മീൻ ലോറിയിൽ കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശികളടക്കം നാലുപേർ മംഗളൂരുവിൽ അറസ്റ്റിൽ

0
351

മംഗളൂരു : മീൻ ലോറിയിൽ കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവുമായി നാലുപേർ മംഗളൂരുവിൽ അറസ്റ്റിൽ. കാസർകോട് ഉപ്പള സ്വദേശികളായ മുഹമ്മദ് ഫാറൂഖ് (24),  മൊയ്തീൻ നവാസ് (34), മംഗളൂരു മുഡിപ്പുവിലെ മുഹമ്മദ് അൻസാർ (23), കുടക് കുശാൽനഗറിലെ സയ്യിദ് മുഹമ്മദ് (31) എന്നിവരാണ് അറസ്റ്റിലായത്.

കാസർകോട്, മംഗളൂരു, കുടക്, ഹാസൻ ജില്ലകളിൽ വിതരണത്തിനായി എത്തിച്ചതായിരുന്നു കഞ്ചാവ്. നാല് വാളുകൾ, ഒരു കാർ, കഞ്ചാവ്‌ കടത്തിയ ലോറി, മൊബൈൽ ഫോണുകൾ എന്നിവ അറസ്റ്റിലായവർ സഞ്ചരിച്ച വാഹനങ്ങളിൽനിന്ന് പിടിച്ചെടുത്തു. മൂടബിദ്രി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന തട്ടിക്കൊണ്ടുപോകൽ കേസിന്റെ അന്വേഷണത്തിനിടെയാണ് കഞ്ചാവ് കടത്തിനെക്കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചത്. വിശാഖപട്ടണത്തിനടുത്ത തോണി എന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ഉള്ളാൾ കെ.സി. റോഡിൽ നിന്നാണ് കഞ്ചാവ്‌ കടത്തുന്ന ലോറി പോലീസ് പിടിച്ചത്.

അറസ്റ്റിലായവരിൽ ഒരാൾ ലോറിയിലും മൂന്നുപേർ അകമ്പടിയായി വന്ന കാറിലുമാണുണ്ടായിരുന്നത്. ആന്ധ്രപ്രദേശിൽനിന്ന് മീൻ കൊണ്ടുവരികയായിരുന്ന ലോറിയിൽ കഞ്ചാവും കടത്തുകയായിരുന്നു. ആന്ധ്രയിൽനിന്ന് വരുന്ന വഴിയിൽ ഇവർ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് വിതരണം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവർക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് കമ്മിഷണർ എൻ.ശശികുമാർ, ഡി.സി.പി. ഹരിറാം ശങ്കർ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here