കുംഭമേളയിലെ കൊവിഡ് വ്യാപനത്തെ എതിര്‍ത്ത മാധ്യമ പ്രവര്‍ത്തക പ്രഗ്യാ മിശ്രയെ കുത്തിക്കൊന്നുവെന്നു വ്യാജ പ്രചാരണം, സത്യം ഇതാണ്

0
581

ടെലിവിഷന്‍ ആങ്കറും പത്രപ്രവര്‍ത്തകയുമായ പ്രഗ്യാ മിശ്രയെ കുത്തിക്കൊന്നുവെന്ന രീതിയില്‍ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഭാരത് സമാചാര്‍ ടെലിവിഷനിലെ പത്രപ്രവര്‍ത്തകയാണ് പ്രഗ്യാ മിശ്ര. കഴിഞ്ഞ ദിവസം കുംഭമേളയിലെ കൊവിഡ് വ്യാപനം ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു വ്യാജ വീഡിയോ ഇവരെ കൊല്ലുന്നതായ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുംഭമേള റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തക കൊല്ലപ്പെട്ടു എന്നാണ് ഇതിനു അടിക്കുറിപ്പായുള്ളത്. ലൗജിഹാദിനു വിസമ്മതിച്ച ഹിന്ദു സ്ത്രീയെ കൊന്നു എന്ന രീതിയിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഡല്‍ഹിയിലെ തെരുവില്‍ 2021 എപ്രില്‍ 11 നു ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊല്ലുന്ന വീഡിയോയാണ് പ്രഗ്യയെ കൊല്ലുന്നതായി പ്രചരിക്കുന്നത്. ഗുജ്‌റാത്ത് സ്വദേശിയായ ഹരീഷ് മേത്തയാണ് തന്റെ ഭാര്യയെ ഡല്‍ഹിയിലെ തെരുവില്‍ വെച്ച് ക്രൂരമായി കുത്തിക്കൊല്ലുന്നത്. ഡല്‍ഹി സ്വദേശിയായ നീലു എന്ന സ്ത്രീയെ മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയാണ് ഹരീഷ് പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും. നിലൂ ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.

സംശയ രോഗത്തെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ നേരത്തെ വാക്കേറ്റമുണ്ടായിരുന്നു. ജോലി ഉപേക്ഷിച്ച് വീട്ടില്‍ നില്‍ക്കാന്‍ ഹരീഷ് നീലൂവിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനു വിസമ്മതിച്ച നീലുവിന് സഹപ്രവര്‍ത്തകനുമായി അവിഹിത ബന്ധമുണ്ടെന്ന് ഇയാള്‍ സംശയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നീലു മതാപിതാക്കളോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇവരെ കുത്തിക്കൊല്ലാന്‍ ഹരീഷ് തീരുമാനിക്കുന്നത്.

എന്നാല്‍ കുംഭമേളയിലെ കൊവിഡ് വ്യാപനത്തെ എതിര്‍ത്ത മാധ്യമ പ്രവര്‍ത്തക പ്രഗ്യാ മിശ്രയെ കുത്തിക്കൊന്നുവെന്നു വ്യാജ പ്രചാരണമാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നും വരുന്നത്.

ഹത്ര കേസില്‍ ആക്റ്റിവിസ്റ്റുകളേയും മാധ്യമ പ്രവര്‍ത്തകരേയും യു.പി പൊലീസ് തടഞ്ഞപ്പോള്‍ കൊല ചെയ്യപ്പെട്ട കുടുംബത്തിനെ കാണാന്‍ പോലീസ് വലയം ലംഘിച്ചു പോവാന്‍ ശ്രമിക്കുന്ന പ്രഗ്യാ മിശ്രയുടെ വീഡിയോ സംഘ്പരിവാര്‍ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.

ഇതു മുതല്‍ ഇവര്‍ക്കെതിരേ പല തരത്തിലുള്ള വ്യാജ പ്രചരണങ്ങളും സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു വരികയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here