പി.ആര്‍.ഡി കൈരളിയോട് മാത്രം വിവേചനം കാണിച്ചോ; കെ.കെ രമയുടെ സത്യപ്രതിജ്ഞക്കിടെയുണ്ടായ ‘സാങ്കേതിക തകരാറിനെ’ പരിഹസിച്ച് സോഷ്യല്‍ മീഡിയ

0
279

തിരുവനന്തപുരം: വടകര എം.എല്‍.എ കെ.കെ രമയുടെ സത്യപ്രതിജ്ഞക്കിടെ കൈരളി ചാനലിലെ സംപ്രേഷണം തടസ്സപ്പെട്ടത് ചര്‍ച്ചയാവുന്നു. സോഷ്യല്‍ മീഡിയയിലാണ് ഇതുസംബന്ധിച്ച് പരിഹാസ രൂപത്തിൽ നിരവധി പോസ്റ്റുകള്‍ ചാനലിനെതിരെ വരുന്നത്. പി.ആര്‍.ഡി വഴി ചാനലുകള്‍ക്ക് ലഭിച്ച ദൃശ്യങ്ങള്‍ കൈരളിക്ക് മാത്രം എങ്ങനെ തടസ്സപ്പെട്ടു എന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ചോദിക്കുന്നത്.

കെ.കെ രമ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പി.ആര്‍.ഡി നല്‍കിയ ദൃശ്യം തടസ്സമായതാണെന്ന് അവതാരകന്‍ പറയുന്നുണ്ട്. എന്നാല്‍ മറ്റു ചാനലുകളിലൊന്നും ഈ സമയത്ത് സാങ്കേതിക പ്രശ്നമുണ്ടായിരുന്നില്ല.

‘കൈരളിക്ക് മാത്രം ദൃശ്യങ്ങള്‍ കൊടുക്കാണ്ട് പറ്റിച്ച പി.ആര്‍.ഡി നടപടികളില്‍ പ്രതിഷേധം. പി.ആര്‍.ഡി കൈരളിയോട് മാത്രം വിവേചനം കാണിച്ചു. കെ.കെ. രമക്ക് വേണ്ടി പാവം തോട്ടത്തില്‍ രവീന്ദ്രനെയും ബലിയാടാക്കി. ഭരിക്കുന്ന പാര്‍ട്ടിയുടെ ചാനലാണെന്ന പരിഗണന പോലും പി.ആര്‍.ഡി തന്നില്ല,’ എന്നിങ്ങനെയാണ് കൈരളിക്കെതിരെ ആക്ഷേപ ഹാസ്യമായി പോസ്റ്റുകള്‍ വന്നത്.

കൈരളി ടി.വിയോടുള്ള വിവേചനപരമായ പി.ആര്‍.ഡി നടപടിയില്‍ പ്രതിഷേധിച്ച് പി.ആര്‍.ഡിയ്ക്ക് പരാതി നല്‍കുന്നു എന്ന തരത്തിലുള്ള പോസ്റ്റുകള്‍ വന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ ചിരിപടര്‍ത്തി.

രമേശ് ചെന്നിത്തലക്ക് ശേഷം തോട്ടത്തില്‍ രവീന്ദ്രന്‍ അതിന് ശേഷം കെ.കെ രമ എന്ന ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. എന്നാല്‍ രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്ത ശേഷം കൈരളി ചാനലില്‍ ദൃശ്യങ്ങള്‍ തടസ്സപ്പെടുകയായിരുന്നു.

അതേസമയം, 15ാം നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത കെ.കെ രമ നിയമസഭയില്‍ എത്തിയത് ടി. പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചായിരുന്നു. സഗൗരവമാണ് കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തത്.

നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്നും ഏറ്റവും ശക്തമായ ക്രിയാത്മകമായ പ്രതിപക്ഷമായി നിലകൊള്ളുമെന്നും കെ. കെ രമ സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പറഞ്ഞിരുന്നു.

‘തെരുവില്‍ വീണ ചോരയുടെയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെയും അഭിമാന നിമിഷമാണിത്. വളരെ സന്തോഷമുണ്ട്. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം. അതോടൊപ്പം ചില വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കും. ഏറ്റവും ശക്തമായ ക്രിയാത്മകമായ പ്രതിപക്ഷമായി നിലകൊള്ളും. യു.ഡി.എഫ് എന്ന വലിയ മുന്നണിയുടെ പിന്തുണയിലാണ് മത്സരിച്ച് ജയിച്ചിരിക്കുന്നത്,’ രമ പറഞ്ഞു.

ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥിയായിരുന്ന കെ. കെ രമ യു.ഡി.എഫിന്റെ പിന്തുണയോടെയാണ് നിയമസഭയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here