ഇളകിമറിഞ്ഞ് അവസാന ലാപ്പ്, കുഴഞ്ഞുമറിഞ്ഞ് 36 മണ്ഡലങ്ങള്‍; പ്രവചനം അസാധ്യം

0
686

കടുത്ത വേനലില്‍ വോട്ടിനായുള്ള ഓട്ടം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ സ്ഥാനാര്‍ഥികളുടെ ഉള്ളും പുറവും ചുട്ടെരിയുകയാണ്. വിധിയെഴുത്തിനുള്ള ഓരോ നിമിഷവും ഇനി നിര്‍ണായകം. അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് ഇനിയും വിധി പ്രവചിക്കാനാവാത്ത നിരവധി മണ്ഡലങ്ങളുണ്ട്.  ഇത്തരത്തില്‍ നാല്പതോളം മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. മുന്നണി നേതാക്കളുടെ ശ്രദ്ധ മുഴവനിപ്പോള്‍ ഈ മണ്ഡലങ്ങളിലാണ്. എണ്ണപ്പെട്ട ചില മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ഭരണത്തുടര്‍ച്ചയുണ്ടാകുമോ ഇല്ലയോ എന്നത് ഈ ജയപരാജയങ്ങള്‍ മാറിമറിയുന്ന ഈ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ തീരുമാനിക്കും. പിടിച്ചെടുക്കാനും പിടിവിടാതിരിക്കാനുമുള്ള ശ്രമമാണ് മത്സരം കനക്കുന്ന മണ്ഡലങ്ങളില്‍ നടക്കുന്നത്. അത്തരം മണ്ഡലങ്ങളിലേക്കൊന്ന് ഒന്ന് കണ്ണോടിക്കാം.

നേമം

കേരള നിയമസഭാ ചരിത്രത്തില്‍ ബി.ജെ.പി. നേടിയ ഏക സീറ്റ്. കെ. മുരളീധരനെന്ന ശക്തനെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാക്കിയതോടെ ഇത്തവണ കടുത്ത ത്രികോണ മത്സരം. അവസാനഘട്ടത്തിലും ഒന്നും പ്രവചിക്കാനാവുന്നില്ല. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ സകല തന്ത്രങ്ങളും പയറ്റുന്നുണ്ട് ബി.ജെ.പിയും സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും. കെ. മുരളീധരന്റെ വരവോടെ നേമത്ത് യു.ഡി.എഫും പ്രതീക്ഷയിലാണ്. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദമുയര്‍ത്തിയാണ് ജില്ലയിലെ തീരദേശത്ത് യു.ഡി.എഫ്. പ്രചാരണം. എന്നാല്‍, വിവാദങ്ങളില്‍ പ്രതികരിക്കാതെ സര്‍ക്കാരിന്റെ വികസനമാണ് എല്‍.ഡി.എഫ്. പ്രചാരണവിഷയമായി ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ യു.ഡി.എഫില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ വോട്ട് കെ. മുരളീധരന്‍ സമാഹരിക്കുമ്പോള്‍ ഇടതുപക്ഷത്തിന് ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് വി. ശിവന്‍കുട്ടി.  ആദ്യം തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ മുന്നിലെത്താന്‍ എല്‍.ഡി.എഫിന് കഴിഞ്ഞിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ പ്രചാരണത്തില്‍ എല്‍.ഡി.എഫിന് ഒപ്പമെത്താന്‍ മറ്റ് മുന്നണി സ്ഥാനാര്‍ഥികള്‍ക്കും കഴിഞ്ഞു. വാഹനപ്രചാരണത്തിലൂടെ പരമാവധി വോട്ടര്‍മാരുടെയടുത്തെത്തി വോട്ടുറപ്പിക്കലാണ് അവസാനഘട്ടത്തില്‍ സ്ഥാനാര്‍ഥികള്‍.

കഴക്കൂട്ടം

കഴക്കൂട്ടത്ത് അതിശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനും ബി.ജെ.പി. സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനും തമ്മില്‍ ശബരിമല വിഷയത്തിലാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്. ഇവിടെ ശബരിമല വിഷയം ഉയര്‍ത്തി ദേവസ്വം മന്ത്രിയെ കടന്നാക്രമിക്കുകയാണ് ബി.ജെ.പി.യും യു.ഡി.എഫും. പ്രചാരണത്തിനിടെ ബി.ജെ.പി.- സി.പി.എം. സംഘര്‍ഷം ഉണ്ടായതും കഴക്കൂട്ടത്തെ പോരാട്ടച്ചൂട് വെളിവാക്കുന്നതാണ്. ഇതേത്തുടര്‍ന്നും ശക്തമായ വാക്പോരാണ് ഇരുകൂട്ടരും തമ്മിലുണ്ടായത്. കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോ. എസ്.എസ്. ലാലിന്റെ പേരില്‍ ഇരട്ടവോട്ടുകള്‍ ഉള്ളത് പ്രചാരണവിഷയമായി സി.പി.എം. ഏറ്റെടുത്തു. സര്‍ക്കാരിന്റെ വീഴ്ചയാണ് ഇരട്ടവോട്ടുകള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യിലെ വി. മുരളീധരന്‍ രണ്ടാമതെത്തിയ മണ്ഡലമാണിത്.
പതിവുവോട്ടുകള്‍ക്കൊപ്പം പ്രൊഫഷണല്‍ രംഗത്തെ വോട്ടര്‍മാര്‍ നിര്‍ണായകമാകുന്ന കഴക്കൂട്ടത്ത് കഴിഞ്ഞതവണ നോട്ട നേടിയത് 822 വോട്ടാണ്. 73.46 ശതമാനം വോട്ടു രേഖപ്പെടുത്തിയ മണ്ഡലത്തില്‍ പോളിങ് ബൂത്തിലെത്തി സ്ഥാനാര്‍ഥിയെ തിരസ്‌കരിക്കാനും മടിയില്ലാത്തവര്‍ കുറവല്ലെന്നര്‍ഥം. ആളും തരവും കഴിവും നോക്കി മാത്രം വോട്ടിടുകയെന്ന ശീലം പണ്ടേ തിരുവനന്തപുരത്തുകാര്‍ക്കുള്ളതാണ്. അതുകൊണ്ടുതന്നെ തലസ്ഥാന നഗരത്തോടു മുട്ടിയുരുമ്മുന്ന കഴക്കൂട്ടമെന്ന ഐ.ടി. നഗരത്തില്‍ കടകംപള്ളി തുടരണോ ലാല്‍ മതിയോ ശോഭയെ പരീക്ഷിക്കണമോയെന്നു കണക്കുകൂട്ടിയേ ഇവിടത്തുകാര്‍ ബൂത്തിലേക്കു പോകൂ. മൂന്നു പേരും ഒട്ടും മോശക്കാരല്ലല്ലോ.

വട്ടിയൂര്‍ക്കാവ്

അഞ്ചു വര്‍ഷത്തിനിടയില്‍ നടന്ന നാല് തിരഞ്ഞെടുപ്പുകളില്‍ വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരുടെ മനസ്സ് പല തവണ മാറിമറിഞ്ഞു. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒരുപോലെ നല്ല ഭൂരിപക്ഷം നല്‍കിയ മണ്ഡലം ബി.ജെ.പി.യെയും ഒപ്പംനിര്‍ത്തി. രാഷ്ട്രീയത്തിനുമപ്പുറം സ്ഥാനാര്‍ഥികളുടെ വ്യക്തിമികവ് കൂടി പരിഗണിക്കുന്നതാണ് വട്ടിയൂര്‍ക്കാവിന്റെ വോട്ട് മനസ്സ്. മൂന്ന് മുന്നണികള്‍ക്കും ഉറച്ച വോട്ടുബാങ്കുള്ളതു കൊണ്ടുതന്നെ ഇവിടത്തെ ജയപരാജയങ്ങള്‍ മാറിമാറി വരുന്നതാണ് പതിവ്. മുമ്പ് സമുദായ സമവാക്യങ്ങളാണ് മുന്നണികള്‍ പരിഗണിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പോടെ ഇതെല്ലാം മാറിമറിയുകയായിരുന്നു.

