‘ദീദിയെ പേടി’; എം.എൽ.എമാരോട് എംപി സ്ഥാനം രാജിവെക്കരുതെന്ന് ബിജെപി, ഉപതെരെഞ്ഞെടുപ്പ് തിരിച്ചടി ഉറപ്പെന്ന് വിലയിരുത്തൽ

0
680

കൊൽക്കത്ത: പശ്ചിമബം​ഗാളിലെ നിയമസഭാ തെരെഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ എം.എൽ.എമാരോട് എംപി സ്ഥാനം രാജിവെക്കരുതെന്ന് ബിജെപി നിർദേശിച്ചു. എംപി സ്ഥാനം വഹിക്കുന്ന രണ്ട് ബിജെപി സ്ഥാനാർഥികളാണ് ഇത്തവണ ബം​ഗാളിൽ വിജയിച്ചത്. കൂച്ച് ബിഹാർ എംപിയായ നിസിത് പ്രമാണികും റാണാഘട്ട് എംപിയായ ജഗന്നത് സർക്കാരുമാണ് ബിജെപി നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടത്. ദിൻഹതയിൽ മണ്ഡലത്തിൽ നിന്ന് നിസിത് പ്രമാണിക് വിജയിച്ചപ്പോൾ ശന്തിപുരിൽ നിന്നായിരുന്നു ജ​ഗന്നതിന്റെ വിജയം.

സർക്കാർ രൂപീകരിക്കാനുള്ള അംഗബലം ഫോട്ടോഫിനിഷിലേക്ക് എത്തിക്കാനായിരുന്നു ബിജെപി ജന പിന്തുണയുള്ള ഇരുവരെയും കളത്തിലിറക്കിയത്. എന്നാൽ പ്രതീക്ഷിച്ച പോലെയല്ല സംഭവിച്ചത്. ബിജെപിയെ തറപറ്റിച്ച മമത ബാനർജി അധികാരം നിലനിർത്തി. തെരഞ്ഞെടുപ്പിന് പിന്നാലെ മമതയുടെ ജനപിന്തുണയിൽ വലിയ വർദ്ധനവുണ്ടായതായി ബിജെപി വിലയിരുത്തിയിട്ടുണ്ട്. ഇതോടെയാണ് എംപി സ്ഥാനം രാജിവെക്കുന്നത് പന്തിയല്ലെന്ന് പാർട്ടിയിൽ അഭിപ്രായമുയർന്നിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി ഉറപ്പാണ്, കൊവിഡ് വ്യാപനം തടയുന്നതിൽ പരാജയപ്പെട്ട നരേന്ദ്ര മോദി സർക്കാരിനെതിരെ ഉപതെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ ആയുധമാവുമെന്ന് മുന്നിൽ കണ്ടാണ് തീരുമാനം. കഴിഞ്ഞ ആഴ്ച ബിജെപി എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തിരുന്നെങ്കിലും ഇരുവരും ചെയ്തിരുന്നില്ല. അമിത് ഷാ ആയിരിക്കും ഇരുവരുടെയും കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. രണ്ട് എംപിമാരെ നഷ്ടമാവുന്നത് ബിജെപിക്ക് ​ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വവും.

നിലവിൽ 294 അംഗ നിയമസഭയിൽ 77 എംഎൽഎമാരാണ് ബിജെപിക്ക് ഉള്ളത്. രണ്ട് പേർ കുറഞ്ഞ് 75 എംഎൽഎമാരായി ഉപതെരഞ്ഞെടുപ്പ് വന്നാൽ ചുരുങ്ങാനാണ് സാധ്യത. കൊവി‍ഡ് സാഹചര്യം വോട്ടായി മാറിയാൽ തൃണമൂലിന് വലിയ സാധ്യതയായി മാറും. നിസിത് വെറും 57 വോട്ടിൻറെ ഭൂരിപക്ഷം മാത്രമെ ഉള്ളുവെന്നതും നിർണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here