിഡന്റായും പി.ടി.തോമസ് എംഎല്‍എയെ യുഡിഎഫ് കണ്‍വീനറായും തെരഞ്ഞെടുക്കുമെന്നാണു സൂചന. ഇക്കാര്യത്തില്‍ തീരുമാനം ഇന്നോ നാളയോ ഉണ്ടാകും.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാര്‍ട്ടി എംഎല്‍എമാരുമായി ഹൈക്കമാന്റ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ യുവ എംഎല്‍എമാര്‍ തലമുറമാറ്റം വേണമെന്ന ആവശ്യം മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും വി. വൈത്തിലിംഗത്തിനെയും അറിയിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാകും അന്തിമ തീരുമാനമുണ്ടാകുക.

എ ഗ്രൂപ്പിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും പിന്തുണ ഉറപ്പിച്ചതോടെ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യുവ എംഎല്‍എമാര്‍ വി.ഡി.സതീശനെ പിന്തുണയ്ക്കുകയായിരുന്നു. രമേശ് ചെന്നിത്തല വീണ്ടും തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് യുവ നേതൃത്വം അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തുന്നതോടെ സംഘടനാ തലത്തില്‍ മാറ്റം വരുത്താനുമാണ് ഹൈക്കമാന്റിന്റെ ആലോചന. ഇപ്പോഴത്തെ സാഹചര്യത്തില്‍ കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കാനാണ് തീരുമാനം. എംഎം ഹസന് പകരം പിടി തോമസിനെ യുഡിഎഫ് കണ്‍വീനറാക്കാനുമാണ് ആലോചന

LEAVE A REPLY

Please enter your comment!
Please enter your name here