Wednesday, May 12, 2021

ആദ്യ രണ്ട് മണിക്കൂറില്‍ 10 ശതമാനം പോളിങ്, ആറന്മുളയില്‍ വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ കനത്ത പോളിങ്. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 10.2% പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട്, കൊല്ലം ജില്ലകളിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് കൃത്യം ഏഴുമണിയോടെയാണ് പോളിങ് ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രമുഖരായ പല നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറന്മുള വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്.

ഇ.ചന്ദ്രശേഖരന്‍,ഇ.പി.ജയരാജന്‍, സി.രവീന്ദ്രനാഥ്‌, കടകംപിള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ കാനാട്ടുപാറ ഗവ.പോളിടെക്‌നിക്കിലും കല്‍പ്പറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ശ്രേയാംസ്‌കുമാര്‍ എസ്‌കെഎംജെ സ്‌കൂളിലും കെ.ബാബു തൃപ്പൂണിത്തുറയിലും വോട്ട് രേഖപ്പെടുത്തി.

കോവിഡ് പശ്ചാത്തലത്തില്‍ സജ്ജീകരിച്ച 40,771 ബൂത്തുകളിലും രാവിലെ ആറുമണിയോടെ മോക് പോളിങ് ആരംഭിച്ചിരുന്നു. സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലായിരുന്നു മോക് പോളിങ്. മോക് പോളിങ്ങില്‍ പത്തില്‍താഴെ ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ 107-ാം നമ്പര്‍ ബൂത്ത്, കാസര്‍കോട് കോളിയടുക്കം ഗവ.യുപി സ്‌കൂളിലെ 33-ാം നമ്പര്‍ ബൂത്ത്, കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത്, മലപ്പുറം പാണക്കാട് സികെഎംഎല്‍ എല്‍പി സ്‌കൂളില്‍ 95-ാം ബൂത്ത് എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തി. വിവിപാറ്റ് മെഷീനാണ് തകരാറിലായത്. തൃപ്പൂണിത്തുറ പാലസ് സ്‌കൂളില്‍ വൈദ്യുതി തടസ്സം മൂലം മോക് പോളിങ് പോളിങ് വൈകി.

നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്. കോവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും. വൈകുന്നേരം ഏഴുവരെ തുടരും. 957 സ്ഥാനാര്‍ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.

സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രശ്‌നബാധിത കേന്ദ്രങ്ങളില്‍ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും. ഒന്നിലധികം വോട്ടുചെയ്യുന്നതും ആള്‍മാറാട്ടവും തടയാന്‍ പ്രത്യേക നടപടികളും സ്വീകരിക്കും. കോവിഡ് പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കും. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വൈകുന്നേരം അവസാന മണിക്കൂറില്‍ വോട്ടുചെയ്യാന്‍ പ്രത്യേക സജ്ജീകരണമുണ്ട്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

റംസാന്‍ മുപ്പത്; അവസാന വ്രതമെടുത്ത് വിശ്വാസികള്‍, നാളെ പെരുന്നാള്‍, ഇന്ന് മാംസ വില്‍പ്പനശാലകള്‍ക്ക് ലോക്ക്ഡൗണില്‍ ഇളവ്

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയാണെന്ന അറിയിപ്പുവന്നതോടെ ഇത്തവണത്തെ അവസാനത്തെ വ്രതം അനുഷ്ഠിക്കുകയാണ് വിശ്വാസികള്‍. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ മെയ് 13...

More Articles Like This