‘റമദാനില്‍ പള്ളികളില്‍ എത്തുന്ന വിശ്വാസികള്‍ കൊവിഡ് പ്രോട്ടോക്കാള്‍ പാലിക്കണം’; മുസ്‌ലിം സംഘടനകള്‍

0
420

കോഴിക്കോട്: റമദാനില്‍ പള്ളികളില്‍ ആരാധനക്കെത്തുന്ന വിശ്വാസികള്‍ കൊവിഡിന്റെ വ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനം.

കൊവിഡ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ആരാധനാലയങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പെരുമാറണമെന്നും മഹല്ല് വാസികളില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ കഴിയുന്നതും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്നും യോഗം വിശ്വാസികളോട് ആവശ്യപ്പെട്ടു.

പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും ചുമ, പനി, ജലദോഷം എന്നിവ ഉള്ളവരും പള്ളിയില്‍ വരാതിരിക്കുക, കൃത്യമായി മാസ്‌ക് ധരിച്ച് മാത്രം പള്ളികളില്‍ പ്രവേശിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, പള്ളിയില്‍ അകത്തേക്ക് കയറുന്നതും തിരിച്ചിറങ്ങുന്നതും രണ്ട് വഴികളിലൂടെയായി ക്രമീകരിക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്ത യോഗം മുക്കം ഉമ്മര്‍ ഫൈസി നിയന്ത്രിച്ചു.

അതേസമയം കേരളത്തിലും വാക്സിന്‍ ക്ഷാമം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. രാജ്യത്തെ ലഭ്യത ഉറപ്പാക്കാതെ വിദേശത്തേക്ക് വാക്സിന്‍ കയറ്റിയയച്ച കേന്ദ്ര നടപടി ശരിയായില്ലെന്നും കെ.കെ ശൈലജ പറഞ്ഞു. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ കേരളം പഴയ നിയന്ത്രണങ്ങളിലേക്ക് തിരിച്ചുപോകേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ലോകത്ത് വലിയ തോതില്‍ വീണ്ടും കൊവിഡ് വ്യാപനം വീണ്ടും ഉണ്ടായിരിക്കുകയാണ്. രാജ്യത്തെ സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ വര്‍ധനവുണ്ടായി. തെരഞ്ഞെടുപ്പിന് ശേഷം നമ്മള്‍ കരുതിയിരുന്നതിലും കൂടുതല്‍ വര്‍ധനവുണ്ടാകുമോയെന്നാണ് ആശങ്കയെന്നും കെ. കെ ശൈലജ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here