തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള കര്‍ശന നിയന്ത്രണം നാളെയും തുടരും. അനാവശ്യമായി പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടംകൂടാനോ പാടില്ല. യാതൊരുവിധമായ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ലെന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേരത്തെയെടുത്ത തീരുമാനമാണ്. ജയിക്കുന്നവര്‍ ആഹ്ലാദ പ്രകടനം ഒഴിവാക്കണമെന്നാണ് എല്ലാ കക്ഷികളും ഏകകണ്ഠമായി അഭിപ്രായപ്പെട്ടതും തീരുമാനിച്ചതുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്താകെയും വോട്ടെണ്ണൽ കേന്ദ്രത്തിലും സുരക്ഷ ഉറപ്പാക്കാൻ പൊലീസ് നടപടി സ്വീകരിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആളുകള്‍ തടിച്ചുകൂടരുത്. നിശ്ചിത ആളുകളല്ലാതെ മറ്റാരെയും അവിടെ അനുവദിക്കില്ല. വോട്ടെണ്ണൽ കേന്ദ്രത്തിൽ ചുമതലപ്പെട്ടവരല്ലാതെ ആരും പോകരുത്.