പൊന്നാനിയിലെ സ്ഥാനാര്‍ഥി നിര്‍ണയം; സിപിഎം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി, വന്‍ പ്രതിഷേധം

0
153

പൊന്നാനി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനി സിപിഎമ്മിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്. പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതിന് എതിരെയാണ് പ്രതിഷേധം. ടി.എം.സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പാർട്ടി കൊടികളും ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നത്. ചന്തപ്പടിയിൽ നിന്ന് ആരംഭിച്ച മാർച്ച് ചമ്രവട്ടത്തേക്ക് എത്തിയപ്പോളേയ്ക്കും നൂറു കണക്കിന് ആളുകളാണ് അണി ചേർന്നത്.

നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനം തിരുത്തുമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രകടനം. രണ്ടു തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തണമെന്ന മാനദണ്ഡം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്പീക്കറും സിറ്റിങ് എംഎല്‍എയുമായ പി.ശ്രീരാമകൃഷ്ണനെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്.

പൊന്നാനി മുന്‍ ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.എം.സിദ്ദീഖ് മത്സരിക്കുമെന്ന ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീടാണ് സിഐടിയു ദേശീയ സെക്രട്ടറി പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സമിതിയാണ് നന്ദകുമാറിന്റെ പേര് നിര്‍ദേശിച്ചത്. ഇതിനെതിരെ ജില്ലാ സെക്രട്ടറിയേറ്റില്‍ എതിരഭിപ്രായം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സമിതി തീരുമാനം അംഗീകരിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇത്തവണ ആദ്യമായിട്ടാണ് ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി ഇത്രയും വലിയ പ്രതിഷേധം നടക്കുന്നത്. ടി.എം.സിദ്ദീഖ് രണ്ടു തവണ ശ്രീരാമകൃഷ്ണന് വേണ്ടി മാറി നിന്നതാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here