Friday, May 14, 2021

ഗര്‍ഭിണിയാണെങ്കിലും ജോലിക്കെത്തി ഡിസിപി; കൊവിഡ് വാരിയര്‍ക്ക് കയ്യടിച്ച് സൈബറിടം, വീഡിയോ

Must Read

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്‍നിര പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും പ്രചോദനവും മാതൃകയുമായി ഛത്തിസ്ഗന്ധിലെ പൊലീസ് ഉദ്യോഗ്‌സഥ. ഗര്‍ഭിണിയായിട്ടും ജോലിക്കെത്തിയ ഡിസിപി സില്‍പ സാഹുവാണ് ഇപ്പോള്‍ സൈബറിടത്തിലെ താരം. വെയിലത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ട്രാഫിക് പരിശോധന നടത്തുന്ന ശില്‍പയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്.

മാസ്‌ക് ധരിച്ച് കൈയ്യില്‍ ലാത്തിയും പിടിച്ച് റോഡിലിറങ്ങുന്നവരോട് മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടില്‍ തന്നെ ഇരിക്കാന്‍ ആവശ്യപ്പെടുകയാണ് ശില്‍പ. മാവോയിസ്റ്റ് പ്രശ്‌നബാധിത മേഖലയായ ബസ്താര്‍ ഡിവിഷനിലെ ദന്തേവാഡയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. സ്വന്തം ആരോഗ്യത്തെ മാറ്റി നിര്‍ത്തി ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കിയ ശില്‍പക്ക് പ്രശംസയുമായി നിരവധി പേരാണ് മുന്നോട്ട് വന്നത്.

അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനം ദിനം പ്രതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇന്നലെ 2.59 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1761 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ 2 ലക്ഷം കവിയുന്നത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ 1.53 കോടിയിലധികമാണ്.

കൊവിഡ് തീവ്രമായ മഹാരാഷ്ട്രയില്‍ 58,924 പുതിയ കൊറോണ വൈറസ് കേസുകളും 351 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ സാഹചര്യം കണക്കിലെടുത്തു ഡല്‍ഹിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എല്ലാ സ്വകാര്യ ഓഫീസുകള്‍ക്കും വീട്ടില്‍ നിന്ന് പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനങ്ങളും മാത്രമേ പ്രവര്‍ത്തിക്കേണ്ടതുള്ളൂ എന്നുമാണ് അധികൃതരുടെ തീരുമാനം.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്നും ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. മെയ് ഒന്ന് മുതല്‍ 18 വയസു കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ ഏത് സംസ്ഥാനത്താണോ അവിടെ തന്നെ തുടരണമെന്നും മോദി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ വാക്കുകള്‍: ‘രാജ്യം കൊവിഡിനെതിരായ വലിയ യുദ്ധത്തിലാണ്. കൊവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റ് പോലെയാണ്. ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നുണ്ട്. വെല്ലുവിളി വലുതാണ്. ഒരുമയും കൃത്യമായ തയ്യാറെടുപ്പുകളും കൊണ്ട് കൊവിഡിനെ നമുക്ക് നേരിടാം. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഒരുലക്ഷം പുതിയ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉടന്‍ ലഭ്യമാക്കും. ഇതിനായി കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളും സ്വകാര്യമേഖലയും യോജിച്ച് പ്രവര്‍ത്തിക്കും. കൊവിഡ് വാക്‌സിന്റെ ഉത്പാദനം വര്‍ധിപ്പിക്കും. എല്ലാ മരുന്നു കമ്പനികളുടെയും സഹായമുണ്ട്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ പകുതിയും ഇവിടെ തന്നെ വിതരണം ചെയ്യും. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ‘

‘മെയ് ഒന്ന് മുതല്‍ 18 വയസു കഴിഞ്ഞവര്‍ക്ക് വാക്‌സിന്‍ നല്‍കും. 12 കോടിയിലേറെ പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. ജനങ്ങള്‍ ഇപ്പോള്‍ എവിടെയാണോ അവിടെ തന്നെ തുടരുക. ഇതരസംസ്ഥാന തൊഴിലാളികള്‍ ഏത് സംസ്ഥാനത്താണോ അവിടെ തന്നെ തുടരുക. തൊഴിലാളികള്‍ക്ക് അതത് സംസ്ഥാനങ്ങളില്‍ തന്നെ വാക്‌സിന്‍ നല്‍കണം. രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ ആവശ്യമില്ല. അതിലേക്ക് പോകാതിരിക്കാന്‍ എല്ലാ വഴിയും തേടും. ലോക്ക്ഡൗണ്‍ അവസാന ആയുധമാണ്. അത് ഒഴിവാക്കാനുള്ള നടപടികള്‍ വേണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ജനങ്ങള്‍ സ്വയം ജാഗ്രത പാലിക്കണം. യുവാക്കള്‍ കൊവിഡ് മാര്‍ഗരേഖയെക്കുറിച്ച് ബോധവത്കരണത്തിന് കമ്മിറ്റികള്‍ ഉണ്ടാക്കണം. ആവശ്യങ്ങള്‍ക്ക് അല്ലാതെ വീട്ടില്‍ നിന്ന് ആരും പുറത്തുപോകുന്നില്ലെന്ന് കുട്ടികള്‍ ഉറപ്പാക്കണം.’

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്, നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ്...

More Articles Like This