മുംബൈ: കൊവിഡിനെ തുടര്‍ന്ന് പാതിവഴിയില്‍ മുടങ്ങിയ ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള വഴികള്‍ നിര്‍ദേശിച്ച് ബിസിസിഐ സിഇഒ ഹേമങ്് ആമിന്‍. ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലോ ഒക്ടോബറിലോ യുഎഇയില്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ആമിന്‍ അവതരിപ്പിക്കുന്ന പദ്ധതി.

ഇംഗ്ലണ്ട് ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് സൂചനകളുണ്ടെങ്കിലും അവിടെ നടത്തുന്നതിന് ആമിന് യോജിപ്പില്ല. ആ സമയങ്ങളില്‍ ഇംഗ്ലണ്ടില്‍ മഴയെത്തുമെന്നും മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും ആമിന്‍ പറയുന്നു. ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയെ വേദിയായി പരിഗണിക്കണം. ഇംഗ്ലണ്ടില്‍ നടക്കുന്നതിനേക്കാള്‍ ലാഭവും യുഎഇയില്‍ നടത്തുന്നതിനാണ്.

2014 ല്‍ ഭാഗികമായും, 2020 ല്‍ പൂര്‍ണമായും ഐപിഎല്ലിന് വേദിയായ യുഎഇയോട് വിദേശ താരങ്ങള്‍ക്കും താല്‍പര്യമുണ്ടാവും. എന്തായാലും ഈ മാസം 29 ന് ചേരാനിരിക്കുന്ന ബിസിസിഐയുടെ പ്രത്യേക യോഗത്തില്‍ ആമിന്റെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ ബിസിസിഐയുടെ നിലപാട് ഈ യോഗത്തിന് ശേഷം അറിയിക്കും.