പിറന്നാളിന് പിറ്റേന്ന് കോവിഡ്; ഇരട്ടകൾ മരിച്ചത്‌ മണിക്കൂറുകളുടെ ഇടവേളയിൽ

0
381

മീററ്റ്∙ മീററ്റിന് നൊമ്പരമായി മലയാളി ഇരട്ടസഹോദരന്മാരുടെ മണിക്കൂറുകളുടെ ഇടവേളയിലുള്ള വേര്‍പാട്. മലയാളി എന്‍ജിനീയര്‍മാരായ ഇരട്ടസഹോദരങ്ങളായ ജോഫ്രഡ് വർഗീസ് ഗ്രിഗറിയും റാൽഫ്രഡ് ജോർജ് ഗ്രിഗറിയുമാണ് മീററ്റില്‍ കോവിഡിനോടു പൊരുതി 24ാം വയസില്‍ ജീവന്‍ വെടിഞ്ഞവര്‍. കംപ്യൂട്ടർ എൻജിനീയറിങ് ബിരുദദാരികളായ ഇരുവരും ഹൈദരാബാദിലെ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. മീററ്റിലെ കന്റോൺമെന്റ് മേഖലയിലാണ് കുടുംബം താമസിച്ചിരുന്നത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗ്രാമല ബ്രഹ്മകുളം വീട്ടില്‍ ഗ്രിഗറി റാഫേല്‍-സോജ ദമ്പതികളുടെ മക്കളാണിവര്‍. മാതാപിതാക്കള്‍ കോളജ് അധ്യാപകരായിരുന്നതില്‍ ഇരുവരും വളര്‍ന്നതും പഠിച്ചതും മീററ്റിലാണ്.

ഒരേ ദിവസം ഒരുമിച്ചാണ് ഇരുവർക്കും കോവിഡ് പിടിപെട്ടത്. 1997 ഏപ്രിൽ 23ന് ജനിച്ചവർക്ക് ഇക്കഴിഞ്ഞ ഏപ്രിൽ 24നാണ് കോവിഡ് ബാധിച്ചത്. ആദ്യം സ്വന്തം വീട്ടിൽത്തന്നെ കഴിഞ്ഞ് ചികിത്സ തുടർന്നെങ്കിലും ഓക്സിജൻ അളവ് 90ൽ താഴെ ആയപ്പോൾ വീട്ടുകാർ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ മേയ് 13ന് വൈകിട്ടും 14ന് പുലർച്ചെയുമായി മണിക്കൂറുകളുടെ ഇടവേളയിൽ രണ്ടുപേരെയും കുടുംബത്തിനു നഷ്ടമായി.

ചെറുപ്പം മുതലേ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മറ്റേയാൾക്കും അതു സംഭവിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഒരാൾക്ക് കോവിഡ് ഭേദമായി വീട്ടിലെത്താനായില്ലെങ്കിൽ മറ്റേയാൾക്കും എത്താനാകില്ലെന്ന് അറിയാമായിരുന്നതായി പിതാവ് ഗ്രിഗറി റെയ്മൊണ്ട് റാഫേൽ പറഞ്ഞു. ജോഫ്രെഡ് മരിച്ചെന്ന വാർത്ത അറിഞ്ഞപ്പോൾ റാൽഫ്രഡ് തന്നെയായി വീട്ടിലേക്കു തിരിച്ചെത്തില്ലെന്ന് താൻ ഭാര്യയോടു പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. മണിക്കൂറുകൾക്കുള്ളിൽ ഇരുവരും പോയി – കരഞ്ഞു തളർന്ന ശബ്ദത്തിൽ പിതാവ് കൂട്ടിച്ചേർത്തു.

മേയ് ഒന്നിനാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. ആദ്യ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങൾക്കുശേഷം നടത്തിയ രണ്ടാം ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവായി. കോവിഡ് വാർഡിൽനിന്ന് ഇരുവരെയും സാധാരണ ഐസിയുവിലേക്കു മാറ്റാനും ഡോക്ടർമാർ തയാറായിരുന്നു. എന്നാൽ രണ്ടു ദിവസത്തേക്ക് അവരുടെ ആരോഗ്യനില പരിശോധിച്ചശേഷം മാറ്റിയാൽ മതിയെന്ന് പിതാവ് ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, മേയ് 13ന് വൈകിട്ട് ആ ദുരന്ത വാർത്ത അമ്മയുടെ മൊബൈലിലേക്ക് ആശുപത്രിയിൽനിന്നുള്ള ഫോൺകോളായി എത്തുകയായിരുന്നു.

റാൽഫ്രഡ് അവസാനം ആശുപത്രിക്കിടക്കയിൽനിന്ന് അമ്മയെ വിളിച്ചിരുന്നു. തന്റെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും ജോഫ്രഡിന്റെ ആരോഗ്യനില എങ്ങനെയുണ്ടെന്നുമാണ് അന്വേഷിച്ചത്. അപ്പോഴേക്കും ജോഫ്രഡ് ഈ ലോകത്തുനിന്നു പോയിരുന്നു. എന്നാൽ റാൽഫ്രഡിനെ ഇക്കാര്യം അറിയിച്ചില്ല. ഡൽഹിയിലെ മറ്റൊരു ആശുപത്രിയിലേക്കു സഹോദരനെ മാറ്റിയെന്നുമാത്രമാണ് പറഞ്ഞത്. എന്നാൽ റാൽഫ്രഡ് ഉടനടി പറഞ്ഞു – അമ്മ കള്ളം പറയുകയാണ് എന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here