അബുദാബി: യാചകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മൂന്നറിയിപ്പ് നല്‍കി. സംഘടിതമായി ഭിക്ഷാടനം നടത്തുന്നവര്‍, ഭിക്ഷാടനത്തിനായി വിദേശത്ത് നിന്ന് ആളുകളെ എത്തിക്കുന്ന സംഘങ്ങള്‍ എന്നിവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന്‍ സമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

യുഎഇയിൽ ഭിക്ഷാടനം നടത്തുന്നവർക്ക് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവുമായിരിക്കും ശിക്ഷയായി ലഭിക്കുകയെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നല്‍കി. ആരോഗ്യവും മറ്റ് വരുമാന മാര്‍ഗവുമുള്ളയാളുകള്‍ പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ യാചന നടത്തുക, പരിക്കുകളോ അല്ലെങ്കിൽ സ്ഥിരമായ വൈകല്യങ്ങളോ ഉള്ളതായി ഭാവിച്ച് ജനങ്ങളെ കബളിപ്പിക്കുക തുടങ്ങിയവയ്ക്ക് കഠിനമായ ശിക്ഷ ലഭിക്കും.

യാചകരുടെ പ്രൊഫഷണൽ സംഘങ്ങൾ നടത്തുന്നവർക്കും രാജ്യത്തിന് പുറത്തുനിന്ന് ഭിക്ഷാടനത്തിനായി ആളുകളെ എത്തിക്കുന്നവര്‍ക്കും ആറുമാസത്തില്‍ കുറയാത്ത ജയില്‍ ശിക്ഷയും കുറഞ്ഞത് 1,00,000 ദിർഹം പിഴയും ശിക്ഷ ലഭിക്കും. സംഘടിത ഭിക്ഷാടനത്തിൽ പങ്കെടുക്കുന്നവർക്കും മൂന്നുമാസം വരെ തടവും 5,000 ദിര്‍ഹം പിഴയും ശിക്ഷ ലഭിക്കുമെന്ന് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.