കടലേറ്റ ഭീഷണിയൊഴിയാതെ ഉപ്പള മൂസോടി

0
449

മഞ്ചേശ്വരം: ഉപ്പള മൂസോടിയിൽ കടലേറ്റം തുടരുന്നു. മലബാർ നഗറിലാണ് കടലേറ്റത്തിൽ ഏറെ നാശമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് വീടുകളാണ് കടലേറ്റത്തിൽ തകർന്നത്. മലബാർ നഗറിലെ മറിയുമ്മ, മൂസ ഇബ്രാഹിം, ആസിയുമ്മ എന്നിവരുടെ വീടുകളാണ് കടലെടുത്തത്.

വീടുകൾ അപകടാവസ്ഥയിലായതിനാൽ ഒരുമാസംമുൻപ് ഇവർ കുടുംബസമേതം വാടകവീടുകളിലേക്ക് താമസം മാറിയിരുന്നു. വീടുകൾക്കൊപ്പം സ്ഥലവും കടലെടുത്തതോടെ ഈ കുടുംബങ്ങൾ പെരുവഴിയിലായിരിക്കുകയാണ്. നിരവധി കുടുംബങ്ങളാണ് ഇവിടെ കടലേറ്റഭീഷണി നേരിടുന്നത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഒരു ആരാധനാലയമുൾപ്പെടെ ഇരുപതോളം വീടുകളാണ് കടലെടുത്തത്. സാധാരണ കാലവർഷം കനക്കുമ്പോഴാണ് ഇവിടെ കടലേറ്റം ശക്തമാകാറുള്ളത്. എന്നാൽ രണ്ടുവർഷമായി കാലം തെറ്റിയുള്ള കടലേറ്റത്തിൽ വലയുകയാണ് ഇവിടെ നാട്ടുകാർ. മഞ്ചേശ്വരം തുറമുഖ നിർമാണത്തോടെയാണ് ഇത്തരത്തിൽ കടൽക്ഷോഭം തുടർക്കഥയാകുന്നതെന്നാണ് അവർ പറയുന്നത്.

കടലേറ്റത്തിൽ വീടും സ്ഥലവും നഷ്ടപ്പെടുമ്പോഴും ഇത് തടയാനാവശ്യമായ നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. മലബാർ നഗർ ഉപ്പള മണിമുണ്ട, ഹനുമാൻ നഗർ, ശാരദനഗർ എന്നീ പ്രദേശങ്ങളിലെല്ലാം കുടുംബങ്ങൾ കടലേറ്റ ഭീതിയിലാണ്.

മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം മുതൽ കുമ്പള കോയിപ്പാടി വരെ കടൽഭിത്തി നിർമിച്ചാൽ മാത്രമേ കടലേറ്റം തടയാൻ കഴിയൂവെന്നാണ് തീരദേശവാസികൾ പറയുന്നത്. ഇതുസംബന്ധിച്ച് നാട്ടുകാർ അധികൃതർക്കുമുന്നിൽ പലതവണ പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന്‌ ഇവർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here