Friday, June 18, 2021

അടിച്ചമര്‍ത്തലില്‍ തളരാതെ ഫലസ്തീന്‍ പ്രതിഷേധം; അല്‍ അഖ്‌സയിലേക്ക് വീണ്ടുമെത്തിയത് ആയിരങ്ങള്‍; വീണ്ടും ആക്രമണം നടത്തി ഇസ്രാഈല്‍

Must Read

ജറുസലേം: അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ വീണ്ടും സംഘര്‍ഷഭരിതമാകുന്നു. വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയിലെത്തിയ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തിന് ശേഷവും, ലയ്‌ലത്തുല്‍ ഖദറിന്റെ ഭാഗമായി ആയിര കണക്കിന് ഫല്‌സ്തീനികളാണ് ശനിയാഴ്ച ഇവിടെ എത്തിച്ചേര്‍ന്നത്. 90,000 പേരോളം എത്തിയിരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള വഴികളില്‍ ഇസ്രാഈല്‍ സേന വാഹനങ്ങള്‍ തടഞ്ഞിരുന്നതിനാല്‍ കാല്‍നടയായി സഞ്ചരിച്ചാണ് നൂറ് കണക്കിന് പേര്‍ ഇവിടെ എത്തിച്ചേര്‍ന്നത്. വെള്ളിയാഴ്ച നടന്ന അടിച്ചമര്‍ത്തലിനെതിരെയുള്ള പ്രതിഷേധമായി കൂടിയായിരുന്നു പ്രാര്‍ത്ഥനയ്ക്കായി ഫലസ്തീനികള്‍ വന്നത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസത്തേതിന് സമാനമായ രീതിയില്‍ ഇസ്രാഈല്‍ സേന ഫലസ്തീനികള്‍ക്ക് നേരെ സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. കല്ലും തീ നിറച്ച കുപ്പികളും എറിഞ്ഞാണ് ഫല്‌സീതിനികളില്‍ ചിലര്‍ സൈന്യത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്.

ശനിയാഴ്ച മാത്രം 60തിലേറെ ഫലസ്തീനികള്‍ക്ക് പരിക്കേറ്റിണ്ടുന്നെന്ന് ഫലസ്തീന്‍ റെഡ് ക്രെസന്റ് പറഞ്ഞു. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ 200ലേറെ പേര്‍ക്കായിരുന്നു പരിക്കേറ്റിരുന്നത്. പള്ളിക്കുള്ളിലേക്കും പ്രാര്‍ഥിക്കുന്നവര്‍ക്കും നേരെയും സ്റ്റണ്‍ ഗ്രനേഡുകളും ടിയര്‍ ഗ്യാസുകളും ഇസ്രാഈല്‍ സേന പ്രയോഗിക്കുകയായിരുന്നു.

കിഴക്കന്‍ ജറുസലേമില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഇസ്രാഈല്‍ നടത്തുന്നുവെന്നതിന് കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഒരു മാസത്തോളമായി പ്രദേശത്ത് സംഘര്‍ഷം തുടരുന്നത്. വെസ്റ്റ് ബാങ്കിലും ഗാസയിലും നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി ഫലസ്തീനികളെയാണ് ഈസ്രാഈല്‍ അറസ്റ്റ് ചെയ്തത്.

ഷെയ്ഖ് ജറയ്ക്കു സമീപം കുടിയൊഴിക്കപ്പെട്ട ഫലസ്തീന്‍ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫലസ്തീന്‍ അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒത്തുകൂടിയിരുന്നു. എന്നാല്‍, ഇസ്രാഈല്‍ സേനയും പൊലീസും ചേര്‍ന്ന് ഇവരെ ടിയര്‍ ഗ്യാസ്, റബ്ബര്‍ ബുള്ളറ്റുകള്‍, ഷോക്ക് ഗ്രനേഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് നേരിടുകയാണുണ്ടായത്.

മസ്ജിദുല്‍ അഖ്‌സയില്‍ ഫലസ്തീനുകള്‍ക്ക് നേരെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയും ലോകരാഷ്ട്രങ്ങളും രംഗത്തെത്തിയിരുന്നു. ആരാധനാലയങ്ങളോട് ഇസ്രാഈല്‍ കുറച്ച് ആദരവു കാണിക്കണമെന്ന് യു.എന്‍ പൊതുസഭാ പ്രസിഡന്റ് വോള്‍കാന്‍ ബോസ്‌കിര്‍ പ്രതികരിച്ചു.

‘റമദാനിലെ അവസാന വെള്ളിയാഴ്ച അല്‍ അഖ്‌സ മസ്ജിദില്‍ ഇസ്രാഈല്‍ പൊലീസ് നടത്തിയ ആക്രമണത്തില്‍ ദുഃഖിതനാണ്. അല്‍ അഖ്‌സ അടക്കം എല്ലാ ആരാധനാലയങ്ങളോടും ആദരവു കാണിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 180 കോടി മുസ്‌ലിങ്ങളുടെ വിശുദ്ധ ഇടമാണത്,’ ബോസ്‌കിര്‍ പറഞ്ഞു.

കിഴക്കന്‍ ജറുസലേമിലെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ നിര്‍ത്തണമെന്നും നിലവിലെ ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കേണ്ടി വരുമെന്നും യു.എന്‍ വക്താവ് റൂപര്‍ട്ട് കോല്‍വിലെ ആവശ്യപ്പെട്ടിരുന്നു.

ആക്രമണത്തെ അപലപിച്ച് സൗദിയും തുര്‍ക്കിയും ഇറാനും രംഗത്തെത്തിയിരുന്നു. അമേരിക്കയും ആക്രമണത്തില്‍ ആശങ്ക അറിയിച്ചു. ‘രക്തച്ചൊരിച്ചിലുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നു. സംഘര്‍ഷം വര്‍ധിക്കാതിരിക്കാന്‍ ഇസ്രാഈലിനോടും ഫലസ്തീനോടും അഭ്യര്‍ത്ഥിക്കുന്നു,’ എന്നാണ് യു.എസ് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പ്രസ്താവനയില്‍ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ആരാധനാലയങ്ങൾ തുറക്കുമോ? വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ലോക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങൾ എപ്പോൾ തുറക്കും എന്നതിൽ വ്യക്തത നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗബാധകുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം...

More Articles Like This