ഇതും കൊവിഡിന്റെ ലക്ഷണമാകാം; അവ​ഗണിക്കരുതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

0
792

കൊവിഡ്‌ 19 രണ്ടാം തരംഗം രാജ്യത്തുടനീളം ഭീതി വിതച്ച് കൊണ്ടിരിക്കുകയാണ്. ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് കൂടുതല്‍ ആളുകളിലേക്ക് പകരുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുകയാണ്.  കൊവി‍ഡ് പിടിപെടുന്നവരിൽ ലക്ഷണങ്ങള്‍ വ്യക്തമായ രീതിയില്‍ പ്രകടമാകുന്നില്ല എന്നതും സാഹചര്യത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. എന്നാല്‍ ശരീരത്തില്‍ അസാധാരണമായ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോ എന്ന കാര്യം സ്വയം പരിശോധിക്കേണ്ടതുണ്ട്.

കൊറോണ വൈറസിന്റെ ആദ്യ തരംഗത്തിൽ മുമ്പ് കണ്ടുവരാത്ത അവ്യക്തവും അസാധാരണവുമായ ലക്ഷണങ്ങൾ കാണിക്കുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ചുമ, പനി, ജലദോഷം, ശ്വാസതടസം, ശരീരവേദന, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയെല്ലാമാണ് സാധാരണഗതിയില്‍ കൊവിഡ് ലക്ഷണങ്ങളായി പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ഇതൊന്നും അല്ലാതെ മറ്റ് ചില ലക്ഷണങ്ങൾ കൂടി കൊവി‍ഡ് ബാധിക്കുന്നവരിൽ കണ്ട് വരുന്നതായി വിദ​ഗ്ധർ പറയുന്നു.

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുത്തനെ താഴേക്ക് പോകുന്നത് മൂലമുണ്ടാകുന്ന കടുത്ത ക്ഷീണം കൊവിഡ് 19 ന്റെ ആരംഭത്തിന്റെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ലക്ഷണം അവഗണിച്ചാല്‍ രോഗം ഗുരുതരമാകാനിടയുണ്ട്. വൈറസ് മൂലമുള്ള രോഗങ്ങള്‍ പിടിപെടുമ്പോള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ തോത് കുറയാറുണ്ട്. അതിനാല്‍ ക്ഷീണവും അസ്വസ്ഥതകളും അനുഭവപ്പെട്ടാല്‍ അവഗണിക്കരുതെന്നും നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊവിഡ്-19 പരിശോധന നടത്തണമെന്നും കെജിഎംയുവിലെ ശ്വാസകോശ രോഗ വിദഗ്ധനായ പ്രൊഫ. സന്തോഷ് കുമാര്‍ പറഞ്ഞു.

ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായ മറ്റ് പൊതുവായ ലക്ഷണങ്ങളും കോവിഡ്-19 കാണിക്കുമെങ്കിലും അതിസാരം, കണ്ണുകളിലെ ചുവപ്പ്, ചര്‍മ്മത്തില്‍ തടിപ്പ്, ക്ഷീണം എന്നിവയും പുതിയ രോഗലക്ഷണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുമ്പോള്‍ പലപ്പോഴും ആളുകള്‍ ഡെങ്കിപ്പനി പോലുള്ള മറ്റ് രോഗങ്ങളാണ് സംശയിക്കാറ് പതിവ്. കടുത്ത ക്ഷീണവും അസ്വസ്ഥതകളും അനുഭവപ്പെടുകയാണെങ്കില്‍ നിർബന്ധമായും കൊവിഡ് 19 പരിശോധന നടത്തണമെന്നും ബിസിനസ്സ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു.

പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുമ്പോൾ പിന്നീട് ശ്വാസതടസ്സമുണ്ടാകാനും സാധ്യത ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here