വര്‍ഗീയ പാര്‍ട്ടിയായ ലീഗിനെ ചുമന്ന് കോണ്‍ഗ്രസ് അധഃപതിച്ചു; വിവരംകെട്ട ഉപദേശികളെ മാറ്റി പിണറായി ഭരിച്ചാല്‍ നന്നാകുമെന്നും കെമാല്‍ പാഷ

0
313

കൊച്ചി:മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും റിട്ടയേര്‍ഡ് ജഡ്ജി കെമാല്‍ പാഷ.

മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്‍ഗ്രസ് അധഃപതിച്ചെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ലീഗ് ഒരു ബാധ്യതയാണെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. കത്വയിലെ പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിച്ച് ലീഗ് അഴിമതി നടത്തിയെന്നും കെമാല്‍ പാഷ ആരോപിച്ചു.

” അഴിമതികള്‍ എന്തുമാത്രമാണ്. മരിച്ചുപോയ ഒരു പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിക്കുകയാണ്. കോടിക്കണക്കിന് രൂപ പിരിച്ചു. അതിനെക്കുറിച്ച് കണക്കുമില്ല ഒന്നുമില്ല, അവിടെ ആര്‍ക്കും കൊടുത്തിട്ടുമില്ല,”പാഷ പറഞ്ഞു. മുസ്‌ലിം ലീഗ് മുസ് ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും പാഷ പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

അതേസമയം, തുടര്‍ഭരണം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും അങ്ങനെ ഒരു ഭരണം കൊണ്ടുവന്നു എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിവെന്നും കെമാല്‍ പാഷ പറഞ്ഞു.

ഭരണത്തുടര്‍ച്ച ഉണ്ടാവില്ലെന്നാണ് താന്‍ വിശ്വസിച്ചിരുന്നതെന്നും കാരണം പ്രതിപക്ഷം ഇതേപോലെ കുത്തഴിഞ്ഞതാണെന്ന ധാരണ തനിക്ക് ഉണ്ടായിരുന്നില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

പിണറായി കുറേ പഠങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും ഉപദേശികള്‍ പിണറായിയെ തെറ്റായ വഴിക്ക് നയിച്ച് ഒരപാട് ചൂടുവെള്ളത്തില്‍ ചാടിച്ചെന്നും അത് തിരിച്ചറിഞ്ഞ് മാറ്റി ‘വിവരംകെട്ട ഉപദേശകളെ’ എടുത്തു കളഞ്ഞ് പിണറായി വിജയന്‍ സ്വന്തമായി ഭരിച്ചാല്‍ നന്നായിരിക്കുമെന്നും പാഷ പറയുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് പിണറായി സ്വന്തമായി എടുത്ത തീരുമാനങ്ങള്‍ എത്രയോ നല്ല തീരുമാനങ്ങള്‍ ആയിരുന്നെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

ഉപദേശങ്ങളോ വിമര്‍ശനങ്ങളോ അല്ല വിശക്കുന്ന ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് പിണറായി വിജയന്‍ വെച്ചു നീട്ടുന്ന ഭക്ഷ്യ കിറ്റാണെന്നും പാഷ പറഞ്ഞു.

പിണറായി വിജയന്‍ ചെയ്ത പരീക്ഷണങ്ങള്‍ മികച്ചതാണെന്നും കെമാല്‍ പാഷ പറഞ്ഞു. ഏറ്റവും വലിയ പ്രതിച്ഛായയുള്ള അഴിമതി ലവലേശമില്ലാത്ത മന്ത്രിയായിരുന്ന സുധാകരനെ മാറ്റിനിര്‍ത്തി വേറെ ആളുകളെ മത്സരിപ്പിക്കാന്‍ പിണറായി തയ്യാറായെന്നും അതാണ് പിണറായിയുടെ പ്രത്യേകതയെന്നും കെമാല്‍ പാഷ പറഞ്ഞു. വളരെ മിടുക്കരായ മന്ത്രിമാരായ തോമസ് ഐസക്കിനെയും രവീന്ദ്ര നാഥിനെയും മാറ്റിനിര്‍ത്തി മറ്റുള്ളവര്‍ക്ക് അവസരം നല്‍കിയെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ കുടുംബാധിപത്യം പ്രശ്‌നമല്ലെന്നും പാഷ പറഞ്ഞു.

യു.ഡി.എഫില്‍ മത്സരിപ്പിച്ചവരെ തന്നെ മത്സരിപ്പിക്കുകയാണെന്നും കുടുംബാധിപത്യമുണ്ടെന്നും പാഷ പരോക്ഷമായി വിമര്‍ശിച്ചു.

എവിടെയെങ്കിലും ഒരാള്‍ മത്സരിക്കാന്‍ ഇടയായല്‍ അത് പിന്നെ അവരുടെ കുടുംബവകയാക്കി മാറ്റുകയാണെന്നും ഇവിടെ അത്തരത്തില്‍ ഒരുപാട് കണ്ടുവെന്നും ആറോ ഏഴോ തവണ മത്സരിപ്പിച്ച പടുകിളവന്മാരെ തന്നെയാണ് വീണ്ടും മത്സരിപ്പിക്കുന്നതെന്നുമാണ് കെമാല്‍ പാഷ പറഞ്ഞത്.

നേരത്തെ, തനിക്ക് സൗകര്യമുള്ള മണ്ഡലം ലഭിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ആലോചിക്കുമെന്ന് കെമാല്‍ പാഷ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here