തറാവീഹ് നമസ്‌കാരത്തിനായി പോകുന്നവര്‍ക്ക് കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ച് സര്‍ക്കാര്‍

0
558

കോഴിക്കോട്: സംസ്ഥാനത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സമയത്തില്‍ നിന്ന് റമദാനിലെ തറാവീഹ് നമസ്‌കാരത്തിന് വേണ്ടി അരമണിക്കൂര്‍ ഇളവ് അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതായി സമസ്ത. സമസ്ത നേതാവ് പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരെ ഫോണില്‍ വിളിച്ചാണ് കര്‍ഫ്യൂ സമയത്തില്‍ ഇളവ് അനുവദിച്ച കാര്യം അറിയിച്ചത്.

ഒന്‍പത് മണി മുതലാണ് സംസ്ഥാനത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിസ്‌കാരത്തിനായി പള്ളിയില്‍ പോയി വരുന്നവര്‍ക്ക് 9.30 വരെ ഇളവ് അനുവദിക്കും.

9 മണിക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത് തറാവീഹ് നിസ്‌കാരത്തിന് പ്രയാസമാകുമെന്നതിനാല്‍ സമയത്തില്‍ ഇളവ് അനുവദിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, ജമാഅത്തെ ഇസ്‌ലാമി, അല്‍ ഹാദി അസോസിയേഷന്‍, കെ.എം.വൈ.എഫ് തുടങ്ങിയ സംഘടനകളാണ് ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചത്.

കര്‍ഫ്യൂ തുടങ്ങുന്ന സമയം 10 മണി ആക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. എന്നാല്‍ 9.30 മുതല്‍ ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

സംസ്ഥാനത്ത് കൊവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായി കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോഴിക്കോട് 12 ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here