വൈറലാകാന്‍ സിംഹക്കുട്ടിയെ മയക്കി കിടത്തി വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; ഒടുവില്‍ വെട്ടിലായി ദമ്പതികള്‍

0
249

വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ നമുക്ക് പുതുമയുള്ള കാര്യമല്ല. പല തീമിലുള്ള വെഡ്ഡിംഗ് ഫോട്ടേഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അതുകൊണ്ട് തന്നെ പ്രീ വെഡിങ്, വെഡിങ്, പോസ്റ്റ് വെഡിങ് എന്നിങ്ങനെ പോകുന്ന വിവാഹത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടുകൾ വ്യത്യസ്തമാക്കാൻ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ വെറുതെ ഒരു പുതുമയ്ക്ക് വേണ്ടി ചെയ്ത് വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന്‍റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് പാകിസ്താനിലെ ലാഹോറില്‍ നിന്നുള്ള ദമ്പതികള്‍.

വിവാഹ ഫോട്ടോകള്‍ എങ്ങനെ കൂടുതല്‍ ആകര്‍ഷകമാക്കം എന്ന് ആലോചിച്ചപ്പോഴാണ് പരിപാടി ഏറ്റെടുത്ത അഫ്സല്‍ സ്റ്റുഡിയോ തന്നെ ഒരു ആശയം മുന്നോട്ടു വെച്ചത്. ‘ഫോട്ടോകളില്‍ ഒരു സിംഹക്കുട്ടിയെ കൂടി ഉള്‍പ്പെടുത്തുക’. സ്റ്റുഡിയോ തന്നെ സിംഹക്കുട്ടിയെയും ഏര്‍പ്പാടാക്കി. സിംഹം ആക്രമിക്കാതിരിക്കാന്‍ മയക്കി കിടത്തിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. പ്രതീക്ഷ തെറ്റിയില്ല. ഫോട്ടോകളെല്ലാം തന്നെ വിചാരിച്ചതിനേക്കാള്‍ വൈറലായി. എന്നാല്‍ അപ്പോഴാണ് യഥാര്‍ഥ പ്രശ്നം ആരംഭിച്ചത്. ഒരു വന്യജീവിയെ ഇത്തരത്തില്‍ മയക്കി കിടത്തി ഫോട്ടോയെടുത്തത് വന്‍വിമര്‍ശനങ്ങള്‍ക്കിടയാക്കി.

സിംഹത്തിന്‍റെ ആരോഗ്യത്തെപ്പറ്റി ആശങ്ക പ്രകടിപ്പിച്ച് വന്യജീവി സംരക്ഷണ പ്രവർത്തകരിൽ‌ നിന്നും ജനങ്ങളിൽ നിന്നും പ്രതിഷേധമുയർന്നതോടെ സ്റ്റുഡിയോ നടത്തിപ്പുകാര്‍ പെട്ടു. പാകിസ്ഥാനിൽ വന്യജീവികളെ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന നോൺ-പ്രോഫിറ്റ് സംഘടനയായ ‘സേവ് ദി വൈൽഡ്’ ഫോട്ടോഷൂട്ടിന്‍റെ ഒരു ചെറിയ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. ഇതോടെ സംഗതി സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തു.

#SherdiRani (സിംഹ രാജ്ഞി) എന്ന ഹാഷ്ടാഗില്‍‌ വിവാഹചിത്രങ്ങള്‍ സ്റ്റുഡിയോ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ അക്കൌണ്ടില്‍ നിന്നും ഈ ചിത്രങ്ങള്‍ നീക്കി. ഇൻസ്റ്റാഗ്രാമിൽ 1,20,000 ഫോളോവേഴ്‌സുണ്ട് അഫ്സല്‍ സ്റ്റുഡിയോയ്ക്ക്. ജെ‌.എഫ്.‌കെ (അനിമൽ റെസ്ക്യൂ ആന്‍റ് ഷെൽട്ടർ) എന്ന സംഘടന സ്റ്റുഡിയോക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here