Saturday, May 8, 2021

മകള്‍ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന കാര്യം ആ ഉമ്മയുണ്ടോ അറിയുന്നു; തീരാവേദന പങ്കുവെച്ച് പോലീസ് ഉദ്യോഗസ്ഥന്‍

Must Read

ഏവരെയും നടുക്കിയ സംഭവമായിരുന്നു വളാഞ്ചേരിയിലെ സുബീറ ഫർഹത്തിന്റെ കൊലപാതകം. കാണാതായി 40 ദിവസം പിന്നിട്ടതിന് ശേഷമാണ് വീടിന് തൊട്ടടുത്ത പറമ്പിൽ സുബീറയെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം പുറത്തുവന്നത്. പ്രതിയായ അയൽക്കാരൻ അൻവറിനെ പോലീസ് പിടികൂടുകയും ചെയ്തു. ഏറെ വെല്ലുവിളികൾ നിറഞ്ഞ കേസിൽ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് സുബീറയെ കൊലപ്പെടുത്തിയത് അൻവറാണെന്ന് പോലീസിന് കണ്ടെത്താനായത്. വെറും മൂന്ന് പവൻ സ്വർണാഭരണത്തിന് വേണ്ടിയായിരുന്നു യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു.

നാട്ടുകാരെ ഞെട്ടിച്ച കൊലക്കേസിന്റെ നിർണായകഘട്ടത്തിൽ ഏറെ സങ്കടകരമായ രംഗങ്ങൾക്കാണ് അന്വേഷണ ഉദ്യോഗസ്ഥർ സാക്ഷ്യംവഹിച്ചത്. ആ സംഭവം ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുകയാണ് വളാഞ്ചേരി സി.ഐ.യും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ പി.എം. ഷെമീർ. മകൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒരു ഉമ്മയെക്കുറിച്ച് അദ്ദേഹം എഴുതിയ കുറിപ്പ് ഇങ്ങനെ…

സുബീറ ഫർഹത്തിന്റെ തിരോധാനം… ഒരു നൊമ്പരക്കാഴ്ച

”വളാഞ്ചേരി കഞ്ഞി പുരയിൽ ഒരു മാസത്തിലേറെയായി കാണാതായ 21 കാരിയുടെ മൃതദേഹം കിട്ടിയതും വളരെ വിദഗ്ദമായ അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തിയതും സർവീസ് ജീവിതത്തിലെ അവിസ്മരണീയവും അഭിമാനകരവും ആയ സംഭവമാണ്. പെൺകുട്ടിയെ കാണാതായതിനു തൊട്ടുപിറകെ ബന്ധുക്കളുടേയും നാട്ടുകാരുടേയും വിശ്വാസം ഏറ്റെടുത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുവാൻ കഴിഞ്ഞതുകൊണ്ടാണ് പോലീസിനെതിരെ യാതൊരുവിധ ആക്ഷേപങ്ങളും ഇല്ലാതെ കേസ് അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞത്.

സുബീറ എന്ന പെൺകുട്ടി രാവിലെ 9 മണിക്ക് സാധാരണ പോകാറുള്ളത് പോലെ തൊട്ടടുത്ത ടൗണിലെ ക്ലിനിക്കിലേക്ക് ജോലിക്ക് പോയതായിരുന്നു. അതിനുശേഷം നാൽപ്പതാം ദിവസം പെൺകുട്ടിയെ സ്വന്തം വീടിന് 300 മീറ്റർ അകലെയുള്ള പറമ്പിൽ കുഴിച്ചു മൂടപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് നാടും നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഒഴുകി.

കേസന്വേഷണത്തിന്റെ ഭാഗമായി ശാസ്ത്രീയ പരിശോധനക്ക് പെൺകുട്ടി ഉപയോഗിച്ചിരുന്ന സ്വകാര്യ വസ്തുക്കൾ എന്തെങ്കിലും കിട്ടുമോ എന്നറിയാൻ പോലീസുകാരെ പെൺകുട്ടിയുടെ വീട്ടിലേക്ക് അയക്കുകയുണ്ടായി. ഒരു ദുരന്തം നടന്നാൽ അത് ഏറ്റവും അവസാനം അറിയുന്നത് ബന്ധപ്പെട്ട വീട്ടുകാർ ആയിരിക്കും എന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള കാര്യമാണ്. ഇവിടെയും അനുഭവം മറ്റൊന്നായിരുന്നില്ല. സ്വന്തം മകളെ കണ്ടെത്തി എന്ന പ്രതീക്ഷ നിറഞ്ഞ മനസ്സോടെ കൂടിയാണ് പെറ്റമ്മ പോലീസുകാരെ സ്വീകരിച്ചത്. ആ ഉമ്മ നൽകിയ വസ്തുക്കളുമായി പോലീസുകാർ സ്റ്റേഷനിലേക്ക് തിരിച്ചെത്തി. അത് തുറന്നുനോക്കിയപ്പോൾ അതിലെ കാഴ്ച ദയനീയമായിരുന്നു. ഒരു പെൺകുട്ടിക്ക് ധരിക്കുവാൻ ആവശ്യമായ എല്ലാ വസ്ത്രങ്ങളും ഒരു ബ്രഷ്, പേസ്റ്റ് ഒരു ചെറിയ കുപ്പി വാസന പൗഡർ എന്നിവയാണ് അതിലുണ്ടായിരുന്നത്. ഏതോ ദുരവസ്ഥയിൽ നിന്നും തന്റെ മകളെ കണ്ടെത്തി എന്ന പ്രതീക്ഷ ആയിരിക്കാം ആ ഉമ്മയെ ഈ വസ്തുക്കൾ തന്നയക്കാൻ പ്രേരിപ്പിച്ചത്. തന്റെ മകൾ മണ്ണിൽ അലിഞ്ഞു ചേർന്ന കാര്യം ആ ഉമ്മയുണ്ടോ അറിയുന്നു? ഒരു മാതാവിനു മാത്രമല്ലേ അത്തരം പ്രതീക്ഷകൾ വച്ചു പുലർത്താൻ പറ്റൂ..ഔദ്യോഗിക ജീവിതത്തിൽ പലപ്പോഴും പല രീതിയിലുള്ള സംഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആ ഉമ്മയുടെ പ്രതീക്ഷ ഒരു തീരാ വേദനയായി അവശേഷിക്കും. ദൈവം അവരുടെ മനസ്സിന് ശാന്തി നൽകട്ടെ….”

 

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

വെടിയുണ്ടകൾക്ക് നടുവിലും അവർ നമസ്‌കാരത്തിലായിരുന്നു; ഇസ്രയേല്‍ വേട്ടക്കിടെ മസ്ജിദുൽ അഖ്‌സയിലെ കാഴ്ചകൾ

മസ്ജിദുൽ അഖ്‌സയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനിടയിലും പതറാതെ ആരാധന തുടരുന്ന വിശ്വാസികളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഇസ്രയേൽ പട്ടാളക്കാർ സ്റ്റൺ ഗ്രനേഡുകളും റബർ ബുള്ളറ്റുകളുമായി...

More Articles Like This