ലോക്ഡൗൺ ഏർപ്പെടുത്തുന്ന പ്രശ്നമില്ല; അഭ്യൂഹങ്ങൾ തിരുത്തി യെഡിയൂരപ്പ

0
453

ബെംഗളൂരു∙ തന്റെ പ്രസ്താവനയുടെ ചുവടുപിടിച്ച് ലോക്ഡൗണിനെ കുറിച്ചു പടരുന്ന അഭ്യൂഹങ്ങൾ തിരുത്തി കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ. നിലവിലെ സാഹചര്യത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് ബീദറിൽ അദ്ദേഹം പറഞ്ഞു. ആവശ്യമെന്നു വന്നാൽ സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് തിങ്കളാഴ്ച അദ്ദേഹം പറഞ്ഞതാണ്, വീണ്ടുമൊരു അടച്ചുപൂട്ടൽ ഉടനുണ്ടായേക്കുമെന്ന പ്രതീതി ജനിപ്പിച്ചത്. തുടർന്നാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തുവന്നത്.

വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താൻ കോവിഡ് സാങ്കേതിക ഉപദേശക സമിതി നിർദേശിച്ചതായി ആരോഗ്യമന്ത്രി ഡോ. കെ.സുധാകർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ താനും ഈ സമിതിയിലുണ്ടെന്നും ഇത്തരമൊരു നിർദേശം ആരും മുന്നോട്ടുവച്ചിട്ടില്ലെന്നും യെഡിയൂരപ്പ പറഞ്ഞു. രണ്ടാം തരംഗത്തിനു തടയിടാൻ ജനം പരമാവധി സഹകരിക്കേണ്ടതുണ്ട്. സുരക്ഷാ ജാഗ്രതകൾ ജനം മറന്നുപോകുന്ന സാഹചര്യമുണ്ടാകരുത്. ദുരന്തമാകും ഫലം. ഭാവി നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കാൻ 18നു സർവകക്ഷി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ വ്യക്തമാക്കി. സർവകക്ഷി യോഗം വേണമെന്ന് ആവശ്യപ്പെട്ടത് ശിവകുമാറാണെന്നും പങ്കെടുക്കണോ വേണ്ടയോ എന്ന് അദ്ദേഹത്തിനു തീരുമാനിക്കാമെന്നും യെഡിയൂരപ്പ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here