ഒരു വര്‍ഷം മുമ്പ് അട്ടിമറിവിജയം നേടിയ വി.കെ. പ്രശാന്ത് തന്നെ എല്‍.ഡി.എഫിനായി വീണ്ടുമെത്തുമ്പോള്‍ വ്യക്തിസ്വാധീനം തന്നെയാണ് തുറുപ്പുചീട്ട്. ഒരു വര്‍ഷംകൊണ്ട് നടപ്പാക്കാനായ വികസന പ്രവര്‍ത്തനങ്ങള്‍ പ്രശാന്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചതായാണ് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നത്. വി.വി. രാജേഷ് എന്ന ജില്ലാ പ്രസിഡന്റിന്റെ മണ്ഡലത്തിലെ വ്യക്തിബന്ധങ്ങളിലാണ് ബി.ജെ.പി. പ്രതീക്ഷവയ്ക്കുന്നത്. 2021-ല്‍ മത്സരിച്ച രാജേഷ് പത്തു വര്‍ഷമായി മണ്ഡലത്തിലെ എല്ലാ കാര്യങ്ങളിലും ഓടിയെത്തുന്നുണ്ട്. ആദ്യം ശക്തരെ പരിഗണിച്ച യു.ഡി.എഫ്. യൂത്ത് കോണ്‍ഗ്രസ് നേതാവായ പുതുമുഖം വീണ എസ്. നായരെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. മണ്ഡലത്തിലുള്ള സ്ഥാനാര്‍ഥിയെന്നതാണ് യു.ഡി.എഫിന്റെ പ്രധാന വാദം.

നെടുമങ്ങാട്

മാറിമറിയുന്ന രാഷ്ട്രീയച്ചായ്വാണ് നെടുമങ്ങാടിന്റെ പ്രത്യേകത. ചരിത്രത്തില്‍ ഇടതുമുന്നണിക്കു മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ ഏറെക്കാലം കോണ്‍ഗ്രസും വിജയക്കൊടി നാട്ടിയിട്ടുണ്ട്. രാഷ്ട്രീയത്തിനുമപ്പുറം സ്ഥാനാര്‍ഥികളുടെ മികവുകൂടി പരിഗണിക്കുന്നതാണ് നെടുമങ്ങാട്ടെ വോട്ടര്‍മാരുടെ മനസ്സ്. മുന്നണികള്‍ക്കെല്ലാം കൃത്യമായി വോട്ടുബാങ്കുള്ളതിനാല്‍ ജയപരാജയങ്ങള്‍ മാറി മാറി വരുന്നതാണ് പതിവ്. പക്ഷേ, കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മണ്ഡലത്തില്‍ ബി.ജെ.പി.ക്കുണ്ടായ വളര്‍ച്ച ഇക്കുറി തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.

രാഷ്ട്രീയ പരിചയവും പ്രവര്‍ത്തനമികവും അനുഭവസമ്പത്തുമുള്ളവരാണ് മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍. നിലവിലെ സീറ്റ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫിനുവേണ്ടി സി.പി.ഐ. ജില്ലാ സെക്രട്ടറി ജി.ആര്‍. അനിലാണ് രംഗത്തിറങ്ങുന്നത്. യുവജനക്ഷേമ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനായ പി.എസ്. പ്രശാന്തിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
നാട്ടുകാരനും യുവാവുമായ പ്രശാന്തിന്റെ വ്യക്തിബന്ധവും സുഹൃത് ബന്ധവും മികച്ച പ്രതിച്ഛായയും വോട്ടാകുമെന്ന് യു.ഡി.എഫ്. നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.നിരവധി തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുള്ള മുതിര്‍ന്ന ബി.ജെ.പി. നേതാവ് ജെ.ആര്‍.പദ്മകുമാറിന് നെടുമങ്ങാട്ടേത് ആദ്യപോരാട്ടമാണ്. മണ്ഡലത്തിലെ വെമ്പായം നന്നാട്ടുകാവ് സ്വദേശിയായ പദ്മകുമാറിന് നാട്ടുകാരന്‍ എന്ന നിലയില്‍ മുന്‍തൂക്കം ലഭിക്കുമെന്നാണ് ബി.ജെ.പി.യുടെ വാദം.

ചിറയിന്‍കീഴ്

ചിറയിന്‍കീഴ് മണ്ഡലത്തില്‍ ഇത്തവണ കടുത്ത പോരാട്ടമാണ്. നിലവിലെ ജനപ്രതിനിധി മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയുമ്പോള്‍ അതിനെ ഖണ്ഡിക്കുന്ന ആരോപണങ്ങളുമായാണ് മറ്റ് രണ്ടു മുന്നണികളിലെയും സ്ഥാനാര്‍ഥികള്‍ നേരിടുന്നത്. പൊതുവേ ഇടതിനു അനുകൂലമായ ചിറയിന്‍കീഴില്‍ ഇത്തവണ അട്ടിമറി പ്രതീക്ഷയോടെയാണ് യു.ഡി.എഫ്. യുവസ്ഥാനാര്‍ഥിയെ പരിഗണിച്ചത്. അത് കൂടുതല്‍ യുവാക്കളുടെ വോട്ട് ലഭിക്കാന്‍ കാരണമാകുമെന്നാണ് മുന്നണിയുടെ വിലയിരുത്തലും. എന്‍.ഡി.എയും യുവാക്കളുടെ വോട്ട് മുന്നില്‍ക്കണ്ട് ചെറുപ്പക്കാരിയായ പ്രതിനിധിയെയാണ് സ്ഥാനാര്‍ഥിയാക്കിയത്.

മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞാണ് ഇടതുപക്ഷത്തിന്റെ സി.പി.ഐ. സ്ഥാനാര്‍ഥി വി.ശശി വീണ്ടും കളത്തിലിറങ്ങുന്നത്. യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി ബി.എസ്.അനൂപ് ചിറയിന്‍കീഴിന്റെ സമഗ്രവികസനമാണ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി ആശാനാഥ് മറ്റ് രണ്ടു മുന്നണികളുടെയും പോരായ്മയാണ് എടുത്തു കാട്ടുന്നത്.

വര്‍ക്കല

കഴിഞ്ഞ തവണ കൈവിട്ടു പോയ മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. പക്ഷേ, പുതുമുഖമായി വന്ന് വര്‍ക്കല കഹാറിനെ അട്ടമറിച്ച വി. ജോയി മണ്ഡലത്തില്‍ നല്ല സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. പുതുമുഖമായ ബി.ആര്‍.എം. ഷഫീറിനെ ഇറക്കി മത്സരം കടുപ്പിക്കാന്‍ യു.ഡി.എഫിനുമായിട്ടുണ്ട്.  ബി.ഡി.ജെ.എസിനാണ് എന്‍.ഡി.എ. വര്‍ക്കല മണ്ഡലം നല്‍കിയിട്ടുള്ളത്. ശിവഗിരി എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറിയും വ്യവസായിയുമായ അജി എസ്.ആര്‍.എം. ആണ് ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി.

വിദ്യാലയങ്ങളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളില്‍ വരുത്തിയ മാറ്റങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാരിന്റെ ഭക്ഷ്യക്കിറ്റുകളും പെന്‍ഷനുകളും തീരദേശം അടക്കമുള്ള സ്ഥലങ്ങളില്‍ വോട്ടായി മാറുമെന്നാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. എം.എല്‍.എ. എന്നനിലയിലുള്ള പ്രവര്‍ത്തനവും ജോയിക്ക് തുണയാകുമെന്നാണ് പ്രതീക്ഷ. സാമുദായിക പരിഗണനകളിലാണ് യു.ഡി.എഫ്. പ്രതീക്ഷ വയ്ക്കുന്നത്. പുതുമുഖമാണ്, സാധാരണക്കാരനായ നേതാവാണ് എന്നുള്ളതും ഷഫീറിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

നെയ്യാറ്റിന്‍കര

നെയ്യാറിന്റെ തീരത്തെ രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഇത്തവണ ആരെ തുണയ്ക്കുമെന്നതാണ് മുന്നണികള്‍ ഉറ്റുനോക്കുന്നത്. ഇടതിനെയും വലതിനെയും മാറിമാറി വിജയിപ്പിച്ച മണ്ഡലത്തില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. നിലവിലെ എം.എല്‍.എ. കെ.ആന്‍സലന്‍ തന്നെയാണ് ഇത്തവണയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. മുന്‍ എം.എല്‍.എ. ആര്‍.സെല്‍വരാജിനെയാണ് കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര തിരിച്ചുപിടിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. വ്യവസായ പ്രമുഖനും മണ്ഡലത്തിലെ ചെങ്കല്‍ സ്വദേശിയുമായ രാജശേഖരന്‍ നായരാണ് ബി.ജെ.പി.ക്കായി ഇവിടെ പോരാട്ടത്തിറങ്ങുന്നത്.

