നിരവധി കേസുകളില്‍ പ്രതിയായ ഉപ്പള സ്വദേശിയടക്കം 2 പേർ പിടിയിൽ

0
699

മഞ്ചേശ്വരം: കവര്‍ച്ചാകേസില്‍ രണ്ടുപ്രതികളെ മഞ്ചേശ്വരം എസ്.ഐ എന്‍.പി രാഘവനും സംഘവും അറസ്റ്റ് ചെയ്തു. ഉപ്പളയിലെ റഊഫ് (47), കോഴിക്കോട്ടെ ഷൈജു (38) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കുന്നതിനിടെയാണ് ഇരുവരേയും നാട്ടുകാര്‍ പിടികൂടിയത്. രണ്ടുമാസം മുമ്പ് ഉപ്പളയിലെ പോസ്റ്റ് ഓഫീസ് കുത്തിത്തുറന്ന് പണം കവരുകയും ഓഫീസിനകത്തെ കാബിന്‍ ഗ്ലാസുകള്‍ തല്ലിത്തകര്‍ക്കുകയും ഫയലുകള്‍ കീറി നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് റഊഫെന്ന് പൊലീസ് പറഞ്ഞു.

ഷൈജുവിനെതിരെ ആദൂര്‍, ബദിയടുക്ക, കാസര്‍കോട്, കുമ്പള, കോഴിക്കോട്, കൊയിലാണ്ടി എന്നീ പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 30ല്‍പരം കേസുകളുള്ളതായി പൊലീസ് പറയുന്നു. രണ്ടുമാസം മുമ്പ് മണിമുണ്ടയിലെ അര്‍ഷിദിനെ കടയില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലും അന്നേദിവസം വൈകിട്ട് ഇതുസംബന്ധിച്ച് പരാതി നല്‍കി മടങ്ങുകയായിരുന്ന അര്‍ഷിദിന്റെ ഭാര്യയേയും മക്കളേയും വടിവാള്‍ വീശി ഓടിക്കുകയും ഓമ്‌നി വാന്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത കേസില്‍ റഊഫ് ഒളിവിലായിരുന്നു. അര്‍ഷിദിനെ വധിക്കാന്‍ ശ്രമിച്ചതിന് മഞ്ചേശ്വരം പൊലീസ് റഊഫിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് പച്ചമ്പളയില്‍ കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്ന ഷൈജുവിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. അടുത്ത ദിവസങ്ങളിലായി കുഞ്ചത്തൂര്‍, ഹൊസങ്കടി, ഉപ്പള, ആരിക്കാടി, ബദിയടുക്ക, ഉപ്പള എന്നിവിടങ്ങളിലായി 20ലേറെ സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയാണ് കവര്‍ന്നത്. ഇന്നലെ പിടിയിലായ പ്രതികള്‍ക്ക് ഈ കവര്‍ച്ചയുമായി ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.

രണ്ട് ദിവസം മുമ്പ് പുലര്‍ച്ചെ രണ്ട് മണിക്ക് സീതാംഗോളിയില്‍ ബേക്കറി കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ കണ്ട് രണ്ടുപ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. ഇതിലൊരാള്‍ ഷൈജുവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here