ലോക്ഡൗണ്‍ നീട്ടേണ്ടിവരുമെന്ന് മുഖ്യമന്ത്രി; അന്തിമ തീരുമാനം രോഗവ്യാപനം പരിശോധിച്ച്

0
238

സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമോ എന്നകാര്യത്തിൽ വരുംദിവസങ്ങളിലെ രോഗവ്യാപന തോതുകൂടി പരിശോധിച്ച് തീരുമാനമെടുക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യം ചർച്ചചെയ്തു. ഇപ്പോഴത്തെ രീതിയിൽ രോഗനിരക്ക് തുടരുകയാണെങ്കിൽ ലോക്ഡൗൺ നീട്ടേണ്ടിവരുമെന്നാണ് മന്ത്രിമാരുടെ പൊതു അഭിപ്രായം. രോഗവ്യാപനം കുറഞ്ഞ ജില്ലകളിൽ ജീവസന്ധാരണത്തിന് ആവശ്യമായ മേഖലകള്‍ തുറക്കുന്നതിന് പ്രാമുഖ്യം നല്‍കുന്ന കാര്യം ആലോചിച്ചേക്കുമെന്ന് കരുതുന്നു.

30 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗണാണ്. നിലവിൽ മിക്കദിവസങ്ങളിലും ഇരുപത്തയ്യായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഒറ്റയടിക്ക് ലോക്ഡൗൺ ഒഴിവാക്കാവുന്ന സ്ഥിതിയില്ലെന്നാണ് പൊതുവിലയിരുത്തൽ.

രോഗം സ്ഥിരീകരിക്കുന്നവരുടെ കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി നിരക്ക് 22.2 ശതമാനമാണ്. എന്നാൽ രോഗികളുടെ എണ്ണം കൂടുതലുള്ള ജില്ലകളിൽ രോഗസ്ഥിരീകരണനിരക്ക് 25 ശതമാനത്തിന് മുകളിലാണ്.

കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിലകൂട്ടി വിറ്റാല്‍ കട അടച്ചുപൂട്ടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ വാങ്ങരുത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ പട്ടികയിലുള്ള കമ്പനികളുടെ ഉല്‍പന്നം വാങ്ങാം. പള്‍സ് ഓക്സിമീറ്റര്‍ കമ്പനികളുടെ പട്ടിക സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here