കൊല്ലം

മീനച്ചൂടിനെക്കാള്‍ കത്തുകയാണ് കൊല്ലം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണച്ചൂട്. എം.എല്‍.എ. എന്ന നിലയില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ആത്മവിശ്വാസത്തോടെ എം. മുകേഷ് സി.പി.എമ്മിനുവേണ്ടി വീണ്ടും വോട്ടു തേടുമ്പോള്‍ മണ്ഡലം തിരിച്ചുപിടിക്കാനുറപ്പിച്ചുതന്നെയാണ് ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ. ദേശീയശ്രദ്ധ നേടിയതടക്കമുള്ള സമരങ്ങളിലൂടെ കൊല്ലത്തിന് സുപരിചിതനായ ബി.ജെ.പി.യുടെ എം.സുനില്‍ ഇരുമുന്നണികള്‍ക്കും വെല്ലുവിളിയുയര്‍ത്തുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ എന്‍.കെ.പ്രേമചന്ദ്രന് കൊല്ലം നിയമസഭാ മണ്ഡലത്തില്‍ 24,545 വോട്ടിന്റെ മുന്‍തൂക്കം നേടാനായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥിതി മാറിമറിഞ്ഞു. ഇടതുപക്ഷത്തിന് 15,832 വോട്ടിന്റെ മുന്‍തൂക്കം ലഭിച്ചു. കോര്‍പ്പറേഷനില്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് എല്‍.ഡി.എഫ്. വീണ്ടും അധികാരത്തില്‍ വന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കൊല്ലം നിയമസഭാ മണ്ഡലത്തില്‍ 12,871 വോട്ടാണ് പിടിച്ചത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വളരെ മുന്നേറി. 31,245 വോട്ട് നേടി എ ക്ലാസ് മണ്ഡലമായി മാറി.

കുണ്ടറ

കഴിഞ്ഞ മൂന്ന് തവണകളായി സി.പി.എമ്മിനൊപ്പം ഉറച്ച് നിന്ന മണ്ഡലമാണ് കുണ്ടറ. രണ്ടു തവണ എം.എ. ബേബിയെ ജയിപ്പിച്ച ശേഷം 2016-ല്‍ ജെ. മേഴ്സിക്കുട്ടിയമ്മ വന്‍ഭൂരിപക്ഷത്തോടെ ജയിപ്പിച്ചു. എന്നാല്‍, ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തോടെ കുണ്ടറയിലുള്ള കോണ്‍ഗ്രസ് പ്രതീക്ഷ വര്‍ധിപ്പിച്ചു. പി.സി. വിഷ്ണുനാഥിലൂടെ മേഴ്സിക്കുട്ടിയമ്മയെ കീഴടക്കി കുണ്ടറ പിടിച്ചെടുക്കാമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. സഭാ വോട്ടുകള്‍ ഇവിടെ നിര്‍ണായകമാണ്.

എന്‍.ഡി.എ.ക്കുവേണ്ടി ബി.ഡി.ജെ.എസിന്റെ വനജ വിദ്യാധരനും സജീവമായി രംഗത്തുണ്ട്. എ ക്ലാസ് മണ്ഡലത്തില്‍ മികച്ച പോരാട്ടവുമായി എന്‍.ഡി.എ. അട്ടിമറി മോഹത്തിലാണ്. ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ ഇ.എം.സി.സി.യുടെ ഡയറക്ടര്‍ ഷിജു എം. വര്‍ഗീസും ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ പേരില്‍ മത്സരിക്കുന്നുണ്ട്.

കുന്നത്തൂര്‍

കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ നിയമസഭ മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ അതേ സ്ഥാനാര്‍ഥികളാണ് ഇടത് വലത് മുന്നണികള്‍കള്‍ക്ക്. ബന്ധുക്കളും ഒരേ നാട്ടുകാരുമായ കോവൂര്‍ കുഞ്ഞുമോനും ഉല്ലാസ് കോവൂരും തമ്മിലാണ് മത്സരം. ആര്‍എസ്പി മുന്നണി വിട്ടപ്പോള്‍ ഇടതിനൊപ്പം ഉറച്ച് നിന്ന കുഞ്ഞുമോന്‍ സംവരണ മണ്ഡലമായ കുന്നത്തൂരില്‍ ജനവിധി തേടുന്നത്.

കഴിഞ്ഞ തവണ തോറ്റിട്ടും മണ്ഡലത്തില്‍ സജീവമായി നടത്തിയ ഇടപെടലുകള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഉല്ലാസ് കോവൂര്‍. രാജി പ്രസാദാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി.

കോന്നി

കഷ്ടിച്ച് ഒന്നര വര്‍ഷം മുന്‍പ് നടന്ന ഏറ്റുമുട്ടലിന്റെ തനിയാവര്‍ത്തനമാണ് കോന്നിയില്‍ ഇപ്പോള്‍ നടക്കുന്നത്. അതിനെക്കാള്‍ വീറൊരല്പം കൂടി. എല്‍.ഡി.എഫ്. എന്‍.ഡി.എ. പക്ഷങ്ങളില്‍ പഴയ പടനായകര്‍തന്നെ. യു.ഡി.എഫാകട്ടെ പുതിയ പോരാളിയെ കളത്തിലിറക്കി. ആദ്യഘട്ടത്തില്‍ മണ്ഡലത്തെ സംബന്ധിച്ച് പല രാഷ്ട്രീയ ‘ഡീല്‍’ ആരോപണങ്ങളും ഉയര്‍ന്നു. സ്ഥാനാര്‍ഥിയായി കെ.യു. ജനീഷ് കുമാറിനെ നേരത്തെത്തന്നെ പ്രഖ്യാപിച്ച് പ്രചാരണത്തിന്റെ തുടക്കത്തില്‍ ഇടതുപക്ഷം ഒരു ചുവട് മുന്നിലെത്തിയിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ഥി റോബിന്‍ പീറ്ററും എന്‍.ഡി.എ. സ്ഥാനാര്‍ഥി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും അതിവേഗംതന്നെ പ്രചാരണത്തില്‍ ഒപ്പമെത്തി. 2019-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് സി.പി.എമ്മിന്റെ കെ.യു. ജനീഷ് കുമാര്‍ മണ്ഡലം പിടിച്ചെടുത്തത്.

റാന്നി

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ തവണ ഇടത്തേക്ക് ചാഞ്ഞിട്ടുള്ള റാന്നി മണ്ഡലം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലത്തേക്ക് ചരിഞ്ഞ് ആര്‍ക്കും പൂര്‍ണ വിധേയമല്ലെന്ന് തെളിയിക്കുന്നു. 1987, 1991 തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനൊപ്പമായിരുന്ന റാന്നി പിന്നങ്ങോട്ട് കളംമാറി ചവിട്ടി. സി.പി.എമ്മിലെ രാജു ഏബ്രഹാമിനൊപ്പമായിരുന്നു കഴിഞ്ഞ 25 വര്‍ഷം. രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തിബന്ധവും ഈ വിജയത്തിന് പിന്നിലുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലം ഇടതിനൊപ്പമെന്ന് വിധിയെഴുതാനിതിടയാക്കി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എ. ശക്തമായ മുന്നേറ്റമാണിവിടെ നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ലഭിച്ചത് എന്‍.ഡി.എ.യ്ക്ക് കിട്ടിയതിനേക്കാള്‍ 3371 വോട്ടുകള്‍ കൂടുതല്‍ മാത്രമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 30,000 വോട്ടുകള്‍ക്ക് മുന്നിലായിരുന്ന സ്ഥാനത്തായിരുന്നു ഈ മാറ്റം. വോട്ടിലുണ്ടായ മുന്നേറ്റം എന്‍.ഡി.എ. ശുഭസൂചകമായി കാണുന്നു.

ഇരുപത്തിരണ്ടാം വയസ്സില്‍ ഭരണങ്ങാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെന്ന വിശേഷണം നേടിയ അഡ്വ. പ്രമോദ് നാരായണന്‍ റാന്നിക്ക് പുത്തന്‍ വികസന ആശയങ്ങളുമായാണ് എല്‍.ഡി.എഫിനായി നിയമസഭയിലെ കന്നിയങ്കത്തിനിറങ്ങിയിട്ടുള്ളത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി റിങ്കു ചെറിയാന്‍ തിരഞ്ഞെടുപ്പില്‍ പുതുമുഖമാണെങ്കിലും മണ്ഡലത്തില്‍ ആര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ല. നിയമസഭയില്‍ രണ്ടു തവണ റാന്നിയെ പ്രതിനിധീകരിച്ച എം.സി. ചെറിയാന്റെ മകനാണ് റിങ്കു ചെറിയാന്‍. കാല്‍ നൂറ്റാണ്ടായി ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യം.കെ. പദ്മകുമാറിന്റെ രണ്ടാം വരവ് വിജയപ്രതീക്ഷയോടെയാണ്. ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന മണ്ഡലം ഇക്കുറി എന്‍.ഡി.എ.യ്ക്കൊപ്പമാകുമെന്ന ഉറച്ച വിശ്വാസമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ലഭിച്ചതിനേക്കാള്‍ പതിനായരത്തിലേറെ വോട്ടുകള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യ്ക്ക് ലഭിച്ചു. ഇക്കുറി വോട്ടുവര്‍ധന വിജയത്തിലേക്ക് നയിക്കുമെന്നാണ് എന്‍.ഡി.എ. കരുതുന്നത്.

