അവശ്യ സാധനങ്ങള്‍ വാങ്ങാം, നോമ്പ് സമയത്ത് ഇളവ്; രാത്രിയാത്ര കാരണം ബോധ്യപ്പെടുത്തി മാത്രം

0
433

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിൽ ഇന്നു മുതൽ രാത്രികാല കർഫ്യൂ. ജനങ്ങൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കിയുള്ള നിയന്ത്രണം രാത്രി 9 മുതൽ പുലർച്ചെ 5 വരെയായിരിക്കും. മരുന്ന്, പാല്‍ എന്നിങ്ങനെ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങൾക്കു പോകാമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. നോമ്പ് സമയത്ത് ഇളവ് നല്‍കും. രാത്രി നിരോധന സമയം കടന്നുള്ള ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണം. കാറില്‍ ഒരാൾ മാത്രമാണെങ്കിലും മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്നും ഡിജിപി പറഞ്ഞു.

പൊതു–ചരക്കു ഗതാഗതത്തിനും അവശ്യ സേവനങ്ങൾക്കും തടസ്സമുണ്ടാവില്ല. അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വരുന്നവർ അക്കാര്യം ബോധ്യപ്പെടുത്തണം. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നുവോ എന്ന് ഇന്നും നാളെയും സംസ്ഥാനത്ത് കര്‍ശന പരിശോധനയും നടപടിയും ഉണ്ടാവും. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്ക് പിഴ കൂടാതെ സ്ഥാപനങ്ങള്‍ രണ്ടു ദിവസം അടച്ചിടേണ്ടി വരും. രാത്രികാലങ്ങളിലെ ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കാനാണ് രാത്രി ഒന്‍പതുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയുള്ള രാത്രി കര്‍ഫ്യൂ.

പെട്രോള്‍ പമ്പുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പാല്‍വിതരണക്കാര്‍ എന്നിവര്‍ക്ക് മാത്രമേ ഇളവുണ്ടാവൂ. ഓട്ടോറിക്ഷകളോ ടാക്സികളോ രാത്രി ഒന്‍പതു മണിക്ക് ശേഷം അവശ്യസേവനങ്ങള്‍ക്ക് മാത്രമേ അനുവദിക്കൂ. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടാന്‍ അനുവദിക്കില്ല. ആരാധനാലയങ്ങളിലെ സാന്നിധ്യം ജീവനക്കാരും ചടങ്ങുകള്‍ നടത്തേണ്ടവരും മാത്രമായി ചുരുക്കണം. പൊതുചടങ്ങുകള്‍ ഓണ്‍ലൈന്‍ വഴി സംപ്രേഷണം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

പലചരക്ക് കടകളും ഹോട്ടലുകളും രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കാം. ഒന്‍പതിനു ശേഷം പാഴ്സലുകളും നല്‍കാനാവില്ല. മാളുകളും സിനിമ തിയറ്ററുകളും ഏഴരയ്ക്കുള്ളില്‍ അടയ്ക്കണം. സ്വകാര്യ ട്യൂഷനുകൾ ഇന്നു മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമേ അനുവദിക്കൂ. എല്ലാ പരീക്ഷകളും അഭിമുഖങ്ങളും രണ്ടാഴ്ചത്തേക്കു മാറ്റി വയ്ക്കാന്‍ പിഎസ്‌സിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതോടെ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മൂന്നു ലക്ഷം പേര്‍ക്ക് ആരോഗ്യവകുപ്പ് കൂട്ടപരിശോധന നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here