നോമ്പെടുത്തിട്ടും 20 ഓവർ വിക്കറ്റ് കാത്തു, പിന്നെ 18 ഓവർ ബാറ്റിങ്ങും: റിസ്‌വാന് കയ്യടിച്ച് അസം

0
279

സെഞ്ചൂറിയൻ∙ റമസാൻ മാസത്തിലെ നോമ്പിന്റെ കാഠിന്യത്തിലും ദീർഘനേരം വിക്കറ്റ് കീപ്പറായി നിൽക്കുകയും പിന്നീട് ഓപ്പണറായി ഇറങ്ങി നീണ്ട ഇന്നിങ്സ് കളിക്കുകയും ചെയ്ത പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ മുഹമ്മദ് റിസ്‌വാനെ പുകഴ്ത്തി ക്യാപ്റ്റൻ ബാബർ അസം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യിലെ തകർപ്പൻ വിജയത്തിനു പിന്നാലെയാണ് റിസ്‌വാനെ അസം അഭിനന്ദിച്ചത്. മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യുമ്പോൾ 20 ഓവർ വിക്കറ്റ് കാത്ത റിസ്‌വാൻ, തുടർന്ന് ഓപ്പണറായെത്തി അസമിനൊപ്പം 197 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടിലും പങ്കാളിയായിരുന്നു.

സെഞ്ചൂറിയനിൽ നടന്ന മൂന്നാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്ക ഉയർത്തി 204 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ, ബാബർ അസമിന്റെ െസഞ്ചുറിയുടേയും റിസ്‌വാന്റെ അർധസെഞ്ചുറിയുടെയും കരുത്തിൽ രണ്ട് ഓവർ ബാക്കിനിൽക്കെ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ വിജയം നേടിയിരുന്നു. മത്സരത്തിൽ അസം 59 പന്തിൽ 122 റൺസെടുത്ത് അവസാന നിമിഷം പുറത്തായപ്പോൾ, റിസ്‌വാൻ 47 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്ുസം സഹിതം 73 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ പാക്കിസ്ഥാൻ 2–1ന് മുന്നിലെത്തുകയും ചെയ്തു.

മത്സരശേഷം സംസാരിക്കുമ്പോഴാണ് നോമ്പെടുത്തിട്ടും ദീർഘനേരം മൈതാനത്ത് നിന്ന് പാക്കിസ്ഥാന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച റിസ്‌വാനെ അസം അഭിനന്ദിച്ചത്.

‘റിസ്‌വാനൊപ്പമുള്ള കൂട്ടുകെട്ട് മികച്ചതായിരുന്നു. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം അംഗീകരിച്ചേ തീരൂ. കാരണം, നോമ്പെടുക്കുമ്പോൾ കളിക്കുന്നതുതന്നെ വളരെ ബുദ്ധിമുട്ടാണ്. അതിനിടെയാണ് അദ്ദേഹം ആദ്യ ഇന്നിങ്സിലുടനീളം വിക്കറ്റ് കീപ്പറുടെ ജോലി ചെയ്തശേഷം തൊട്ടുപിന്നാലെ 18 ഓവർ തുടർച്ചയായി ബാറ്റു ചെയ്തത്’ – അസം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here