ആറന്മുള

ഇടതുവോട്ടുകള്‍ക്കൊപ്പം ഓര്‍ത്തഡോക്സ് വോട്ടുകളും ഏകീകരിക്കപ്പെട്ടതാണ് കഴിഞ്ഞ തവണ വീണ ജോര്‍ജിന് തുണയായത്. എന്നാല്‍,  ഓര്‍ത്തഡോക്സ് – യാക്കോബായ തര്‍ക്കങ്ങള്‍ ഇത്തവണ വീണ ജോര്‍ജിന് തിരിച്ചടിയാകുമോ എന്നത് കണ്ടറിയണം. മാത്രമല്ല, ഓര്‍ത്തഡോക്സ് സഭാ അംഗമായ ബിജു മാത്യു എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് വീണയുടെ വോട്ടുബാങ്കില്‍ വിള്ളല്‍വീഴ്ത്തുമോ എന്നതും ചോദ്യമാണ്. യു.ഡി.എഫിനായി മുന്‍ എം.എല്‍.എ. കെ. ശിവദാസന്‍ നായരും മത്സരിക്കുന്നു. സാമുദായിക സമവാക്യങ്ങള്‍ ഏറെ നിര്‍ണായകമായ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ പാരമ്യത്തിലാണ്.

അടൂര്‍

20 വര്‍ഷത്തോളം യുഡിഎഫ് തുടര്‍ച്ചയായി വിജയിച്ചിരുന്ന മണ്ഡലത്തില്‍ 2011-ലാണ് എല്‍.ഡി.എഫ്. അട്ടിമറി വിജയം നേടുന്നത്. 1991 മുതല്‍ 2006 വരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു അടൂരിനെ പ്രതിനിധീകരിച്ചത്. സംവരണ മണ്ഡലമായി മാറിയതോടെ അടൂര്‍ ഇടത്തോട്ട് ചാഞ്ഞു. 2011-ല്‍ ചിറ്റയം ഗോപകുമാറിലൂടെ എല്‍.ഡി.എഫ്. മണ്ഡലം തിരിച്ചുപിടിച്ചു. 607 വോട്ടിനായിരുന്നു വിജയം. 2016-ല്‍ ഭൂരിപക്ഷം 25,460 ആക്കി ചിറ്റയം മണ്ഡലം നിലനിര്‍ത്തി. ഇക്കുറി ഹാട്രിക് വിജയം തേടിയാണ് ചിറ്റയം ഗോപകുമാര്‍ അടൂരില്‍ മത്സരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് നേതാവായ എം.ജി. കണ്ണനാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. നിര്‍ധന കുടുംബത്തിലെ അംഗമായ കണ്ണന്‍ 23-ാം വയസില്‍ ചെന്നീര്‍ക്കര പഞ്ചായത്ത് അംഗമായി. പിന്നീട് ജില്ലാ പഞ്ചായത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അടൂര്‍ പിടിച്ചെടുക്കാന്‍ കണ്ണനോളം പോന്ന ആരുമില്ലെന്ന കണക്കുക്കൂട്ടലില്‍ തന്നെയാണ് യു.ഡി.എഫ്. എം.ജി. കണ്ണനെ ഇവിടെ മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് എത്തിയ പന്തളം പ്രതാപനാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വിജയങ്ങള്‍ തുടര്‍ക്കഥയാക്കിയ ചരിത്രമാണ് പ്രതാപനുള്ളത്.

ചേര്‍ത്തല

മന്ത്രി പി. തിലോത്തമനെ മാറ്റി നിര്‍ത്തി മത്സരത്തിനിറങ്ങുന്ന എല്‍.ഡി.എഫില്‍നിന്ന് ചേര്‍ത്തല പിടിച്ചെടുക്കാമെന്നാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. അതിനായി യുവനേതാവ് എസ്. ശരത്തിനെയാണ് അവര്‍ ദൗത്യമേല്‍പ്പിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് ജില്ലയില്‍ ഇടതുകാറ്റ് ആഞ്ഞുവീശിയപ്പോഴും മണ്ഡലത്തില്‍ കടുത്ത മത്സരം കാഴ്ചവെച്ച ശരത്ത് 7,196 വോട്ടുകള്‍ക്കായിരുന്നു പരാജയപ്പെട്ടത്.

എല്‍.ഡി.എഫില്‍ സി.പി.ഐ. മത്സരിക്കുന്ന ചേര്‍ത്തല മണ്ഡലത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദാണ് സ്ഥാനാര്‍ഥി. ഇടതുപക്ഷത്തുനിന്ന് മറുകണ്ടം ചാടിയ മുന്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം പി.എസ്. ജ്യോതിസിനെയാണ് എന്‍.ഡി.എ. അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ഇറക്കിയിരിക്കുന്നത്. മണ്ഡലത്തിലെ ഈഴവവോട്ടുകളിലാണ് എന്‍.ഡി.എ.യുടെ കണ്ണ്. എല്‍.ഡി.എഫ്., യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ വെള്ളാപ്പള്ളി നടേശനടക്കമുള്ള അസംതൃപ്തി വോട്ടാക്കിമാറ്റാം എന്ന പ്രതീക്ഷയിലാണ് എന്‍.ഡി.എ.

അമ്പലപ്പുഴ

സമരവീരചരിത്രമുറങ്ങുന്ന വിപ്ലവമണ്ണാണ് അമ്പലപ്പുഴ. ഹാട്രിക് വിജയംനേടിയ മന്ത്രി ജി. സുധാകരനെ മാറ്റിനിര്‍ത്തി എച്ച്. സലാമിനെ രംഗത്തിറക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും സി.പി.എം. ചിന്തിക്കുന്നില്ല. എന്നാല്‍, മന്ത്രി മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ മണ്ഡലത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. എം. ലിജുവിനെ രംഗത്തിറക്കിയ കോണ്‍ഗ്രസും പ്രതീക്ഷയിലാണ്. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫിനെയാണ് ബി.ജെ.പി. രംഗത്തിറക്കിയിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം എല്‍.ഡി.എഫിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അഞ്ച് പഞ്ചായത്തുകള്‍, നഗരസഭയിലെ 27 വാര്‍ഡുകളില്‍ 19 എണ്ണം എന്നിവ വിജയിച്ചതിന്റെ ആത്മവിശ്വാസമാണ് അടിത്തറ. എന്നാല്‍, പ്രധാനം രാഷ്ട്രീയപോരാട്ടം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം ആവര്‍ത്തിക്കുമെന്നും യു.ഡി.എഫ്. കരുതുന്നു. എ.എം. ആരിഫിന് ഭൂരിപക്ഷം കിട്ടാതെപോയ മണ്ഡലമാണിത്. നിയമസഭാ തിരഞ്ഞെടുപ്പ്, ലോക്സഭാ തിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് ഇതിലെല്ലാമുണ്ടായ വോട്ടുവളര്‍ച്ചയാണ് എന്‍.ഡി.എ.യ്ക്ക് ആവേശം പകരുന്നത്.

കായംകുളം

ജില്ലയിലെ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കായംകുളം. സിറ്റിങ്ങ് എം.എല്‍.എ. യു. പ്രതിഭയെ തന്നെ എല്‍.ഡി.എഫ്. വീണ്ടും മത്സരത്തിനിറക്കിയപ്പോള്‍ മണ്ഡലത്തില്‍ സുപരിചിതയായ ഇളംതലമുറക്കാരി അരിത ബാബുവാണ് യു.ഡി.എഫിന്റെ തുറുപ്പുചീട്ട്.  ബി.ഡി.ജെ.എസ്. ജില്ല വൈസ് പ്രസിഡന്റായ പി.പ്രദീപ് ലാലിനെയാണ് മണ്ഡലം പിടിക്കാനായി എന്‍.ഡി.എ. രംഗത്തിറക്കിയിരിക്കുന്നത്.

വികസനത്തിന് വോട്ട് വീഴും എന്ന് തന്നെയാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. ലോക്സഭ തിരഞ്ഞെടുപ്പിലും പിന്നോക്കം പോവാതിരുന്നതും തദ്ദേശത്തില്‍ ലീഡ് നേടിയതും എല്‍.ഡി.എഫിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. എന്നാല്‍ മണ്ഡലത്തില്‍ സി.പി.എമ്മില്‍ പ്രതിഭയ്ക്ക് എതിരേ നിലനില്‍ക്കുന്ന അസംതൃപ്തി ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്.

