ഇന്ത്യയ്ക്ക് വീണ്ടും സഹായ വാഗ്ദാനങ്ങളുമായി ഗൾഫ് രാജ്യങ്ങൾ; കൂടുതൽ ഓക്‌സിജൻ കണ്ടെയ്നറുകൾ അയക്കും

0
213

ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് കൂടുതൽ സഹായം വാഗ്ദാനം ചെയ്ത് വിവിധ ഗൾഫ് രാജ്യങ്ങൾ. സൗദി അറേബ്യ ഉൾപ്പെടെ ഏറെക്കുറെ എല്ലാ ഗൾഫ് രാജ്യങ്ങളും ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഇന്ത്യയിലേക്ക് അയച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഇന്ത്യക്ക് കൈമാറുമെന്നാണ് അറിയുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നതോടെ വിമാനയാത്രാ വിലക്ക് പിൻവലിക്കുമെന്ന് വിവിധ ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.

കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഗൾഫ് ഭരണ നേതാക്കളുമായി കഴിഞ്ഞ ദിവസം ആശയവിനിമയം നടത്തിയിരുന്നു. ഖത്തർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസ്സൻ അൽഹമ്മാദി ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഖത്തർ ഉഭയകക്ഷി സഹകരണ മേഖലയിലെ ഏറ്റവും പുതിയ നീക്കങ്ങൾ ഇരുവരും വിലയിരുത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ശൈഖ് തമീം ആൽഥാനിയുമായി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യക്കും ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കും നൽകുന്ന പിന്തുണയ്ക്കും സഹായങ്ങൾക്കും പ്രധാനമന്ത്രി ഫോൺ സംഭാഷണത്തിനിടെ നന്ദിയർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here