ഒരു ആംബുലൻസിൽ 22 മൃതദേഹങ്ങൾ; ഒന്നിനു മുകളിൽ ഒന്നായി കുത്തിനിറച്ചു

0
477

മുംബൈ ∙ കോവിഡിന്റെ ഭീകരത എന്തെന്നു മനസ്സിലാക്കി തരുന്ന ചിത്രമാണു മഹാരാഷ്ട്രയിൽനിന്നു പുറത്തുവരുന്നത്. രോഗികളുടെ എണ്ണത്തിനൊപ്പം മരണവും കൂടിയതോടെ മൃതദേഹങ്ങൾക്കു ആദരവ് നൽകാൻ ആരോഗ്യപ്രവർത്തകർ ആഗ്രഹിച്ചാൽ പോലും കഴിയാത്ത സ്ഥിതി. സർക്കാർ ആശുപത്രിയിൽ മരിച്ച 22 പേരുടെ മൃതദേഹങ്ങൾ ഓരോ പ്ലാസ്റ്റിക് ബാഗുകളിലാക്കി ഒരു ആംബുലൻസിൽ കുത്തിനിറച്ചു കൊണ്ടുപോകുന്ന കാഴ്ച ആരെയും നടുക്കുന്നതാണ്.

ബീഡ് ജില്ലയിലെ അംബജോഗൈയിലെ സ്വാമി രാമാനന്ദ് തീർഥ് മറാത്ത്‍വാഡ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച 22 പേരുടെ മൃതദേഹങ്ങളാണ് ആംബുലൻസിൽ കുത്തിനിറച്ചു സംസ്കരിക്കാൻ െകാണ്ടുപോയത്. മരിച്ചവരുടെ ബന്ധുക്കൾ പകർത്തിയ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ സംഭവം വിവാദമായി. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. ‌

‌ആംബുലൻസുകൾ ലഭിക്കാതെ വന്നതോടെയാണ് കിട്ടിയ ആംബുലൻസിൽ എല്ലാ മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കാൻ കൊണ്ടുപോയതെന്നാണു സൂചന. ‘ഞങ്ങൾക്കു രണ്ട് ആംബുലൻസുകളേ ഉള്ളൂ. കൂടുതൽ ചോദിച്ചിട്ട് കിട്ടിയില്ല. തദ്ദേശ ഭരണകൂടത്തിന് മൃതദേഹങ്ങൾ കൈമാറുന്നതോടെ ഞങ്ങളുടെ ഉത്തരവാദിത്തം തീരും. അവരെന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾക്കു തീരുമാനിക്കാനാകില്ല’ – ആശുപത്രി ഡീൻ ‍ഡോ. ശിവജി സുക്രെ പറഞ്ഞു.

22 പേരിൽ 14 പേർ ശനിയാഴ്ചയും ബാക്കിയുള്ളവർ ഞായറാഴ്ചയുമാണ് മരിച്ചത്. വിഡിയോ പകർത്തിയവരും മരിച്ചവരുടെ ബന്ധുക്കളുമായ വ്യക്തികളുടെ കയ്യിൽനിന്നു പൊലീസ് ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചെന്ന ആരോപണവും ഉയർന്നു. സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയശേഷമാണ് ഇവർക്കു ഫോണുകൾ തിരികെ നൽകിയതെന്നാണു റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here