പാലാ

കെ.എം. മാണിയിലൂടെ പ്രശസ്തമായ മണ്ഡലം. അഞ്ച് പതിറ്റാണ്ടോളമാണ് പാലാ കെ.എം. മാണിക്കൊപ്പം നിന്നത്.  എന്നാല്‍ മാണി മരിച്ച ശേഷമുള്ള തിരഞ്ഞെടുപ്പില്‍ പാലാ കാപ്പനെ തുണച്ചു. തോറ്റ് തോറ്റായിരുന്നു  ഒടുവില്‍ കാപ്പന്‍  വിജയിച്ചത്. ഏത് പാര്‍ട്ടിയോടാണോ പാലായ്ക്ക് വേണ്ടി പട പൊരുതിയത് ആ പാര്‍ട്ടിയ്ക്ക് വേണ്ടിതന്നെ പാലായെ വിട്ടുകൊടുക്കാന്‍ നില്‍ക്കാതെ കാപ്പന്‍ യു.ഡി.എഫിലെത്തി. അതുകൊണ്ടു തന്നെ പാലാ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കണ്ടറിയണം. കോട്ടയം ജില്ലയിലെ പ്രവചനാതീതമായ മണ്ഡലങ്ങളില്‍ ഒന്നുതന്നെയാണ് പാല.  യു.ഡി.എഫിലേക്ക് പോയ കാപ്പനോ എല്‍.ഡി.എഫിലേക്ക് പോയ ജോസ് കെ. മാണിയോ ആരെയാണ് പാലാക്കാര്‍ സ്വീകരിക്കുക എന്ന് കാത്തിരുന്നു കാണാം.  ഡോ. ജെ. പ്രമീളാദേവിയാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി.

പൂഞ്ഞാര്‍

പൂഞ്ഞാര്‍ എന്നാല്‍ പി.സി. ജോര്‍ജ്ജാണ്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് നേടിയെടുത്ത പി.സിക്ക് ഇത്തവണ അഗ്നിപരീക്ഷയാണ്. ചതുഷ്‌കോണ മത്സരമാണ് ഇത്തവണ നടക്കുന്നത്. ഇടതു മുന്നണിയില്‍ നിന്നു സെബാസ്റ്റ്യന്‍ കുളത്തുങ്കലും കോണ്‍ഗ്രസിന്റെ ടോമി കല്ലാനിയും  എന്‍.ഡി.എ സ്ഥാനാര്‍ഥിയായി എം.പി സെന്നും മത്സര രംഗത്തുണ്ട്.  കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണിമാറ്റമാണ് എല്‍.ഡി.എഫ്. ക്യാമ്പിന്റെ ആത്മവിശ്വാസം. എന്നാല്‍ പൂഞ്ഞാറില്‍ ആണ് മത്സരിക്കുന്നത് എന്നത് തന്നെയാണ് പി.സി. ജോര്‍ജിന്റെ ആത്മവിശ്വാസം. ആരുടെ വോട്ടും താന്‍ സ്വീകരിക്കുമെന്നും പി.സി. ജോര്‍ജ്ജ് പറയുന്നു.  ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സംസാരിച്ചത് വോട്ടായി മാറുമെന്ന ഉറച്ച  പ്രതീക്ഷയിലാണ് പി.സി. ജോര്‍ജ്ജ്.

ഏറ്റുമാനൂര്‍

ഒരൊറ്റ പ്രതിക്ഷേധം കൊണ്ട്  കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായ മണ്ഡലം. സ്ഥാനാര്‍ഥിത്വം നിഷേധിച്ചതുമൂലം  ലതിക സുഭാഷ് തലമുണ്ഡനം ചെയ്തത് എങ്ങനെ ഏറ്റുമാനൂരിനെ സ്വാധീനിച്ചു എന്നതാകും ഒരു പക്ഷേ ഏറ്റുമാനൂരിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തെ മാറ്റിയെഴുതുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലതിക മത്സര രംഗത്തേക്കെത്തി. ഇത് ആദ്യം ഞെട്ടിച്ചത് യു.ഡി.എഫ്. ക്യാമ്പിനെയാണ് എന്നാല്‍ വൈകാതെ  ലതിക എല്ലാ മുന്നണികളുടെയും വോട്ട് പിടിക്കുമെന്ന കണക്കുകൂട്ടലിലേക്കാണ് എത്തുന്നത്. യു.ഡി.എഫ്. വോട്ടുകള്‍ സ്പ്ലിറ്റായി  ലതികയ്ക്ക് പോകുമ്പോള്‍ വി.എന്‍. വാസവന് ജയം ഉറപ്പാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.  എന്നാല്‍ ഒരു കൊടിയും പിടിക്കാതെ സ്വതന്ത്രയായി നില്‍ക്കുമ്പോള്‍ രാഷ്ട്രീയം മറന്ന് ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കുമെന്നും അത്  87-ല്‍ യു.ഡി.എഫിനെ വെല്ലുവിളിച്ച സ്വതന്ത്രനായി നിന്ന് ജോസഫ് പൊടിപാറ സ്വന്തമാക്കിയ പോലൊരു വിജയമാണ്  ലതിക ക്യാമ്പിന്റെ സ്വപ്നം. ബി.ജെ.പി. സ്ഥാനാര്‍ഥിയായി  കോട്ടയം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയ ടി.എന്‍. ഹരികുമാര്‍ മത്സരിക്കുന്നുണ്ട്.

ഇടുക്കി

തിരിഞ്ഞും മറിഞ്ഞും മുന്നണികളും സ്ഥാനാര്‍ഥികളും മലക്കംമറിഞ്ഞ കാഴ്ചയ്ക്കാണ് ഇടുക്കി സാക്ഷ്യംവഹിക്കുന്നത്. അന്നത്തെ ഇടത് ഇന്നത്തെ വലത്. അന്നത്തെ വലത് ഇന്നത്തെ ഇടത്. കഴിഞ്ഞ തവണത്തെ അതേ സ്ഥാനാര്‍ഥികള്‍ മുന്നണിമാറി ഏറ്റുമുട്ടുന്നു എന്നതാണ് അണക്കെട്ടിന്റെ നാടായ ഇടുക്കി മണ്ഡലത്തിന്റെ പ്രത്യേകത. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി 2001 മുതല്‍ തുടര്‍ച്ചയായി നാലു തവണ ജയിച്ച കേരള കോണ്‍ഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിന്‍ ഇത്തവണ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാണ്. കഴിഞ്ഞ തവണത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് ഇത്തവണ യു.ഡി.എഫിനായാണ് മത്സരിക്കുന്നത്. രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളും മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളും തുണയ്ക്കുമെന്ന് കണക്കുകൂട്ടുന്നു റോഷി. എന്നാല്‍, യു.ഡി.എഫിനൊപ്പം എന്നും നിന്ന മണ്ഡലത്തിന്റെ പാരമ്പര്യം തനിക്ക് അനുകൂലഘടകമാകുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് വിശ്വസിക്കുന്നു.

1977ലാണ് ഇടുക്കി മണ്ഡലം നിലവില്‍വന്നത്. അന്നുമുതല്‍ നടന്ന പത്ത് തിരഞ്ഞെടുപ്പുകളില്‍ ഒന്‍പതിലും യു.ഡി.എഫാണ് വിജയിച്ചത്. ആറു തവണ കേരള കോണ്‍ഗ്രസും മൂന്നുവട്ടം കോണ്‍ഗ്രസും. 1996-ല്‍ മാത്രമാണ് എല്‍.ഡി.എഫിന് വിജയം നേടാനായത്. അന്ന് ജനതാദള്‍ സ്ഥാനാര്‍ഥി പി.പി. സുലൈമാന്‍ റാവുത്തര്‍ വിജയിച്ചു. അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവാണ്. എന്നാല്‍, ഇത്തവണ റോഷിയുടെ ചിറകിലേറി വിജയിക്കാനാകുമെന്നാണ് എല്‍.ഡി.എഫ്. കരുതുന്നത്. എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസിനാണ് ഇത്തവണയും സീറ്റ്. കഴിഞ്ഞതവണ മത്സരിച്ച ബിജു മാധവന്‍ 27,403 വോട്ട് നേടിയിരുന്നു. ഇത്തവണ സംഗീത വിശ്വനാഥനാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി.

