പ്രഗ്യാ സിങിനെ ‘കാണാനില്ല’, കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം

0
729

ഭോപ്പാല്‍ എംപി പ്രഗ്യാ സിങ്​​ താക്കൂറിനെ കാണാനില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ്. കണ്ടെത്തുന്നവർക്ക്​ 10000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ​ കോ​ൺഗ്രസിന്‍റെ മധ്യപ്രദേശിലെ​ ജനറൽ സെക്രട്ടറിയും വക്​താവുമായ രവി സക്​സേന.

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിനെ പിടിച്ചുകുലുക്കുകയാണ് കോവിഡ്. മരുന്നും ഓക്സിജനും ചികിത്സാസൗകര്യങ്ങളുമില്ലാതെ ഭോപ്പാലിലെ ജനങ്ങള്‍ വലയുമ്പോള്‍ എംപി എവിടെയാണെന്ന്​ ആർക്കും അറിയില്ലെന്ന്​ രവി സക്​സേന കുറ്റപ്പെടുത്തി. എംപിയെ മണ്ഡലത്തിന് ഏറ്റവും ആവശ്യമുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം കോവിഡ് വ്യാപനം തുടങ്ങിയ സമയത്തും പ്രഗ്യാ സിങ്​ മണ്ഡലത്തില്‍ ഇല്ലായിരുന്നുവെന്ന് സക്സേന പറഞ്ഞു. വൻ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ വിജയിപ്പിച്ച എംപി, ജനങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമുള്ളപ്പോള്‍ മണ്ഡലത്തില്‍ ഇല്ലാത്തത് ദൌര്‍ഭാഗ്യകരമാണെന്നും സക്സേന പറഞ്ഞു. മധ്യപ്രദേശിൽ ഭോപ്പാലിലും ഇന്‍ഡോറിലും കോവിഡ് രൂക്ഷമാണ്.

അതേസമയം കോണ്‍ഗ്രസ് നേതാവിന്‍രെ ആരോപണം നാണംകെട്ടതാണെന്ന് ബിജെപി വിശദീകരിച്ചു. പ്രഗ്യാ സിങ് രോഗബാധിതയായപ്പോള്‍​ മുംബൈയിലേക്ക്​ വായുമാർഗം കൊണ്ടുപോയിരിക്കുകയാണെന്ന് ബി.ജെ.പി നേതാവ് രജനീഷ് അഗര്‍വാള്‍ വിശദീകരിച്ചു. 2008ലെ മാലേഗാവ്​ സ്​ഫോടന കേസിൽ പ്രതിയായിരുന്നു​ പ്രഗ്യാ സിങ്. കോണ്‍ഗ്രസ് ഭരണ കാലത്ത് ജയിലില്‍ നേരിട്ട പീഡനങ്ങളെ തുടര്‍ന്നാണ് പ്രഗ്യാ സിങ് രോഗബാധിതയായതെന്നും രജനീഷ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here