വില കുത്തനെ ഉയര്‍ന്നപ്പോള്‍ ഇന്ധന ഉപഭോഗം കുറഞ്ഞതായി റിപ്പോര്‍ട്ട്

0
439

ദില്ലി: രാജ്യത്തെ ഇന്ധന ഉപഭോഗം ഫെബ്രുവരിയില്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് രേഖപ്പെടുത്തിയത്. വിലക്കയറ്റമാണ് ഉപഭോഗം കുറയാന്‍ കാരണമെന്നാണ് നിഗമനം.

ഫെബ്രുവരിയില്‍ 17.21 ദശലക്ഷം ടണ്‍ ഇന്ധനമാണ് ഫെബ്രുവരിയിലെ ഉപഭോഗം. 4.9 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. പെട്രോളും ഡീസലും ഉപഭോഗം കുറഞ്ഞുവെന്ന് പെട്രോളിയം ആന്റ് നാചുറല്‍ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ റിപ്പോര്‍ട്ട് പറയുന്നു.

ഡീസലിന്റെ ഉപഭോഗം 8.55 ശതമാനം കുറഞ്ഞു. 6.55 ദശലക്ഷം ടണ്‍ ഡീസലാണ് വിറ്റഴിക്കപ്പെട്ടത്. 2.4 ദശലക്ഷം ടണ്‍ പെട്രോളും വിറ്റു. പെട്രോളിന്റെ വില്‍പ്പന 6.5 ശതമാനം കുറഞ്ഞു. നാഫ്തയുടെ വില്‍പ്പനയില്‍ മാറ്റമുണ്ടായില്ല. റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിന്റെ വില്‍പ്പന 11 ശതമാനം കുറഞ്ഞു. എല്‍പിജി വില്‍പ്പന ഫെബ്രുവരിയില്‍ 7.6 ശതമാനം ഉയരുകയും ചെയ്തു.

കഴിഞ്ഞ മാസം വലിയ വര്‍ധനയാണ് ഇന്ധനവിലയില്‍ ഉണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതോടെ ഉടനെയൊന്നും വില കുറഞ്ഞേക്കില്ല. ക്രൂഡ് ഓയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഒപെക് രാജ്യങ്ങള്‍ തള്ളിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here