ഐപിഎല്ലില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; ആര്‍സിബിയുടെ രണ്ട് വിദേശതാരങ്ങള്‍ പിന്‍മാറി

0
523

മുംബൈ: ഐപിഎല്‍ പതിനാലാം സീസണിന്‍റെ പാതിവഴിയില്‍ വിദേശ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ ആദം സാംപയും പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണും ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറി.

സീസണില്‍ ഇരുവരുടേയും സേവനം തുടര്‍ന്ന് ലഭിക്കില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അറിയിച്ചു. ഇരുവരും ടീമിനൊപ്പം അഹമ്മദാബാദിലേക്ക് യാത്ര ചെയ്യില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പിന്‍മാറ്റം എന്നാണ് ആര്‍സിബി ട്വീറ്റില്‍ പറയുന്നത്. ഇരുവരുടേയും തീരുമാനത്തെ ബഹുമാനിക്കുന്നതിനൊപ്പം എല്ലാ പിന്തുണയും നല്‍കുന്നതായും ആര്‍സിബി മാനേജ്‌മെന്‍റ് വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കര്‍ശനമായ ബയോ-ബബിള്‍ നിയന്ത്രണങ്ങളിലാണ് ബിസിസിഐ ഐപിഎല്‍ സംഘടിപ്പിക്കുന്നത്. ബയോ-ബബിളിലെ സമ്മര്‍ദത്തെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റൺ കഴിഞ്ഞ വാരം നാട്ടിലേക്ക് മടങ്ങിയിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രൂ ടൈ കഴിഞ്ഞ ദിവസവും മടങ്ങി.

അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനും കൊവിഡ് സംബന്ധിയായ പ്രശ്‌നങ്ങളെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. കൊവിഡിനെതിരെ പൊരുതുന്ന കുടുംബത്തിന് പിന്തുണ നല്‍കാനാണ് അശ്വിന്‍റെ പിന്‍മാറ്റം. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ ടൂര്‍ണമെന്‍റില്‍ തിരിച്ചെത്താമെന്നാണ് പ്രതീക്ഷയെന്നും അശ്വിന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here