Friday, March 29, 2024
Home Kerala കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

0
501

ദില്ലി/തിരുവനന്തപുരം: വി ഡി സതീശൻ പ്രതിപക്ഷനേതാവ്. പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഇക്കാര്യം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ സംസ്ഥാനഘടകത്തെ അറിയിച്ചു. ഔദ്യോഗിക വാർത്താക്കുറിപ്പ് അൽപസമയത്തിനകം ഇറങ്ങും.

സംസ്ഥാനത്തെ കോൺഗ്രസിൽ തലമുറമാറ്റം വേണമെന്ന് രാഹുൽ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്‍റെ നിലപാടും വി ഡി സതീശന് അനുകൂലമാണ്. തീരുമാനത്തോട് ലീഗും പരോക്ഷപിന്തുണയറിയിച്ചു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം വന്നത്.

എന്നാൽ ചെന്നിത്തലയ്ക്ക് വേണ്ടി സമ്മർദ്ദം ശക്തമാക്കുന്ന ഉമ്മൻചാണ്ടിയെയും, രമേശ് ചെന്നിത്തലയെ നേരിട്ടും, കാര്യങ്ങൾ വിശദീകരിച്ച് സാഹചര്യം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് എ കെ ആന്‍റണി രാഹുലിനോടും സോണിയയോടും പറഞ്ഞുവെന്നാണ് സൂചന. എന്നാൽ പൊതുവേ തലമുറമാറ്റം വരട്ടെയെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന രാഹുലിന്‍റെ നിലപാടിനോട് ലീഗും പരോക്ഷമായി പിന്തുണയറിയിച്ചുവെന്ന് തിരുവനന്തപുരം ബ്യൂറോയും റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ, അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി മുതിർന്ന നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയിരുന്നു. ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുമാണ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്ന ഉമ്മന്‍ചാണ്ടി ഹൈക്കമാൻഡിനോട് പറഞ്ഞത്.

ഇന്നലെ സതീശനെ അനുകൂലിക്കുന്ന നേതാക്കൾ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു. ഇടതുമുന്നണി മൊത്തത്തിൽ പുതുമുഖങ്ങളുമായി രണ്ടാം സർക്കാർ രൂപീകരിച്ച സാഹചര്യത്തിൽ കോൺഗ്രസിൽ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പാർട്ടിയിലെ യുവനേതാക്കൾ രാഹുൽ ഗാന്ധിയോട് പറഞ്ഞതായാണ് സൂചന. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഇങ്ങനെ പോയാൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് യുവനേതാക്കൾ രാഹുലിനെ അറിയിച്ചു. ഇതേ നിലപാട് തന്നെയാണ് ചർച്ചയിൽ രാഹുലും സ്വീകരിച്ചത്.

അതേസമയം, അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കളും ചില ദേശീയ നേതാക്കളും സമ്മർദ്ദം ശക്തമാക്കിയെങ്കിലും ഒടുവിൽ സതീശന് നറുക്ക് വീഴുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here