തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ എല്ലാ മേഖലയിലും രോഗവ്യാപനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയിലെ വിപത്തുകളെ കുറിച്ചുള്ള വാർത്തകൾ കേരളത്തിലും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. അങ്ങിനെ ഭയക്കേണ്ട സ്ഥിതി നിലവിൽ കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ, അഗ്നിപർവ്വതത്തിന് മുകളിലാണെന്നത് മറക്കണ്ട. ജാഗ്രത പുലർത്തലാണ് പ്രധാനം. അതിലൂടെ പ്രതിസന്ധിയെ മറികടക്കാം. ജനത്തെ പരിഭ്രാന്തരാക്കുന്ന വസ്തുതാവിരുദ്ധമായ സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇതിനെതിരെയും ജാഗ്രത വേണം. ഇത്തരം പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആരോഗ്യവകുപ്പിന്‍റെ വിവരങ്ങളെയും ആധികാരിക സംവിധാനങ്ങളെയും കൊവിഡിനെ പറ്റിയറിയാൻ ജനം ആശ്രയിക്കണം. ആദ്യ തരംഗത്തെ പിടിച്ചുനിർത്താൻ ഉപയോഗിച്ച അടിസ്ഥാന തത്വങ്ങളിലേക്ക് തിരികെ പോകണം. മാസ്ക് കൃത്യമായി ധരിക്കണം, കൈകൾ ശുദ്ധമാക്കണം, അകലം പാലിക്കണം, ഇതിൽ വീഴ്ച പാടില്ല. ആൾക്കൂട്ടം ഒഴിവാക്കണം. അടഞ്ഞ സ്ഥലങ്ങളിൽ കൂടാനും അടുത്ത് ഇടപഴകാനും പാടില്ല. ഇതൊക്കെ താരതമ്യേന മികച്ച രീതിയിൽ പാലിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മറ്റിടങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കേരളത്തിൽ കുറഞ്ഞതും മരണനിരക്ക് കുറഞ്ഞതും. സ്വയം നിയന്ത്രണത്തിൽ ചില വീഴ്ചകൾ ഇപ്പോൾ കാണുന്നുണ്ട്. പൊലീസ് ഇടപെട്ടില്ലെങ്കില്‍ തോന്നുന്നത് പോലെയാകാം എന്ന ധാരണയുള്ളവർ അത് തിരുത്തണം. നമുക്കും ചുറ്റുമുള്ളവർക്കും വേണ്ടി രോഗം പിടിപെടാൻ അനുവദിക്കില്ലെന്ന ദൃഢനിശ്ചയം വേണം. നാട് ഗുരുതരമായ സ്ഥിതിയിലേക്ക് എത്തിയേക്കാം. ജാഗ്രത പാലിക്കലാണ് ഇതൊഴിവാക്കാനുള്ള പ്രധാന മാർഗമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.