കോവിഡ് വായുവിലൂടെ പകരും; മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റംവരുത്തി കേന്ദ്രം

0
483

ന്യൂഡൽഹി:കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ബുധനാഴ്ച പുറത്തിറക്കിയ കോവിഡ് 19 ചികിത്സാ മാർഗനിർദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് പരാമർശമുളളത്. വൈറസ് പ്രധാനമായും വായുവിലൂടെയും രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെയും പകരുമെന്നാണ് ഇതിൽ പറയുന്നത്.

അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ വൈറസ് പകരൂവെന്ന മുൻധാരണകളെ തിരുത്തുന്ന റിപ്പോർട്ടാണ് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പുതിയ അവലോകനത്തിലൂടെ ലഭിച്ചിരിക്കുന്നത്.

കോവിഡ് രോഗിയിൽ നിന്നുളള ദ്രവകണങ്ങൾ പ്രതലങ്ങളിൽ പതിച്ചേക്കാം. വൈറസ് എത്രസമയം പ്രതലത്തിലുണ്ടാകുമെന്നത് പ്രതലത്തിന്റെ ഉപരിതലം അനുസരിച്ച് വ്യത്യാസപ്പെടാം. ഈ പ്രതലങ്ങളിൽ സ്പർശിച്ച കൈകൾ ഉപയോഗിച്ച് മൂക്കിലോ, വായിലോ, കണ്ണുകളിലോ സ്പർശിക്കുന്നതിലൂടെ വൈറസ് പകരുമെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നാഷണൽ ക്ലിനിക്കൽ മാനേജ്മെന്റ് പ്രോട്ടോക്കോളിൽ പറഞ്ഞിരുന്നത്.

കേന്ദ്രസർക്കാരിന്റെ മുഖ്യഉപദേശകന്റെ ഓഫീസ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ എയ്റോസോളുകൾക്ക് വായുവിലൂടെ 10 മീറ്റർ ദൂരം വരെ സഞ്ചരിക്കാനാകുമെന്ന് വ്യക്തമാക്കിയിരുന്നു. അതിനാൽ വായുസഞ്ചാരം ഉറപ്പാക്കുന്നത് പ്രധാനമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.

ഡ്രോപ്പ്ലെറ്റുകളുടേയോ, എയ്റോസോളുകളുടേയോ രൂപത്തിലുളള ഉമിനീർ, മൂക്കിൽനിന്ന് പുറത്തുദ്രവം എന്നിവ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് എത്തിക്കുന്നു. വലിയ ഡ്രോപ്പ്ലെറ്റുകൾ പ്രതലത്തിൽ പതിക്കുന്നു. എയ്റോസോളുകൾ വായുവിലൂടെ വലിയ ദൂരം സഞ്ചരിക്കുന്നു. അടച്ചിട്ട വായുസഞ്ചാരമില്ലാത്ത ഇടങ്ങളിൽ അതിനാൽ ആളുകൾ രോഗവാധിതരാകാനുളള സാധ്യത ഉയർന്നതാണെന്നായിരുന്നു അഡൈ്വസറി റിപ്പോർട്ട്.

രോഗിയിൽ നിന്ന് രണ്ടുമീറ്റർ അകലത്തിൽ വരെ ഡ്രോപ്പുലെറ്റുകൾ പതിച്ചേക്കാം, എയ്റോസോളുകൾ പത്തുമീറ്റർ വരെ വായുവിലൂടെ സഞ്ചരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here