കൊവിഡിനെ പേടിച്ച് അംബാനി ജാംനഗറില്‍, അദാനി അഹമ്മദാബാദിലെ പ്രാന്തപ്രദേശത്ത്; പുറംലോകബന്ധങ്ങള്‍ ഉപേക്ഷിച്ച് രവീന്ദ്രനും ക്രിസ് ഗോപാലകൃഷ്ണനും

0
334

രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ സഹാചര്യത്തില്‍ ശതകോടീശ്വരന്മാര്‍ സുരക്ഷിതകേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ചതായി റിപ്പോര്‍ട്ടുകള്‍. അതിസമ്പന്നനായ മുകേഷ് അംബാനി മുംബൈ വിട്ട് ഗുജറാത്തിലെ ജാംനഗറിലെ വീട്ടിലേക്ക് മാറിയതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

അംബാനിയും കുടുംബവും ചുരുക്കം ചില സഹായികളും ഇവിടെ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു സമ്പന്നനായ ഗൗതം അദാനി അഹമ്മദാബാദിലെ ഏതോ പ്രാന്തപ്രദേശത്തെ വീട്ടിലേക്കാണ് മാറിയത്. മകന്‍ കരണും മറ്റ് കുടുംബാംഗങ്ങളും അത്യാവശ്യം സഹായികളുമാണ് ഒപ്പമുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബൈജൂസ് ആപ്പ് ഉടമ രവീന്ദ്രന്‍ ബംഗളൂരുവിലെ വസതിയില്‍ കുടുംബത്തോടെയാണ് താമസിക്കുന്നത്. ബൈജുവും അടുത്ത ജീവനക്കാരും മാത്രമാണ് ഈ വീട്ടിലുള്ളത്. ഇന്‍ഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണനും നന്ദന്‍ നിലേകനിയും അവരവരുടെ വീടുകളിലാണ് തങ്ങുന്നത്. വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം മാത്രമാണ് താന്‍ കഴിക്കുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞതായി എന്‍ഡി ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിതീവ്ര രോഗവ്യാപനത്തിനൊപ്പം ആശുപത്രി കിടക്കകളുടേയും ഓക്‌സിജന്റേയും വെന്റിലേറ്റര്‍ സൗകര്യങ്ങളുടേയും ക്ഷാമത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കോടീശ്വരന്മാര്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറിയത്. ബിസിനസുകാര്‍ മാത്രമല്ല, ചില പ്രമുഖ സിനിമാ താരങ്ങളും പുറംലോകവുമായി ബന്ധമില്ലാത്ത സ്ഥലങ്ങള്‍ തേടുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇതിനിടെ ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യുഎഇ നീട്ടി. മെയ് 14 വരെ ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനമില്ല. നാലാം തീയതി അവസാനിക്കാനിരുന്ന വിലക്കാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here