കോവിഡിനുമുന്നിൽ പതറി അധികാരവും പണവും; വാട്സാപ്പ് ഗ്രൂപ്പുകളിൽ സഹായാഭ്യർഥനകളുടെ പ്രവാഹം

0
474

ന്യൂഡൽഹി: ഡൽഹിയിലെ മാധ്യമപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയുമെല്ലാം വാട്‌സാപ്പ് ഗ്രൂപ്പുകളിൽ സ്ഥിരം നിറയുന്നതിപ്പോൾ സഹായസന്ദേശങ്ങൾ. ഏതെങ്കിലും ആശുപത്രിയിൽ ഐ.സി.യു. ബെഡ് ലഭിക്കുമോ? ഓക്സിജൻ കിട്ടിയില്ലെങ്കിൽ ഇപ്പോൾ മരണമടയും, വേറെ ഏതെങ്കിലും സംസ്ഥാനത്ത് സൗകര്യം ലഭിക്കാൻ ആരെങ്കിലും സഹായിക്കുമോ? ഹെലികോപ്റ്ററിൽ പോവാനും റെഡിയാണ്… എന്നിങ്ങനെ നീളുന്ന സഹായഭ്യർഥനകൾക്കുമുന്നിൽ ഉന്നത ബന്ധമുള്ളവർപോലും പലപ്പോഴും നിസ്സഹായർ.

കേന്ദ്ര ഭൗമശാസ്ത്ര സെക്രട്ടറി ഡോ. മാധവൻ രാജീവൻ ഈയിടെ സഹപ്രവർത്തകനുവേണ്ടി സഹായം ചോദിച്ചെത്തിയത് സാമൂഹികമാധ്യമത്തിൽ. ആശുപത്രികളിൽ ഡോക്ടർമാരും നിസ്സഹായരാണ്. മരണത്തിനുകീഴടങ്ങുന്നവരിൽ അധികാരികളും സാധാരണക്കാരും, ധനികരും ദരിദ്രരും എന്ന ഭേദമില്ല. ഐ.എ.എസുകാരും ഐ.പി.എസുകാരും ഐ.ആർ.എസുകാരുമൊക്കെ കോവിഡിനുമുന്നിൽ കീഴടങ്ങുന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ഐ.ആർ.എസ്. ഓഫീസറുമായ 32-കാരൻ ആനന്ദ് തംബെ തിങ്കളാഴ്ചയാണ് മരിച്ചത്. ചെറുലക്ഷണങ്ങൾ മാത്രമുള്ളതിനാൽ വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞതായിരുന്നു. നില വഷളായി ആശുപത്രിയിലെത്തിച്ചെങ്കിലും ഗുണമുണ്ടായില്ല. 1985 ബാച്ച് ഐ.എ.എസ്. ഓഫീസറായ ബിഹാർ ചീഫ് സെക്രട്ടറി അരുൺകുമാർ സിങ് അന്തരിച്ചത് ഏപ്രിൽ 30-ന്. ബിഹാർ കേഡറിലെത്തന്നെ 2008 ബാച്ച് ഐ.എ.എസ്. ഓഫീസർ വിജയ് രഞ്ജനെയും കോവിഡ് കവർന്നു.

ഉത്തർപ്രദേശിൽ 1985 ബാച്ച് ഐ.എ.എസ്. ഓഫീസർ ദീപക് ത്രിവേദിയെ കോവിഡ് തട്ടിയെടുത്തത് വിരമിക്കുന്നതിന്റെ ഒരുദിവസം മുമ്പാണ്. ഡി.ഐ.ജി. റാങ്കിലുള്ള ഗുജറാത്തിലെ ഐ.പി.എസ്. ഓഫീസർ മഹേഷ് നായക് ഏപ്രിൽ 11-ന് അന്തരിച്ചു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ (ഐ.ഐ.എസ്.) മുതിർന്ന ഉദ്യോഗസ്ഥരായ പുഷ്പാവന്ത് ശർമ, സഞ്ജയ് കുമാർ ശ്രീവാസ്തവ, മണികണ്ഠ താക്കൂർ എന്നിവരും കോവിഡിനുമുന്നിൽ കീഴടങ്ങി. ഇതിനുപുറമേ ഒട്ടേറെ ജൂനിയർ ഓഫീസർമാരും മരിച്ചതായി സർക്കാർ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

എന്നിട്ടും മുതിർന്നവർ, പ്രത്യേകിച്ച് 50-55 വയസ്സിനിടയിൽ പ്രായമുള്ളവർ ഓഫീസിലേക്ക് വരേണ്ടിവരുന്നതായും ഇവർ രോഗബാധയ്ക്കിരയാവുന്നതായും ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു. കോവിഡ് ബാധിതരാവുന്ന ജീവനക്കാരുടെ കണക്കുപോലും സർക്കാരിന്റെ പക്കലില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ സ്വകാര്യ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഇതിനെതിരേ ആശങ്കയും പ്രതിഷേധവും ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here