കോതമംഗലം

കാലങ്ങളായി കൈവശം വെച്ച മണ്ഡലം കൈവിട്ടുപോയത് മുന്നണിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. കോതമംഗലം തിരിച്ചു പിടിക്കാന്‍ യു.ഡി.എഫ്. വലിയ ശ്രമമാണ് നടത്തുന്നത്. എങ്ങനെയും മണ്ഡലം തിരിച്ചുപിടിക്കണം. അതിനായി കൊണ്ടുപിടിച്ച ശ്രമത്തിലാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷിബു തെക്കുംപുറം.കഴിഞ്ഞ തവണ മണ്ഡലം കൈവിട്ടുപോയത് കോതമംഗലത്തെ പ്രത്യേക രാഷ്ട്രീയാവസ്ഥ കാരണമായിരുന്നു. ജനം അന്നു വോട്ടുമാറ്റി ചെയ്യാന്‍ നിര്‍ബന്ധിതരായി. ഇക്കുറി മണ്ഡലം യു.ഡി.എഫിനൊപ്പം പോരുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍.അതേസമയം, സീറ്റ് നിലനിര്‍ത്താന്‍ എല്ലാ അടവും സി.പി.എം. പ്രയോഗിക്കുന്നുണ്ട്. കൈയില്‍ കിട്ടിയ മണ്ഡലം കൈവിട്ടു പോകാതിരിക്കാന്‍ പാര്‍ട്ടി സംവിധാനം കിണഞ്ഞു ശ്രമിക്കുകയാണ്. താഴെത്തട്ടില്‍ മികച്ച പ്രവര്‍ത്തനമാണ് സി.പി.എം. നടത്തുന്നത്.

യാക്കോബായ സമുദായത്തിന്റെ സമദൂര സിദ്ധാന്തം അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പില്‍ യാക്കോബായ സമുദായത്തിന്റെ സഹായം കിട്ടിയതായി ഇടതുപക്ഷം പറയുന്നു. കത്തോലിക്ക സമുദായവുമായി ആന്റണി ജോണിനുള്ള ബന്ധവും ഗുണകരമാവുമെന്നാണു പ്രതീക്ഷ. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ബി.ഡി.ജെ.എസിലെ ഷൈന്‍ കെ. കൃഷ്ണനാണ് രംഗത്തുള്ളത്. സീറ്റ് ഘടകകക്ഷിക്ക് കൊടുത്തതില്‍ പ്രദേശത്തെ ബി.ജെ.പി. നേതൃത്വത്തിന് അതൃപ്തിയുണ്ട്.

കളമശ്ശേരി

പാലാരിവട്ടം പാലം അഴിമതിയുടെ പശ്ചാത്തലത്തില്‍  ശ്രദ്ധ നേടുന്ന മണ്ഡലമാണ് കളമശ്ശേരി. പാലം അഴിമതിക്കേസില്‍പെട്ട് സിറ്റിങ് എം.എല്‍.എയും മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് മാറിനില്‍ക്കുമ്പോള്‍ പകരമെത്തുന്നത് മകന്‍ വി.ഇ. അബ്ദുള്‍ ഗഫൂറാണ്. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവിലൂടെ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെയാണ് എല്‍.ഡി.എഫും രംഗത്തിറക്കിയിരിക്കുന്നത്. ഇതോടെ ജില്ലയില്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലമായി മാറി കളമശ്ശേരി. മണ്ഡലത്തിലെ തങ്ങളുടെ വോട്ടുശതമാനം ആറില്‍ നിന്ന് 15 ആയി ഉയര്‍ത്തിയ എന്‍.ഡി.എയ്ക്കായി ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറി പി.എസ്. ജയരാജാണ് മത്സരിക്കുന്നത്.

തൃശൂര്‍

കാല്‍നൂറ്റാണ്ട് യു.ഡി.എഫ്. കുത്തകയാക്കിയ മണ്ഡലം. എന്നാല്‍, കഴിഞ്ഞതിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ചരിത്രം തിരുത്തി എല്‍.ഡി.എഫിനൊപ്പം നിന്നു. അത് നിലനിര്‍ത്തേണ്ടത് മുന്നണിയുടെ ആവശ്യം. കോണ്‍ഗ്രസിലെ തമ്മിലടികൊണ്ട് നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കേണ്ട പോരാട്ടത്തിലാണ് യു.ഡി.എഫ്. ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ ഉണ്ടാക്കിയ സ്വാധീനത്തില്‍നിന്ന് പിന്നാക്കം പോവാതിരിക്കാനും ജില്ലയില്‍ ഒരു അക്കൗണ്ട് തുറക്കാനുമാണ് എന്‍.ഡി.എ.യുടെ ശ്രമം.

സി.പി.ഐയുടെ സീറ്റായ തൃശ്ശൂരില്‍ ഇക്കുറി പി. ബാലചന്ദ്രനാണ് സ്ഥാനാര്‍ഥി. പത്മജ വേണുഗോപാല്‍ യു.ഡി.എഫിന്റെയും സുരേഷ് ഗോപി എന്‍.ഡി.എ.യുടെയും പോരാളികളായി കളം നിറഞ്ഞു നില്‍ക്കുന്നു. മൂന്നു സ്ഥാനാര്‍ഥികളും തൃശ്ശൂരുകാര്‍ക്ക് അപരിചിതരല്ല. മൂന്നു പേരും തൃശ്ശൂരിന്റെ മണ്ണില്‍ പരാജയം അറിഞ്ഞവരുമാണ്. പത്മജ 2016-ലും ബാലചന്ദ്രന്‍ 2011-ലും നിയമസഭയിലേക്കും സുരേഷ് ഗോപി 2019-ലെ ലോക്സഭയിലേക്കും മത്സരിച്ചവരാണ്. അന്നത്തെ ആളുകളല്ല ‘അവര്‍ ഇപ്പോള്‍’ എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. പരാജയപാഠങ്ങളില്‍ നിന്നുള്‍ക്കൊണ്ട വര്‍ധിതവീര്യം മൂവരിലും കാണാനുണ്ട്.

തൃത്താല

തിരഞ്ഞെടുപ്പിനുമുമ്പേ സാമൂഹികമാധ്യമങ്ങളില്‍ പോരാട്ടം മുറുകിയ മണ്ഡലമാണ് തൃത്താല. രാഷ്ട്രീയപ്പോരാട്ടത്തില്‍ മാറ്റുരയ്ക്കപ്പെടുന്നത് സ്ഥാനാര്‍ഥിയുടെ വ്യക്തിത്വം കൂടിയാവും.ഇടതുകോട്ടയെന്ന് സി.പി.എം. വിശേഷിപ്പിച്ചിരുന്ന തൃത്താല കോണ്‍ഗ്രസിന്റെ യുവനേതാവ് വി.ടി. ബല്‍റാം 2011-ല്‍ പിടിച്ചെടുത്തതോടെയാണ് കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയത്. 2016-ലും വി.ടി. ബല്‍റാം മണ്ഡലം നിലനിര്‍ത്തി. ഇക്കുറിയും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേതന്നെ തൃത്താലയെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ മുറുകി.

മികച്ച പര്‍ലമെന്റേറിയനെന്ന വിശേഷണത്തിന് ഉടമയായ മുന്‍ എം.പി. എം.ബി. രാജേഷ് ഇടതു സ്ഥാനാര്‍ഥിയായി എത്തിയതോടെയാണ് മത്സരം വീണ്ടും വീറുറ്റതായത്.  പത്തു വര്‍ഷത്തെ പ്രവര്‍ത്തനവും മണ്ഡലക്കാരനെന്ന പരിചയസമ്പന്നതയും ബല്‍റാമിന് നേട്ടം. തൃത്താലയില്‍ പത്തു വര്‍ഷം കൊണ്ടുവന്ന വികസനനേട്ടങ്ങള്‍ തന്നെയാണ് പ്രചാരണവിഷയവും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴു പഞ്ചായത്തുകളില്‍ ഒരെണ്ണം മാത്രമാണ് യു.ഡി.എഫിനൊപ്പമുണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി നാലു പഞ്ചായത്തുകളില്‍ ഭരണംകിട്ടിയതും യു.ഡി.എഫിന് പ്രതീക്ഷയാണ്. തൃത്താലയെ മാറ്റിയെടുക്കുമെന്ന പ്രചാരണമാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി ശങ്കു ടി. ദാസ് നടത്തുന്നത്. ശബരിമല വിഷയത്തില്‍ ആചാരണസംരക്ഷണ പ്രര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയയാളാണ് അദ്ദേഹം.

തവനൂര്‍

മലപ്പുറം ജില്ലയില്‍ ഏറ്റും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന മണ്ഡലം ഫിറോസ് കുന്നംപറമ്പില്‍ എന്ന ജീവകാരുണ്യപ്രവര്‍ത്തകന്റെ സ്ഥാനാര്‍ഥിത്വത്തോടെ മത്സരം കടുത്തു. സാമൂഹികമാധ്യമങ്ങളില്‍ കാണുന്ന പോരും വാശിയും വോട്ടില്‍ പ്രതിഫലിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്. 2011-ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടാണ് ജലീല്‍ തേരോട്ടം തുടരുന്നത്. ഇത്തവണ ആ ഭൂരിപക്ഷം കൂട്ടാനായാണ് ജലീലിന്റെ ശ്രമമെങ്കില്‍ സകല കരുത്തുമുപയോഗിച്ച് അഭിമാന പോരാട്ടമായാണ് യു.ഡി.എഫ്. ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. എന്‍.ഡി.എയ്ക്കുവേണ്ടി രമേശ് കോട്ടയപ്പുറത്തും കരുത്തുതെളിയിക്കാന്‍ രംഗത്തുണ്ട്.

