ട്രിപ്പിൾ ലോക്ക്ഡൌൺ ലംഘിച്ച് സംഘം ചേർന്ന് ബിരിയാണി ഉണ്ടാക്കി;15 വാഹനങ്ങളും ബിരിയാണി ചെമ്പും കസ്റ്റഡിയിൽ

0
338

മലപ്പുറം: കരുവാരകുണ്ടില്‍ ലോക്ഡൗണ്‍ ലംഘിച്ച് മുപ്പതോളം പേര്‍ ചേര്‍ന്ന് ബിരിയാണി ഉണ്ടാക്കാനുള്ള ശ്രമം പൊലീസെത്തി തടഞ്ഞു. ഇരിങ്ങാട്ടിരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സുഹൃത്തുക്കള്‍ ഒത്തു ചേര്‍ന്ന് ബിരിയാണി ഉണ്ടാക്കാൻ ശ്രമിച്ചത്.

പൊലീസിനെ കണ്ടതോടെ ഒത്തു കൂടിയവരെല്ലാം ഓടി രക്ഷപെട്ടു. ഇവര്‍ എത്തിയ പതിനഞ്ച് വാഹനങ്ങളും ബിരിയാണിയും പാത്രങ്ങളും കരുവാരകുണ്ട്  പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ സമാന രീതിയിൽ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തിരുന്നു.

മ​ഞ്ചേ​രി നെ​ല്ലി​ക്കു​ത്തി​ലായിരുന്നു യു​വാ​ക്ക​ൾ സം​ഘ​ടി​ച്ച് കോ​ഴി ചു​ട്ടെടുത്ത് അൽഫഹം ഉണ്ടാക്കിയത്.  പൊ​ലീ​സെ​ത്തി​യ​തോ​ടെ ഇവരും ഓ​ടി ര​ക്ഷ​പ്പെ​ടുകയായിരുന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ആ​റി​ന് നെല്ലി​ക്കു​ത്ത് പ​ഴ​യ ഇ​ഷ്​​ടി​ക ക​മ്പ​നി​ക്ക് അ​ടു​ത്താ​യിരുന്നു സം​ഭ​വം.

ട്രിപ്പിൾ ലോക്ക്ഡൌൺ പത്താം ദിവസം പിന്നിടുമ്പോഴും മലപ്പുറത്ത് രോഗബാധയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ഇന്നലത്തെ കണക്ക് പ്രകാരം കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കുറയുന്നതിന്റെസൂചനയുണ്ടെങ്കിലും മറ്റ് ജില്ലകളിലേതിന് സമാനമായ കുറവില്ല.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ഇന്നലെയും മലപ്പുറത്താണ്.  4,751 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 21.62 ശതമാനത്തിലെത്തി. ചൊവ്വാഴ്ച ഇത് 26.57 ശതമാനമായിരുന്നു. ഹോം ക്വാറന്‍റീന് ജില്ലാ ഭരണകൂടം പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പത്തില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ രോഗം സ്ഥിരീകരിച്ചാല്‍ നിര്‍ബന്ധമായും ഡിസിസി, സിഎഫ്എല്‍ടിസി കേന്ദ്രങ്ങളില്‍ കഴിയണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്.

ട്രിപ്പിൾ ലോക്ഡൗണിൽ ഇന്നലെ മുതൽ ചെറിയ ഇളവുകൾ ജില്ലാ കലക്ടർ അനുവദിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ വിൽപന നടത്തുന്ന കടകൾക്കും, വളം, കീടനാശിനി, റെയിൻ ഗാർഡ് എന്നിവ വിൽക്കുന്ന കടകൾക്കും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here