മന്ത്രി കെടി ജലീല്‍ രാജിവച്ചു

0
329

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ രാജിവെച്ചു. അല്‍പസമയം മുമ്പാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ബന്ധു നിയമന വിവാദത്തില്‍ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ജലീലിന്റെ രാജി.

ധാര്‍മികമായ വിഷയങ്ങള്‍ മുന്‍നിരത്തി രാജിവെയ്ക്കുന്നു എന്നാണ് ജലീല്‍ രാജിക്കത്തില്‍ പറയുന്നത്. ലോകായുക്തയില്‍ നിന്ന് ഇത്തരമൊരു വിധി വന്നതിനാല്‍ രാജിവയ്ക്കുന്നുവെന്നും രാജിക്കത്തില്‍ പറയുന്നു. എന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്ന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന ലോകായുക്ത വിധിയാണ് ജലീലിന്റെ രാജി അനിവാര്യമാക്കിയത്. പിണറായി സര്‍ക്കാരില്‍ നിന്ന് ബന്ധു നിയമന വിവാദത്തില്‍ പെട്ട് രാജിവെക്കേണ്ടി വരുന്ന രണ്ടാമത്തെ മന്ത്രിയാണ് ജലീല്‍. സര്‍ക്കാരിന്റെ ആദ്യകാലത്ത് ഇ.പി ജയരാജനും സമാനമായ വിവാദത്തെ തുടര്‍ന്ന് രാജിവെക്കുകയും പിന്നീട് ക്ലീന്‍ ചിറ്റ് ലഭിച്ചതോടെ തിരികെ മന്ത്രിസ്ഥാനത്തെത്തുകയും ചെയ്തു.

സ്വര്‍ണക്കടത്ത് വിവാദത്തിലും ജലീലിനെ ചോദ്യം ചെയ്തപ്പോഴും അക്ഷോഭ്യനായി നിലകൊണ്ട മന്ത്രിക്കാണ് ബന്ധു നിയമനത്തില്‍ മന്ത്രിപദവി രാജിവെക്കേണ്ടി വന്നത്. യോഗ്യത മാനദണ്ഡം തന്നെ തിരുത്തിയാണ്ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ജലീല്‍ നിയമിച്ചത്. വിവാദം വലിയ ചര്‍ച്ചയായതോടെ അദ്ദേഹം മാനേജര്‍ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥാനമൊഴിഞ്ഞതുകൊണ്ട് ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ നിയമനത്തിലെ സ്വജനപക്ഷപാതത്വം നിലനില്‍ക്കുമെന്ന് ലോകായുക്ത വിധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here