പ്രകോപനം തുടര്‍ന്ന് ഇസ്രാഈല്‍; മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ട് കൈയ്യേറി ഫലസ്തീനികളെ മര്‍ദ്ദിച്ചു

0
420

ജറുസലേം: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും പ്രകോപനം തുടര്‍ന്ന് ഇസ്രാഈല്‍. അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറിയ ഇസ്രാഈല്‍ പൊലീസ് ആരാധനക്കെത്തിയ ഫലസ്തീനികളെ മര്‍ദ്ദിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മൂന്നാം ദിനമാണ് ഇസ്രാഈലിന്റെ പ്രകോപനം.

ഇസ്രാഈല്‍ പൊലീസ് ജൂത സന്ദര്‍ശകരെ മസ്ജിദുല്‍ അഖ്‌സ പരിസരത്തേക്ക് പ്രവേശിപ്പിച്ചതോടെ ജറുസലേം വീണ്ടും സംഘര്‍ഷ ഭീതിയിലായി. ജൂത മതപരമായ വസ്ത്രം ധരിച്ച ഏതാനും ഇസ്രാഈലുകള്‍ മസ്ജിദുല്‍ അഖ്‌സക്ക് കാവല്‍ നില്‍ക്കുന്നതായി തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

ഇസ്രാഈലുകാര്‍ പള്ളിയില്‍ അതിക്രമിച്ചു കയറി പുലര്‍ച്ചെ പ്രാര്‍ത്ഥന നടത്തിയിരുന്ന ഫലസ്തീനികളെ അക്രമിച്ചതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി WAFA റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രകോപനപരമായ ചില നീക്കങ്ങള്‍ക്കപ്പുറം അസാധാരണ സംഭവങ്ങളൊന്നും അഖ്‌സയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, 11 ദിവസമായി ഫലസ്തീനെതിരെ നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രാഈല്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായും വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്നുമാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു. ഇസ്രാഈലിന് പിന്നാലെ ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിച്ചിരുന്നു.

പതിനൊന്ന് ദിവസം നീണ്ട ഇസ്രാഈല്‍ ആക്രമണത്തില്‍ 232 ഫലസ്തീനികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 65 കുട്ടികളും 39 സ്ത്രീകളും ഉള്‍പ്പെടുന്നു.

1900 പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. ഹമാസ് നടത്തിയ പ്രത്യാക്രമണങ്ങളില്‍ രണ്ട് കുട്ടികളും ഒരു മലയാളിയും ഉള്‍പ്പെടെ 12 പേര്‍ ഇസ്രാഈലിലും കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കുകളുമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here