ജോൺ ബ്രിട്ടാസും വി.ശിവദാസനും സിപിഎം രാജ്യസഭാ സ്ഥാനാർഥികള്‍

0
211

തിരുവനന്തപുരം: കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗം ഡോ.വി.ശിവദാസനും എൽ.ഡി.എഫ് പ്രതിനിധികളായി രാജ്യസഭയിലേക്ക് മത്സരിക്കും. സിപിഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം.

ഡോ.വി.ശിവദാസന്‍ എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റ് ആയിരുന്നു. ഇപ്പോള്‍ സിപിഎം സംസ്ഥാനസമിതി അംഗമായി പ്രവര്‍ത്തിക്കുകയാണ്.

ജോണ്‍ ബ്രിട്ടാസ് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. പിന്നീടാണ് കൈരളിയിലേക്കെത്തുന്നത്.

വിജു കൃഷ്ണന്‍, കെ.കെ.രാകേഷ് എന്നിവര്‍ അടക്കമുളളവരുടെ പേര് പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ രണ്ടുപുതുമുഖങ്ങള്‍ വരട്ടേ എന്ന തീരുമാനത്തിലേക്കാണ് അവസാനം സിപിഎം എത്തിയിരിക്കുന്നത്.  വൈകീട്ട് നാലുമണിക്ക് എല്‍ഡിഎഫ് യോഗമുണ്ട്. യോഗത്തില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
കേരളത്തിലെ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 30-നാണ് നടക്കുക. വയലാർ രവി, പി.വി. അബ്ദുൾ വഹാബ്, കെ.കെ. രാഗേഷ് എന്നിവർ ഏപ്രിൽ 21-നു വിരമിക്കുമ്പോൾ ഒഴിയുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.  30-ന് ഒമ്പതുമുതൽ നാലുവരെയാണ് വോട്ടെടുപ്പ്. അഞ്ചിന് വോട്ടെണ്ണും.

യു.ഡി.എഫിന്റെ സ്ഥാനാർഥി പി.വി. അബ്ദുൾ വഹാബ് തന്നെയാണ്. അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here