5 ശതമാനത്തിൽ താഴെ മാത്രം പോളിങ്ങുള്ള ബൂത്ത്; ആകെ വോട്ട് ചെയ്തത് 26 പേർ

0
720

കൊച്ചി∙ കേരളം ആവേശത്തോടെ വോട്ടു ചെയ്യുമ്പോൾ അഞ്ചു ശതമാനത്തിൽ താഴെ മാത്രം ആളുകൾ മാത്രം വോട്ടു ചെയ്ത ഒരു ബൂത്തുണ്ട് എറണാകുളം ജില്ലയിൽ. എറണാകുളം മണ്ഡലത്തിലെ 135 കേന്ദ്രീയ വിദ്യാലയ നമ്പർ വൺ കഠാരി ബാഗ് നേവൽ ബേസ് ബൂത്താണത്. ഈ ബൂത്തിലുള്ള ആകെ 597 വോട്ടർമാരിൽ വൈകിട്ട് അഞ്ചര വരെ വോട്ടു ചെയ്തത് 26 പേർ മാത്രം.

5 ശതമാനത്തിൽ താഴെ മാത്രം പോളിങ്ങുള്ള ബൂത്ത്; ആകെ വോട്ട് ചെയ്തത് 26 പേർ

നേവൽ ക്വാർട്ടേഴ്സിലെ താമസക്കാരാണ് ഇവിടുത്തെ വോട്ടർമാർ എന്നതിനാൽ ഏതാണ്ട് എല്ലാവരും തന്നെ വടക്കേ ഇന്ത്യക്കാർ. ഇവിടെ വോട്ടർ പട്ടിക കൃത്യമായി അപ്ഡേറ്റ് ചെയ്യാത്തതിനാൽ താമസം മാറി പോയവരോ ജീവിച്ചിരിപ്പില്ലാത്തവരൊ ഒക്കെയാണ് ബൂത്തിലെ വോട്ടർമാർ. എല്ലാ തിരഞ്ഞെടുപ്പിലും ഈ ബൂത്തിലാണ് ഏറ്റവും കുറവ് ആളുകൾ വോട്ടു ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമുള്ള മണ്ഡലവും എറണാകുളമാണ്. 7.30 വരെ 65.78 ശതമാനം പേരാണ് ഇവിടെ വോട്ടു ചെയ്തത്. ഏറ്റവും അധികം ആളുകൾ വോട്ടു ചെയ്തതാകട്ടെ കുന്നത്തുനാട് മണ്ഡലത്തിലും. ഇവിടെ 80.79 ശതമാനമാണ് പോളിങ് നിരക്ക്. ജില്ലയിൽ ആകെ 74 ശതമാനം പേർ വോട്ടു ചെയ്തിട്ടുണ്ട്.

എറണാകുളം ജില്ലയിലെ വിദൂര ബൂത്ത് ആയ കുറുങ്ങോട്ടയിൽ 86.52 ശതമാനമാണ് പോളിങ്. കുന്നത്തുനാട് മണ്ഡലത്തിലെ ബൂത്ത് നമ്പർ 103 പിണർമുണ്ട ഇർഷാദുൽ ഇബാദ് മദ്രസയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 88.83 ശതമാനം. പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പെങ്ങൻചുവട് ആദിവാസി കോളനിയിൽ 75.30 ശതമാനം പേർ വോട്ടുചെയ്തു. ജില്ലയിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള കൊച്ചി നിയോജക മണ്ഡലത്തിലെ രാമൻതുരുത്ത്‌ പോളിങ് സ്റ്റേഷനിൽ 15 പേർ വോട്ട് രേഖപ്പെടുത്തി. ഇവിടെ ആകെ വോട്ടർമാരുടെ എണ്ണം 23 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here