ഇനി ഇല്ല ‘ഫോ​ർ ര​ജി​സ്​​ട്രേ​ഷ​ൻ’; പുതിയ വാഹനങ്ങൾക്ക്​ ഷോറൂമിൽ നിന്നുത​ന്നെ നമ്പർ ​പ്ലേറ്റ്​

0
457

പുതിയ വാഹനങ്ങള്‍ക്ക് ഇനി ഷോറൂമില്‍ വെച്ചുതന്നെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കും. രജിസ്ട്രേഷനു മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കി. വാഹനങ്ങള്‍ ഷോറൂമില്‍നിന്ന് ഇറക്കുന്നതിനുമുമ്പേ സ്ഥിരം രജിസ്ട്രേഷന്‍ നല്‍കും. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കി മോട്ടോര്‍വാഹന വകുപ്പ് ഉത്തരവിറക്കി. വ്യാഴാഴ്ചമുതല്‍ നടപ്പാകും.

അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ ഡീലര്‍ക്ക് കനത്ത പിഴ ചുമത്തും. വാഹനത്തിന്റെ 10 വര്‍ഷത്തെ റോഡ് നികുതിക്കു തുല്യമായ തുകയാണ് പിഴ. ഷോറൂമുകളില്‍നിന്ന് ഓണ്‍ലൈനായാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്.

റോഡ് നികുതി, രജിസ്ട്രേഷന്‍ ഫീസ് എന്നിവ അടച്ചശേഷം ഇന്‍ഷുറന്‍സ് എടുക്കണം. ഫാന്‍സി നമ്പര്‍ വേണമെങ്കില്‍ താത്പര്യപത്രം അപ്ലോഡ് ചെയ്യണം. മറ്റ് അപേക്ഷകളില്‍ ഉടന്‍ സ്ഥിര രജിസ്ട്രേഷന്‍ അനുവദിക്കും. വൈകീട്ട് നാലിനുമുമ്പ് വരുന്ന അപേക്ഷകളില്‍ അന്നുതന്നെ നമ്പര്‍ അനുവദിക്കണം.

രജിസ്ട്രേഷന്‍ നമ്പര്‍ അപ്പോള്‍ത്തന്നെ ഡീലര്‍ക്ക് അറിയാനാകും. ഇതുപ്രകാരം അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് തയ്യാറാക്കി വാഹനത്തില്‍ ഘടിപ്പിക്കണം. ഇതിനുശേഷമേ വാഹനം ഉടമയ്ക്കു കൈമാറാവൂ. ഫാന്‍സിനമ്പര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ആറുമാസത്തെ കാലാവധിയോടെ താത്കാലിക രജിസ്ട്രേഷന്‍ അനുവദിക്കും. എന്നാല്‍, വാഹനം ഷോറൂമില്‍നിന്നു പുറത്തിറക്കാനാവില്ല.

ഓണ്‍ലൈന്‍ ലേലംവഴി നമ്പര്‍ എടുക്കുന്നതുവരെ ഷോറൂമില്‍ തുടരണം. ലേലത്തില്‍ പരാജയപ്പെട്ട് നമ്പര്‍ വേണ്ടെന്നുവെച്ചാല്‍ അക്കാര്യം മോട്ടോര്‍വാഹനവകുപ്പിനെ അറിയിക്കണം. നിലവിലുള്ള ശ്രേണിയില്‍നിന്ന് നമ്പര്‍ അനുവദിക്കും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉടമയ്ക്ക് തപാല്‍വഴി ലഭിക്കും.

താത്കാലിക രജിസ്ട്രേഷന്‍ ലഭിക്കുന്നവ

* ചേസിസ് മാത്രമായി വാങ്ങുന്ന വാഹനങ്ങള്‍. ഇവയ്ക്ക് ബോഡി നിര്‍മിക്കാന്‍ സാവകാശം ലഭിക്കും.

* ഇതരസംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാനുള്ള വാഹനങ്ങള്‍.

* ഫാന്‍സിനമ്പറിനായി അപേക്ഷിക്കുന്ന വാഹനങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here