Friday, May 14, 2021

ഓക്സിജൻ സിലിണ്ടറുകൾ നൽകാൻ 22 ലക്ഷത്തിന്റെ കാറ് വിറ്റു; ഷാനവാസ് ഷെയ്ഖിനെ നാട്ടുകാർ വിളിക്കുന്നത് ‘ഓക്സിജൻ മാൻ’

Must Read

കോവിഡ് രണ്ടാം തരംഗത്തിൽ പകച്ച് നിൽക്കുകയാണ് രാജ്യം. മൂന്ന് ലക്ഷം കടന്നുള്ള പ്രതിദിന രോഗികൾ വന്നതോടെ തീവ്രപരിചരണം ആവശ്യം ഉള്ളവരുടെ എണ്ണവും ക്രമാതീതമായി ഉയരുന്നു. ഒക്സിജൻ സിലിണ്ടറുകളുടെ അപര്യാപ്തത മിക്ക ആശുപത്രികളിലെയും കോവിഡ് ചികിത്സയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.

ഓക്സിജൻ കിട്ടാതെ രോഗികൾ മരണപ്പെടുന്ന അവസരത്തിൽ ദൈവദൂതരെപ്പോലെ സഹായത്തിനെത്തുന്ന ചിലരുണ്ട്. മുംബൈയിലെ ഷാനവാസ് ഷെയഖ് അത്തരം ഒരാളാണ്. മലാഡ് സ്വദേശിയായ ഇദ്ദേഹത്തെ നാട്ടുകാർ ഇപ്പോൾ ‘ഓക്സിജൻ മാൻ’ എന്നാണ് വിളിക്കുന്നത്. ഒറ്റ ഫോൺ കോളിലൂടെ രോഗികൾക്ക് ഓക്സിജൻ എത്തിച്ചു നൽകുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ഷാനവാസ്. ഒരു ടീം രൂപീകരിച്ച് പ്രവർത്തിക്കുന്ന ഷാനവാസിന് സ്വന്തമായി കൺട്രോൾ റൂമും ഉണ്ട്.

കഴിഞ്ഞ വർഷം മുതൽ തന്നെ കോവിഡിനെതിരായ മുന്നണിപ്പോരാട്ടത്തിൽ ഇദ്ദേഹവും ഭാഗമാണ്. ഷാനവാസിന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ഓക്സിജൻ ലഭിക്കാതെ ഓട്ട റിക്ഷയിൽ വച്ച് കഴിഞ്ഞ വർഷം മരണപ്പെട്ടിരുന്നു. ഈ ദാരുണ സംഭവമാണ് കോവിഡ് പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള ഈ 31 കാരന്റെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയത്.

ദിവസങ്ങൾക്ക് മുമ്പ് തന്റെ 22 ലക്ഷം വിലയുള്ള ഫോർഡ് എൻഡവർ കാറ് വിറ്റാണ് ഓക്സിജൻ സിലിണ്ടറുകൾക്കുള്ള പണം കണ്ടെത്തിയത് എന്ന് ഷഹനാവാസ് പറയുന്നു. 160 സിലിണ്ടറുകളാണ് കാറ് വിറ്റ പണം കൊണ്ട് വാങ്ങിയതെന്നും ഇത് പ്രയാസപ്പെടുന്നവർക്ക് നൽകിയെന്നും ഷഹനവാസ് പറഞ്ഞു.

കഴിഞ്ഞ വർഷത്തിൽ നിന്നും തീർത്തും വ്യത്യസ്ഥമാണ് ഇപ്പോഴത്തെ അവസ്ഥ. മൂന്ന് മാസങ്ങൾക്ക് മുമ്പ് ജനുവരിയിൽ ഓക്സിജൻ ആവശ്യപ്പെട്ടുള്ള ഏതാണ്ട് 50 ഫോൺ കോളുകളാണ് ദിവസേന ഞങ്ങൾക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് അത് 500 മുതൽ 600 വരെയാണെന്നും ഷഹനവാസ് കൂട്ടിച്ചേർത്തു.

ഏതാണ്ട് 4000 പേരെ ഇതിനോടകം ഷഹനവാസ് നേതൃത്വം നൽകുന്ന സംഘം ഓക്സിജൻ നൽകി സഹായിച്ചിട്ടുണ്ട്. ഓക്സിജൻ സിലിണ്ടർ എങ്ങനെ ഉപയോഗിക്കണം എന്നും സംഘം വിശദീകരിച്ചു നൽകുന്നു. ഭൂരിഭാഗം രോഗികളും ഉപയോഗത്തിന് ശേഷം കാലിയായ സിലിണ്ടറുകൾ കൺട്രോൾ റൂമിൽ തിരിച്ച് അയക്കുകയും ചെയ്യുന്നതായി ഷഹനവാസ് പറയുന്നു.

ഷഹനവാസിനെ പോലെ പ്രതിസന്ധി ഘട്ടങ്ങളിൽ സഹായം ചെയ്യുന്ന ധാരാളം പേരുണ്ട്. പട്നയിലെ ഗൗരവ്‌ റായിയും അത്തരം ഒരാളാണ്. വീടുകളിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് നൽകി 950 ഓളം രോഗികളുടെ ജീവനാണ് ഇദ്ദേഹം രക്ഷിച്ചത്. സ്വന്തം വാഗ്ണർ കാറുപയോഗിച്ചാണ് വീട്ടുപടിക്കൽ ഇദ്ദേഹം ഓക്സിജൻ എത്തിക്കുന്നത്. രാവിലെ 5 മണിക്ക് തുടങ്ങുന്ന ഗൗരവ്‌ റായിയുടെ പ്രവർത്തനം അർദ്ധ രാത്രിയാണ് പലപ്പോഴും അവസാനിക്കാറ്. ഓരോ കോളനികളിലും എത്തി ക്വാറന്റൈനിലുള്ള രോഗികളുടെ വീട്ടിൽ ഇദ്ദേഹം സിലിണ്ടറുകൾ സ്ഥാപിച്ച് നൽകുന്നു. അദ്ദേഹത്തിന്റെ സേവനം പൂർണ്ണമായും സൗജന്യമായാണ്. ഒരു ദിവസം പോലും അവധി എടുക്കാതെ കഴിഞ്ഞ ഒരു വർഷമായി ഗൗരവ്‌ റായി ഇത് തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്, നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ്...

More Articles Like This