വെള്ളിനിലാ നാട്ടിലെ, പൗർണ്ണമി തൻ വീട്ടിലെ; പൊന്നുരുകും പാട്ടുകൊണ്ട് കുഞ്ഞ് ഇസയെ താലോലിച്ച് ഉറക്കി ഹോംഗാർഡ്; ചേച്ചിയുടെ വിയോഗവും അമ്മയുടെ പരിക്കും അറിയാതെ നൊമ്പരമായി പിഞ്ചുകുഞ്ഞ്

0
185

രാമപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തന്റെ ഉറ്റവർ ആശുപത്രിയിലാണെന്ന് അറിയാതെ സുരേഷ് എന്ന ഹോംഗാർഡിന്റെ താലോലത്തിൽ മയങ്ങുന്ന കുഞ്ഞ് ഇസയുടെ വീഡിയോ നാടിന്റെ തന്നെ കണ്ണീരാകുന്നു. ഏഴുമാസം പ്രായം മാത്രമുള്ള ഇസയെ വാഹനാപകടത്തിൽ നിന്നും രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചതാണ്. കാര്യമായ പരിക്കുകളില്ലാതെ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു ഈ കുഞ്ഞ്. അപകടവിവരം അറിഞ്ഞ് ബന്ധുക്കളാരും എത്താത്തതിനാൽ ആ രാത്രി ഇസക്കുട്ടിക്ക് സുരേഷ് എന്ന ഹോം ഗാർഡ് സുരക്ഷ നൽകുന്ന മാലാഖ ആവുകയായിരുന്നു.

കായംകുളം പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് കെഎസ് സുരേഷാണ് ഇസ കുട്ടിയെ പാടി ഉറക്കുന്ന മുത്തച്ഛനായി മാറിയത്. അമ്മയും മുത്തശ്ശിയും ആശുപത്രിക്കിടക്കയിലാണെന്നും ഒന്നരവയസ്സുകാരി ചേച്ചി സൈറ മരിച്ചതുമൊന്നും മനസിലാകാനുള്ള പ്രായം ഇസയ്ക്ക് ആയിട്ടില്ല. ഹോം ഗാർഡ് സുരേഷിന്റെ കൈകളിൽ കിടന്ന് കുഞ്ഞ് സുരക്ഷിതമായി ഉറങ്ങുന്ന വീഡിയോ കേരള പോലീസ് ഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇസ സുരേഷിന്റെ തോളിൽ ചേർന്നുകിടന്നുറങ്ങുന്ന വീഡിയോ കണ്ണുനനയാതെ കണ്ടുതീർക്കാനാവില്ല.

കഴിഞ്ഞദിവസം ദേശീയപാതയിൽ രാമപുരത്തുണ്ടായ വാഹനാപകടത്തിൽ ഇസയുടെ അമ്മയ്ക്കും ബന്ധുക്കൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ അടിയന്തര ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതോടെയാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഏഴു മാസം പ്രായമുള്ള ഇസയുടെ സംരക്ഷണം ബന്ധുക്കൾ എത്തുന്നത് വരെ സുരേഷ് ഏറ്റെടുത്തത്.

നിർത്താതെ കരയുന്ന കുഞ്ഞിനെ ആശുപത്രി വളപ്പിൽ ചുറ്റിനടന്ന് കരച്ചിൽ മാറ്റിയും പതിയെ അവളെ പാടിയുറക്കുകയായിരുന്നു സുരേഷ്. ഈ സമയം ആശുപത്രിയിൽ ഉണ്ടായിരുന്ന സന്നദ്ധ പ്രവർത്തകനായ അനസ് മൊബൈലിൽ ദൃശ്യം പകർത്തിയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. സംഭവം വൈറലാവുകയും ചെയ്തു. കുഞ്ഞിന്റെ അവസ്ഥ മനസ്സിലാക്കി തന്റെ ഉള്ളിൽനിന്നുണ്ടായ സ്‌നേഹം പകർന്നു നൽകുക മാത്രമാണ് ചെയ്തതെന്നു സുരേഷ് പറയുന്നു. കുട്ടിക്കു കൊടുക്കുന്നതിനു പോലീസുകാരാണ് കുപ്പി വാങ്ങി പാൽ നിറച്ചു നൽകിയത്. ആവശ്യമായ ഡയപ്പറും പോലീസുകാർ തന്നെ എത്തിച്ചെന്നും സുരേഷ് പറയുന്നു. പുലർച്ചേ ബന്ധുക്കൾ എത്തിയപ്പോഴാണ് ഇസയെ സുരേഷ് കൈയ്യിൽ നിന്നും താഴെ വെയ്ക്കുന്നത് തന്നെ.

issa and suresh_

കറ്റാനം കട്ടച്ചിറ അജയഭവനത്തിൽ സുരേഷ് നാലുവർഷം മുൻപാണ് ഹോംഗാർഡായി സേവനത്തിന് എത്തിയത്. തിരുച്ചിറപ്പള്ളി ചിറയ്ക്കൽ വീട്ടിൽ ഡെന്നി വർഗീസിന്റെ മകളാണ് ഇസ. അപകടത്തിൽ ഇസയുടെ സഹോദരി ഒന്നര വയസ്സുകാരി സൈറ മരിച്ചിരുന്നു. അമ്മ മിന്ന (28) അടക്കമുള്ളവർക്കു സാരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇസ, മിന്ന, മിന്നയുടെ അമ്മ ആനി (55) എന്നിവരെ കായംകുളം ഗവ.ആശുപത്രിയിലും മിന്നയുടെ സഹോദരൻ മിഥുനെ ആലപ്പുഴ മെഡിക്കൽ കോളജിലേക്കുമാണു കൊണ്ടുപോയത്. പിന്നീട് മിന്നയെയും ആനിയെയും അടിയന്തര ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here