പൊന്നാനി

മലപ്പുറത്ത് സി.പി.എമ്മിന്റെ ഏറ്റവും വിശ്വസ്ത മണ്ഡലമാണ് പൊന്നാനി. ഇടതുപക്ഷം 15 വര്‍ഷമായി പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന ഇളക്കംതട്ടാത്ത കോട്ടയാണിത്. എന്നാല്‍, സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന തര്‍ക്കം മണ്ഡലത്തില്‍ ഇടത് പ്രതീക്ഷകള്‍ക്ക് വിള്ളല്‍ വീഴ്ത്തി. മണ്ഡലം തിരിച്ചുപിടിക്കാന്‍ യുവരക്തമായ അഡ്വ. എ.എം. രോഹിത്തിനെയാണ് കോണ്‍ഗ്രസ് ഇറക്കിയിട്ടുള്ളത്. റിട്ട.പോലീസ് ഉദ്യോഗസ്ഥന്‍ സുബ്രഹ്‌മണ്യന്‍ ചുങ്കപ്പള്ളിയാണ് എന്‍ഡിഎക്കായി മത്സരിക്കുന്നത്.

നിലമ്പൂര്‍

മണ്ഡലം രൂപവത്കരിച്ചതിനുശേഷം 1965-ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് 1967-ല്‍ നടന്ന തിരഞ്ഞെടുപ്പിലും ഇടതുപക്ഷമാണ് വിജയിച്ചതെങ്കിലും പിന്നീട് ദീര്‍ഘകാലം യു.ഡി.എഫിന്റെ കൈയിലായിരുന്നു നിലമ്പൂര്‍ മണ്ഡലം. യു.ഡി.എഫിന്റെ ഉറച്ച കോട്ടയെന്ന് നിലമ്പൂരിനെ വിശേഷിപ്പിച്ചു വരുമ്പോഴാണ് കഴിഞ്ഞ 2016-ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായ പി.വി. അന്‍വര്‍ യു.ഡി.എഫില്‍നിന്ന് പിടിച്ചെടുക്കുന്നത്. 30 വര്‍ഷം തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ 11,504 വോട്ടിന് പരാജയപ്പെടുത്തിയാണ് അന്‍വര്‍ പിടിച്ചെടുത്തത്. ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്ന് അന്‍വര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ചില അടിയൊഴുക്കുകള്‍ പ്രകടമാണ്.

കോഴിക്കോട് നോര്‍ത്ത്

പതിനഞ്ച് വര്‍ഷം മുമ്പ് ഡി.വൈ.എഫ്.ഐയുടെ കരുത്തനായ നേതാവ് എ. പ്രദീപ് കുമാര്‍ കോഴിക്കോട് ഒന്നെന്ന മണ്ഡലത്തിലേക്ക് മത്സരിക്കാനെത്തുന്നത് വരെ ഇരു മുന്നണികളേയും മാറി മാറി പരീക്ഷിച്ചിരുന്നു മണ്ഡലം. എ. സുജനപാലെന്ന കരുത്തനായ കോണ്‍ഗ്രസ് നേതാവിനെ അട്ടിമറിച്ച് പ്രദീപ് കുമാര്‍ തേരോട്ടം തുടങ്ങിയതോടെ പിന്നെ ഇടതു കോട്ടയായി കോഴിക്കോട് ഒന്ന്.

മൂന്ന് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മത്സരിക്കേണ്ടെന്ന സി.പി.എം. തീരുമാനത്തില്‍ പ്രദീപ് കുമാര്‍ മാറിയപ്പോള്‍ ഇത്തവണ മണ്ഡലം നിലനിര്‍ത്താനുള്ള ചുമതല മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനായി. എതിരാളിയായി എത്തിയിരിക്കുന്നത് വിദ്യാര്‍ഥി സമരങ്ങളിലെ കരുത്തനായ സാരഥി കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റ്  കെ.എം. അഭിജിത്താണ്. എന്‍.ഡി.എയില്‍ നിന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും മത്സരത്തിനെത്തുമ്പോള്‍ മണ്ഡലം ശക്തമായി ത്രികോണ മത്സരത്തിന്റെ സ്വഭാവത്തിലായി.

കൊടുവള്ളി

കോഴിക്കോട് ജില്ലയില്‍ യു.ഡി.എഫിന്റെ ഇളക്കമില്ലാത്ത കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന മണ്ഡലമായിരുന്നു കൊടുവള്ളി. രണ്ട് തവണ ആ കോട്ട ഇളകിയതോടെ പ്രവചനാതീതമായി മാറിയിരിക്കുകയാണ് ഈ മണ്ഡലത്തിലെ സ്ഥിതി. ഇത്തവണ മുസ്ലിം ലീഗിലെ എം.കെ. മുനീറിനെയാണ് മണ്ഡലം പിടിക്കാന്‍ യു.ഡി.എഫ്. ഇറക്കിയിരിക്കുന്നത്. എല്‍.ഡി.എഫില്‍നിന്ന് സിറ്റിങ് എം.എല്‍.എ. കാരാട്ട് റസാഖ് തന്നെയാണ് മത്സരരംഗത്തുള്ളത്. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറിയായ ടി. ബാലസോമനാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി.

നാദാപുരം

കോഴിക്കോട് ജില്ലയില്‍ സി.പി.ഐ മത്സരിക്കുന്ന ഏക സീറ്റായ നാദാപുരത്തും ഇത്തവണ കനത്ത പോരാട്ടമെന്നാണ് വിലയിരുത്തല്‍. മത്സരരംഗത്തുള്ളത്  പഴയ മുഖങ്ങള്‍ തന്നെയാണെങ്കിലും കെ.പ്രവീണ്‍കുമാര്‍ വലിയ വെല്ലുവിളി ഉയര്‍ത്താനുള്ള സാധ്യതയുണ്ട്. 2016-ല്‍ ഇടതു തരംഗമുണ്ടായപ്പോള്‍ പോലും ഇ.കെ. വിജയന് 4759 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. എന്നാല്‍, പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷം മണ്ഡലത്തില്‍ സജീവമായ പ്രവീണ്‍കുമാര്‍ ഇത്തവണ നാദാപുരത്തെ  ചരിത്രം  തിരുത്തുമോയെന്ന് കാത്തിരിന്ന് കാണേണ്ട വസ്തുതയാണ്. എല്‍.ഡി.എഫിനായി ഇ.കെ. വിജയന്‍ വീണ്ടുമിറങ്ങുമ്പോള്‍ ബി.ജെ.പിയെ എംപി.രാജനെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.കുറ്റ്യാടി

മുന്നണി തീരുമാനത്തിനെതിരേ സി.പി.എം. പ്രവര്‍ത്തകര്‍ ഒന്നാകെ തെരുവിലിറങ്ങിയ കുറ്റ്യാടി ഇത്തവണ ഇടതുപക്ഷത്തേയും സി.പി.എമ്മനിയേും ചെറുതായൊന്നുമല്ല ഞെട്ടിച്ചു കളഞ്ഞത്. പ്രവര്‍ത്തക പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥിയെ മാറ്റുന്ന അപൂര്‍വ കാഴ്ചവരെ  കുറ്റ്യാടിയില്‍ കണ്ടു.പ്രവര്‍ത്തകരുടെ  പ്രതിഷേധത്തെ  തുടര്‍ന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി കുഞ്ഞമ്മദ് കുട്ടിയെ സി.പി.എം. സ്ഥാനാര്‍ഥിയാക്കി. കേരള കോണ്‍ഗ്രസ്(എം) പിന്‍മാറുകയും ചെയ്തു. ഇതോടെ ഇടത് പ്രചാരണം ചൂട് പിടിച്ചെങ്കിലും സ്ഥാനാര്‍ഥി പ്രഖ്യാപനം മുന്നെ തന്നെ കുറ്റ്യാടിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ലീഗ് സിറ്റിംഗ് എം.എല്‍.എ. പാറക്കല്‍ അബ്ദുള്ള ഒരു പടി മുന്നിലാണ്. 2016-ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആയിരുന്ന കെ.കെ ലതികയെ 1901 ഭൂരിപക്ഷത്തിനാണ് പാറക്കല്‍ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചത്.

