നിയമസഭയിൽ പിണറായിയെ നിശബ്ദനാക്കാൻ പോന്ന ഒരാളുണ്ട് ഇക്കുറി, സൂക്ഷിച്ച് മറുപടി പറഞ്ഞില്ലെങ്കിൽ ഭരണപക്ഷത്തിനൊന്നാകെ തിരിച്ചടിയായേക്കും

0
777

തിരുവനന്തപുരം : തുടർഭരണം ഉറപ്പാക്കാൻ ശ്രമിക്കുമ്പോഴും നിയമസഭയിൽ സർക്കാരിനെതിരെ സ്ഥിരം വാളോങ്ങിയിരുന്ന പ്രതിപക്ഷത്തെ പോരാളികളെ ഏതുവിധേനയും തോൽപ്പിക്കുവാൻ പിണറായിയുടെ ക്യാമ്പ് ശ്രമിച്ചിരുന്നു. കെ എം ഷാജി, വി ടി ബൽറാം, ശബരീനാഥ്, അനിൽ അക്കരെ തുടങ്ങിയ പ്രതിപക്ഷനിരയിലെ യുവതുർക്കികളെ പരാജയത്തിന്റെ കയ്പ് കുടിപ്പിക്കുവാൻ ശക്തരായ സ്ഥാനാർത്ഥികളെയാണ് ഇടത്പക്ഷം ഇക്കുറി അണിനിരത്തിയത്. ഇതിൽ അവർ വിജയിക്കുകയും ചെയ്തു. എന്നാൽ പ്രതിപക്ഷ നിരയിൽ ഇടതുപക്ഷം നെഞ്ചിടിപ്പോടെ നോക്കിക്കാണേണ്ടത് ഏറെനാൾ സി പി എമ്മിന്റെ ചെങ്കൊടി കൈയ്യിലേന്തിയ കെ കെ രമയെയാണ്. ഇടത് പ്രവർത്തകരുടെ പ്രിയപ്പെട്ട ടി പിയുടെ ഭാര്യ. ടി പിയുടെ വധത്തിന് ശേഷം വി എസ് അച്യുതാന്ദൻ രമയെ സന്ദർശിക്കാൻ എത്തിയത് ഏറെ രാഷ്ട്രീയ പ്രാധാന്യം നേടിയിരുന്നു.

ടി.പി ചന്ദ്രശേഖരന്റെ ചോരക്കുള്ള പകരം ചോദിക്കൽ കൂടിയാണ് കെ. കെ. രമയ്ക്ക് വടകരയിലെ വിജയം. വടകരയിലെ ജയം ചന്ദ്രശേഖരന്റെ കൊലപാതകികൾക്കുള്ള പകരം വീട്ടലായിരിക്കുമെന്നു പറഞ്ഞാണ് പ്രചാരണ യോഗങ്ങളിൽ രമ പ്രസംഗം അവസാനിപ്പിച്ചിരുന്നത്. എസ്.എഫ്.ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിവരെ എത്തിയ രമ, ചന്ദ്രശേഖരനുമായുള്ള വിവാഹശേഷമാണ് രാഷ്ട്രീയത്തിൽ നിന്നുമാറിയത്. ചന്ദ്രശേഖരൻ 2012 മേയ് നാലിന് കൊല്ലപ്പെട്ടതോടെയാണ് ആർ.എം.പി രൂപീകരിച്ച് പൊതുരംഗത്ത് വീണ്ടും എത്തിയത്.

ടി പിയുടെ വധത്തിന് ശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം സൈബർ പോരാളികൾ രമയെ അവഹേളിച്ചിരുന്നു . എന്നാൽ കേരളത്തിന്റെ മനസാക്ഷി എപ്പോഴും രമയ്‌ക്കൊപ്പമായിരുന്നു. നിയമസഭയിൽ സർക്കാരിനെതിരെ രമയുടെ ചോദ്യശരങ്ങളെ എങ്ങനെ പിണറായി നേരിടും എന്നതാണ് ഇനി കാണേണ്ടത്. സ്വന്തം നിരയിലെ യുവനിരയെ ഉപയോഗിച്ച് രമയുടെ വാക്കുകളെ നിശബ്ദമാക്കാൻ ശ്രമിച്ചാലും പുറത്ത് കനത്തവില നൽകേണ്ടിവരും. മാദ്ധ്യമങ്ങളും രമയുടെ വാക്കുകൾക്ക് പ്രാധാന്യം നൽകും. സംസ്ഥാനത്ത് ഇനിയും തുടർന്നേക്കാവുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഇനി നിയമസഭയിൽ ചോദിക്കുവാൻ ആളുണ്ടാവും എന്നത് ഉറപ്പാണ്. തന്നിലൂടെ ടിപിയുടെ ശബ്ദം നിയമസഭയിൽ ഉയരുമെന്നാണ് ജയിച്ചശേഷം അവർ ആദ്യമായി പ്രതികരിച്ചത്. രമ ഇല്ലെങ്കിൽ സീറ്റ് തിരിച്ചെടുക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെയാണ് മത്സരിക്കാൻ തയ്യാറായത്.ജനതാദൾ പോലുള്ള സോഷ്യലിസ്റ്റ് പാർട്ടിക്കാരനല്ലാത്ത ഒരാൾ വടകര നിയമസഭാ മണ്ഡലത്തിൽ ജയിക്കുന്നത് ഇതു രണ്ടാം തവണയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here