യു.എൻ രക്ഷാസമിതിയിൽ ഫലസ്​തീന്​ പിന്തുണയുമായി ഇന്ത്യ

0
430

ന്യൂഡൽഹി: 200 ഓളം പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേൽ നരനായാട്ട് തുടരുന്നതിനിടെ ഫലസ്​തീന്​ പിന്തുണയുമായി ഇന്ത്യ ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയിൽ. ദിവസങ്ങൾക്ക്​ മുമ്പ്​ ആരംഭിച്ച സംഭവവികാസങ്ങൾ നിയന്ത്രണാതീതമായി മാറിയതായും കൂടുതൽ വഷളാകുംമുമ്പ്​ ഇരു വിഭാഗവും സംഘർഷം അവസാനിപ്പിക്കണമെന്നും യു.എന്നിലെ ഇന്ത്യൻ അംബാസഡർ ടി.എസ്​. തിരുമൂർത്തി ആവശ്യപ്പെട്ടു.

”ഇരു വിഭാഗങ്ങളും ആത്​മ നിയന്ത്രണം പാലിച്ച്​ ആക്രമണത്തിൽനിന്ന്​ വിട്ടുനിൽക്കണം. ജറൂസലമിലും പരിസരങ്ങളിലും തത്​സ്​ഥിതി തുടരണം. ദ്വിരാഷ്​ട്ര പരിഹാരത്തിന്​ ഇന്ത്യ പ്രതിബദ്ധമാണ്​”- അദ്ദേഹം പറഞ്ഞു.

രാജ്യാന്തര സമൂഹം പ്രശ്​ന പരിഹാരത്തിന്​ നടത്തുന്ന ശ്രമങ്ങൾക്ക്​ ഇന്ത്യ പിന്തുണ അറിയിച്ചു. ‘പുതിയ സംഘർഷം ഇസ്രായേലിനും ഫലസ്​തീനുമിടയിൽ അടിയന്തരമായി ചർച്ച പുനരാരംഭിക്കണമെന്ന ആവശ്യം അടിവരയിടുന്നു. നേരിട്ട്​, അർഥപൂർണമായ ചർച്ചയില്ലാത്തത്​ പരസ്​പര വിശ്വാസം നഷ്​ടപ്പെടുത്തുകയാണ്​. ഭാവിയിലും സംഘട്ടനങ്ങ​ൾക്കേ ഇത്​ വഴിവെക്കൂ”- തിരുമൂർത്തി പറഞ്ഞു.

അടുത്തിടെ നടന്ന രണ്ട്​ സുരക്ഷ കൗൺസിൽ യോഗങ്ങളിലും ജറൂസലം അതിക്രമങ്ങളെ കുറിച്ചും ശൈഖ്​ ജർറാഹ്​ കുടിയൊഴിപ്പിക്കലിലും​ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു.

ഗസ്സയിൽനിന്ന്​ റോക്കറ്റാക്രമണവും ഇസ്രായേലി ആക്രമണവും അവസാനിപ്പിക്കണമെന്നും ഇവ കടുത്ത ദുരിതമാണ്​ വിതക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗസ്സയിൽ ഒരാഴ്ചയായി തുടരുന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ 200ഓളം പേരാണ് കൊല്ലപ്പെട്ടത്. 58 കുട്ടികളും 34 സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേൽ പൈശാചികതക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here