കർണാടക ആർടിസി ജീവനക്കാരുടെ പണിമുടക്ക്: കേരളത്തിലേക്കുള്ള സർവീസുകൾ നിശ്ചലം

0
283

ബെംഗളൂരു∙ കർണാടക ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല ബസ് പണിമുടക്ക് ഒരാഴ്ച പിന്നിടുമ്പോൾ  കേരളത്തിലേക്കുൾപ്പെടെയുള്ള അന്തർസംസ്ഥാന സർവീസുകൾ നിശ്ചലം. ഉഗാദി, വിഷു ആഘോഷത്തിന് മുന്നോടിയായി സ്പെഷൽ സർവീസുകൾ നടത്തി ലാഭം കൊയ്തിരുന്ന കെഎസ്ആർടിസിക്ക് ഇത്തവണ ലക്ഷങ്ങളാണ് പണിമുടക്കിലൂടെ നഷ്ടമായത്.

കെഎസ്ആർടിസി പ്രതിദിനം കേരളത്തിലേക്ക് 35 മുതൽ 40 വരെ സർവീസുകളാണ് നടത്തിയിരുന്നത്. കേരള ആർടിസി പതിവ് സർവീസുകൾ നടത്തിയത് വിഷു ആഘോഷത്തിന് നാട്ടിലേക്ക് മടങ്ങുന്നവർക്ക് ആശ്വാസകരമായി. തിരക്ക് കുറവായതിനാൽ സ്പെഷൽ സർവീസുകൾ ഇത്തവണ ഉണ്ടായിരുന്നില്ല.

ആറാം ശമ്പള കമ്മിഷൻ ശുപാർശ പ്രകാരമുള്ള വേതന വർധന ആവശ്യപ്പെട്ടാണ് കഴിഞ്ഞ 7 മുതൽ കർണാടക ആർടിസി എംപ്ലോയീസ് ലീഗിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. 8 ശതമാനം വരെ വേതന വർധന അനുവദിക്കാമെന്നാണ് സർക്കാർ നിലപാട്. ശമ്പള കമ്മിഷൻ ശുപാർശ പ്രകാരമുള്ള വേതനം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്ആർടിസിയിൽ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ ഉറച്ച നിലപാടെടുത്തതോടെ തുടർചർച്ചകളും വഴിമുട്ടി. സമരത്തിന് പിന്തുണയുമായി ജീവനക്കാരുടെ  കുടുംബാംഗങ്ങളും ജില്ലാ, താലൂക്ക് ആസ്ഥാനങ്ങളിൽ പ്രതിഷേധ ധർണയുമായി രംഗത്തെത്തിയിട്ടുണ്ട്.

യാത്രാക്ലേശം തുടരുന്നു

ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ യാത്രാക്ലേശം രൂക്ഷമായതോടെ കൂടുതൽ സ്വകാര്യ ബസുകൾക്ക് സർവീസിനുള്ള അനുമതി നൽകിയെങ്കിലും സാധാരണക്കാർക്ക് ഇരട്ടിഭാരമാണ് സമരം വരുത്തിവച്ചത്. അന്തർ ജില്ലാ സർവീസുകളാണ് സ്വകാര്യ ബസുകൾ കൂടുതലായി നടത്തുന്നത്. നഗരത്തിൽ ഓട്ടോറിക്ഷ, വെബ്ടാക്സി, മാക്സികാബ് സർവീസുകളെയാണ് കൂടുതൽ പേർ ആശ്രയിക്കുന്നത്.

സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരെയും ട്രെയിനി ജീവനക്കാരെയും ഉപയോഗിച്ച് കഴിഞ്ഞ ദിവസം 3399 സർവീസുകളാണ് കർണാടക ആർടിസി നടത്തിയത്. ബെംഗളൂരുവിൽ ബിഎംടിസിയുടെ വിമാനത്താവളത്തിലേക്കുള്ള വായുവജ്ര സർവീസുകൾ കഴിഞ്ഞ ദിവസം പുനരാരംഭിച്ചത് യാത്രക്കാർക്ക് ആശ്വാസകരമായിട്ടുണ്ട്. പൊലീസ് സുരക്ഷയോടെയാണ് സർവീസുകൾ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here