അന്തരിച്ച സിപിഐഎം നേതാവ് കുഞ്ഞനന്തന്റെ പേരും വോട്ടര്‍പട്ടികയില്‍; ജീവിച്ചിരിപ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

0
193

അന്തരിച്ച സിപിഐഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേരും വോട്ടര്‍പട്ടികയില്‍. കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് തെളിഞ്ഞതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി.

കൂത്തുപറമ്പ് മണ്ഡലത്തിലെ 75 ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് വിവരം പുറത്ത് വന്നത്. 2020 ജൂണിലാണ് അദ്ദേഹം മരണപ്പെടുന്നത്. എന്നാല്‍ ഫീല്‍ഡ് വെരിഫിക്കേഷനില്‍ ഈ പേരില്‍ വോട്ടര്‍ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് മനസിലായകെന്നും പരാതി തള്ളുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിച്ചു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ 13 ാം പ്രതിയായിരുന്നു കുഞ്ഞനന്തന്‍. കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച കുഞ്ഞനന്തന്‍ 2020 ജൂണില്‍ ഉദര രോഗ ചികിത്സയില്‍ ഇരിക്കെ മരണപ്പെടുകയായിരുന്നു. ചികിത്സാര്‍ത്ഥം മൂന്നുമാസത്തെ ജാമ്യത്തിലിറങ്ങിയപ്പോഴാണ് മരിച്ചത്.

കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാല് ലക്ഷത്തി മൂപ്പത്തിനാലായിരം (4,34,000) ഇരട്ടവോട്ടര്‍മാരുടെ പട്ടികയുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു.
www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാണ് പട്ടിക പുറത്തുവിട്ടത്. നാദാപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ ഇരട്ടവോട്ടുള്ളത്. 6171 ഇരട്ട വോട്ടുകളാണ് നാദാപുരത്തെന്ന് പട്ടിക വ്യക്തമാക്കുന്നു.

ഒരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐഡിയിലും ചേര്‍ത്ത വോട്ട് വിവരങ്ങളാണ് വെബ്സൈറ്റിലൂടെ പുറത്തിവിട്ടത്. നിയോജകമണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐഡി നമ്പര്‍, അതേ വ്യക്തിക്ക് മറ്റ് ബൂത്തുകളിലുള്ള വോട്ടിന്റെ ഐഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളിലുള്ള വോട്ടിന്റെ ഐ ഡി നമ്പര്‍, വിലാസം എന്നിവയുടെ പട്ടികയാണ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here