മഞ്ചേശ്വരത്ത് എല്ലാ പഞ്ചായത്തുകളിലും വോട്ടുകൾ വർധിപ്പിച്ച് കെ.സുരേന്ദ്രൻ; വോട്ട് ചോർച്ച തിരിച്ചടിയായി യുഡിഎഫ്

0
546

മഞ്ചേശ്വരം ∙‌ ‌‌മഞ്ചേശ്വരത്ത് ആശ്വാസജയം നേടിയെങ്കിലും ശക്തികേന്ദ്രങ്ങളായ മഞ്ചേശ്വരം, മംഗൽപാടി പഞ്ചായത്തുകളിലെ വോട്ട് ചോർച്ചയാണു യുഡിഎഫിന് തിരിച്ചടിയായത്. യുഡിഎഫ് സ്ഥാനാർഥി എ.കെ.എം.അഷ്റഫിന്റെ സ്വന്തം പഞ്ചായത്തായ മഞ്ചേശ്വരത്ത് മാത്രം ഭൂരിപക്ഷത്തിൽ 1086 വോട്ടുകൾ കുറ‍ഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ എം.സി.കമറുദ്ദീന് 3903 വോട്ടുകൾ അധികം ലഭിച്ച പഞ്ചായത്തിൽ അഷ്റഫിന് 2817 വോട്ടുകളുടെ ലീഡ് മാത്രമാണ് ലഭിച്ചത്.

kasargod-mangeswaram-votes

യുഡിഎഫ് കുറഞ്ഞത് മൂവായിരം വോട്ടുകളുടെ ലീഡെങ്കിലും ഇവിടെ ലഭിക്കുമെന്നാണ് കണക്ക് കൂട്ടിയിരുന്നത്. ആറായിരത്തിലേറെ വോട്ടുകളുടെ ലീഡ് പ്രതീക്ഷിച്ച മംഗൽപാടിയും അതിനൊത്തു സഹായിച്ചില്ല. 5801 വോട്ടുകളുടെ ലീഡാണ് ഇവിടെ നിന്നു യുഡിഎഫിനു ലഭിച്ചത്. 2020 ലെ ഉപതിരഞ്ഞെടുപ്പിൽ 6577 വോട്ടുകളുടെ ലീഡ് ലഭിച്ച സ്ഥാനത്താണിത്. ഭൂരിപക്ഷത്തിൽ 776 വോട്ടുകൾ കുറഞ്ഞു. വൊർക്കാടി പഞ്ചായത്തിലും യുഡിഎഫ് വോട്ടുകൾ ഗണ്യമായി കുറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ 6090 വോട്ടുകൾ ലഭിച്ചിടത്ത് എ.കെ.എം. അഷ്റഫിന് ലഭിച്ചത് 5366 വോട്ടുകൾ.

അതേസമയം ഈ മൂന്നിടത്തും എൽഡിഎഫ് വോട്ടുകളും വർധിച്ചു. ഈ 3 പഞ്ചായത്തുകളിൽ നിന്നായി 2919 വോട്ടുകൾ വി.വി.രമേശൻ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ അധികം നേടുകയും ചെയ്തു. യുഡിഎഫിന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ച് ചോർന്ന വോട്ടുകൾ എൽഡിഎഫിലേക്കാണ് പോയതെന്ന് വ്യക്തം. ഈ വോട്ടുകൾ കൂടി നേടാൻ കഴിഞ്ഞിരുന്നെങ്കിൽ യുഡിഎഫ് പ്രതീക്ഷിച്ചതു പോലെയുള്ള അനായാസ വിജയം മണ്ഡലത്തിൽ നേടാൻ കഴിയുമായിരുന്നു.

അതേസമയം ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വോട്ടുകൾ വർധിപ്പിച്ചു. മഞ്ചേശ്വരം(1027), എൺമകജെ(1106) പഞ്ചായത്തുകളിലാണ് ഉപതിരഞ്ഞെടുപ്പിനേക്കാൾ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയത്. എൺമകജെ പഞ്ചായത്തിൽ എൽഡിഎഫ് വോട്ടുകളാണ് ചോർന്നത്. യുഡിഎഫ് ഇവിടെ ഉപതിരഞ്ഞെടുപ്പിനേക്കാൾ 78 വോട്ടുകൾ അധികം നേടിയിരുന്നു. പുത്തിഗെ, പൈവളികെ പഞ്ചായത്തുകളിലും  എൽഡിഎഫ് വോട്ടുകൾ ചോർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here