അഴിക്കോട്

കണ്ണൂര്‍ ജില്ലയില്‍ ഒരു എ ക്ലാസ് പോരാട്ടം നടക്കുന്നുണ്ടെങ്കില്‍ അത് അഴീക്കോട് മണ്ഡലത്തിലാണ്. ഹാട്രിക് നേടാന്‍ യു.ഡി.എഫിലെ കെ.എം. ഷാജിയും കഴിഞ്ഞ രണ്ട് ടേമിലും ചെറിയ ഭൂരിപക്ഷത്തില്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫിലെ കെ.വി. സുമേഷും രംഗത്തിറങ്ങിയിരിക്കുന്നു. നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള വാശിയേറിയ പോരാട്ടമാണ് അഴീക്കോട്ടേത്.

2011ല്‍, മണ്ഡല പുനര്‍വിഭജനത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ അന്നത്തെ സിറ്റിങ് എം.എല്‍.എ. എം. പ്രകാശനെ 493 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് കെ.എം. ഷാജി ആദ്യമായി അഴീക്കോടിന്റെ പ്രതിനിധിയായത്. കഴിഞ്ഞതവണ എം.വി. രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ നികേഷ്‌കുമാറിനെയും പരാജയപ്പെടുത്തി. 2287 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. രണ്ട് ടേം പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസം ഉണ്ടെങ്കിലും ഇത്തവണ ഷാജിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. അനധികൃത സ്വത്ത് സമ്പാദനം, പ്ലസ്ടു കോഴ ആരോപണം തുടങ്ങിയ കേസുകളുടെ പൊല്ലാപ്പ് ഷാജിക്ക് മേലെയുണ്ട്. മുന്‍തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിഭിന്നമായി വോട്ട് വിഹിതം വന്‍തോതില്‍ വര്‍ധിപ്പിക്കാനാവുമെന്നാണ് എന്‍.ഡി.എ. പ്രതീക്ഷ. ബിജെപി സംസ്ഥാന സെക്രട്ടറി കൂടിയായ കെ. രഞ്ജിത്ത് ആണ് ഇത്തവണ അഴീക്കോട് നിന്നും എന്‍.ഡി.എയ്ക്ക് വേണ്ടി ജനവിധി തേടുന്നത്.

ഇരിക്കൂര്‍

1982 മുതല്‍ 2016 വരെയുള്ള 34 വര്‍ഷത്തില്‍ കേരളത്തിന്റെ രാഷ്ട്രീയഭൂമികയില്‍ മാറ്റം പലതു വന്നിട്ടും യു.ഡി.എഫ്. പക്ഷത്തുനിന്നു ഇരിക്കൂര്‍. മണ്ഡലഘടന പ ലതവണ മാറി. പക്ഷേ, കോണ്‍ഗ്രസില്‍ എ പക്ഷത്തെ നയിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ കോട്ടയംകാരന്‍ കെ.സി. ജോസഫ് മണ്ഡലം കാത്തു. ഭൂരിപക്ഷം ഏറിയും കുറഞ്ഞും നിന്നെങ്കിലും. അങ്ങനെ പുതുപ്പള്ളിപോലെ എ ഗ്രൂപ്പിന്റെ ഉറച്ചമണ്ഡലമായി ഇതും. എന്നാല്‍ ഇത്തവണ ഐ ഗ്രൂപ്പിന്റെ സജീവ് ജോസഫ് ഹൈക്കമാന്‍ഡ് നോമിനിയായി രംഗപ്രവേശംചെയ്തു. തദ്ദേശീയനായ സ്ഥാനാര്‍ഥിയെ അവര്‍ക്ക് കിട്ടി. പക്ഷേ, കോണ്‍ഗ്രസിലെ സന്തുലിതാവസ്ഥ തെറ്റി. പാര്‍ട്ടി ഓഫീസ് അടച്ചിടലും കരിങ്കൊടിനാട്ടലും ധര്‍ണയും മറ്റുമായി അത് പുറത്തേക്കുവന്നു. ഉമ്മന്‍ ചാണ്ടി നേരിട്ട്വന്നു അണികളെ സമാധാനിപ്പിക്കാന്‍. ഇടതുമുന്നണി ഇത്രനാളും എഴുതിത്തള്ളിയിരുന്ന സീറ്റായിരുന്നു ഇത്.

തദ്ദേശ തിരഞ്ഞെടുപ്പുഫലവും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണിപ്രവേശവും നല്‍കിയ ആത്മവിശ്വാസത്തില്‍ അവര്‍ ഇക്കുറി പൊരുതാനുറച്ചു. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിലും ജനപ്രതിനിധിയായിരുന്ന മാണി ഗ്രൂപ്പ് ജില്ലാ ജനറല്‍ സെക്രട്ടറി തദ്ദേശീയനായ സജി കുറ്റിയാനിമറ്റം സ്ഥാനാര്‍ഥിയായിവന്നു. രണ്ടു തവണ നിയമസഭയിലേക്കു മത്സരിച്ച മണ്ഡലംകാരിയായ ആനിയമ്മ രാജേന്ദ്രനാണ് ബി.ജെ.പി. സ്ഥാനാര്‍ഥി.

ഉദുമ 

കാസര്‍കോട് ജില്ലയില്‍ തന്നെ ഏറ്റവും കടുത്ത മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം ഉദുമയാണ്. 1991-ന് ശേഷം ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ മണ്ഡലമാണ് ഉദുമ. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും സി.പി.എം. വ്യക്തമായ ഭൂരിപക്ഷം നേടി വിജയിച്ച മണ്ഡലം. 2016-ല്‍ കണ്ണൂരില്‍ നിന്ന് കെ.സുധാകരന്‍ വന്നപ്പോള്‍ ഭൂരിപക്ഷം 3832 ആയി ചുരുങ്ങി. പെരിയ ഇരട്ടകൊലപാതകം സജീവ ചര്‍ച്ചയാകുന്ന മണ്ഡലം. ഇടതുപക്ഷത്തിന്റെ സുരക്ഷിത കോട്ടയെന്ന ഖ്യാതി ഉദുമയെ കൈവിട്ടിട്ടുണ്ടെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

രാജ്മോഹന്‍ ഉണ്ണിത്താന് 8937 വോട്ട് ഭൂരിപക്ഷം കിട്ടിയതോടെ യു.ഡി.എഫ്. പ്രതീക്ഷയ്ക്ക് പുതു ജിവന്‍വച്ചു. ജില്ലയിലെ പൊതുസമ്മതനായ സി.എച്ച്. കുഞ്ഞമ്പുവിനെ കളത്തിലിറക്കി മണ്ഡലം നിലനിര്‍ത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. പ്രാദേശിക തിരഞ്ഞെടുപ്പില്‍ പെരിയ പഞ്ചായത്ത് പിടിക്കാനും കഴിഞ്ഞതോടെ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂടി. കാസര്‍കോട് ഡി.സി.സി. സെക്രട്ടറിയായ ബാലകൃഷ്ണന്‍ പെരിയയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി.  ത്രീകോണ മത്സരത്തിന് സാധ്യതയൊരുക്കുന്ന സ്ഥാനാര്‍ഥിയെയാണ് ബി.ജെ.പിയും കളത്തില്‍ ഇറക്കിയിരിക്കുന്നത്. മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗം എം.വേലായുധനാണ് ബി.ജെ.പിക്കായി ഉദുമയിലെ ഗോദയിലുള്ളത്.

മഞ്ചേശ്വരം

കാസര്‍കോട് ജില്ലയില്‍ ഈ തിരഞ്ഞെടുപ്പില്‍ താരപദവിയുള്ള മണ്ഡലം മഞ്ചേശ്വരമാണ്. സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്ന മറ്റൊരു പ്രധാന മണ്ഡലം. ഒരു ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച മണ്ഡലം എന്ന നിലയില്‍ ഇത്തവണയും ഈ മണ്ഡലം സംരക്ഷിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ഇതിനായാണ് മഞ്ചേശ്വരം സ്വദേശിയായ എ.കെ.എം. അഷറഫ് എന്ന യുവ പോരാളിയെയാണ് ലീഗ് മത്സരത്തിന് ഇറക്കിയിട്ടുള്ളത്. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം കിട്ടാതെ പോയത് ബി.ജെ.പിക്ക് വലിയ നിരാശയായി. വെറും 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ മുസ്ലിം ലീഗിലെ പി.ബി. അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്. ഇത്തവണ സുരേന്ദ്രന്‍ വീണ്ടും മഞ്ചേശ്വരത്ത് എത്തുമ്പോള്‍ കഴിഞ്ഞ തവണ കഷ്ടിച്ച് കൈവിട്ട മണ്ഡലം തിരികെ പിടിച്ചെടുക്കുക എന്ന പ്രതിജ്ഞയോടെയാണ്. വി.വി. രമേശനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി.

 

LEAVE A REPLY

Please enter your comment!
Please enter your name here