വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ബി.ജെ.പിയുടെ പരാതി; മഞ്ചേശ്വരത്തെ ബൂത്തിലെത്തി പ്രതിഷേധിച്ച് കെ.സുരേന്ദ്രന്‍

0
447

മഞ്ചേശ്വരം: നിയോജകമണ്ഡലത്തിലെ ഒരു ബൂത്തിലെത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ കെ. സുരേന്ദ്രന്‍.

മഞ്ചേശ്വരത്തെ കന്യാലിയിലെ 130ാം ബൂത്തിലാണ് പരാതിയുയര്‍ന്നത്. ആറ് മണിക്ക് ശേഷം എത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഇതേ തുടര്‍ന്ന് കെ.സുരേന്ദ്രന്‍ ബൂത്തിലെത്തി പ്രതിഷേധിക്കുകയാണ്.

അതേസമയം മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് അവസാനിച്ച മണിക്കൂറുകളിലെ കണക്ക് പ്രകാരം 76.61 ശതമാനം പോളിംഗാണ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്.

കഴിഞ്ഞ തവണ 76.31 ശതമാനമായിരുന്നു പോളിംഗ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കഴിഞ്ഞ തവണ 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം.

ഇത്തവണയും സുരേന്ദ്രന്‍ തന്നെയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് സെക്രട്ടറി എ.കെ.എം അഷ്റഫാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സി.പി.ഐ.എമ്മിന്റെ വി.വി രമേശനാണ് എല്‍.ഡി.എഫിനായി മത്സരിക്കുന്നത്.

അതേസമയം മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കാന്‍ എസ്.ഡി.പി.ഐ തീരുമാനിച്ചിരുന്നു. എല്‍.ഡി.എഫ്, യു.ഡി.എഫിനെ മഞ്ചേശ്വരത്ത് പിന്തുണയ്ക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here